കൊച്ചി: അമ്മായിയമ്മയും ഭര്‍ത്താവിന്റെ സഹോദരിയും ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവതി നല്‍കിയ കേസ് ഹൈക്കോടതി റദ്ദാക്കി. ഐ.പി.സി. സെക്ഷന്‍ 498 എ, 354 എ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 354 എ പ്രകാരം സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം നടത്തുന്ന ‘ഏതൊരു വ്യക്തി’ എന്നല്ല ‘ഏതെങ്കിലും പുരുഷന്‍’ എന്നാണ് പറഞ്ഞിരിക്കുന്നതെന്നും ജസ്റ്റിസ് എ. ബദ്ദറുദ്ദീന്‍ പറഞ്ഞു.
സ്ത്രീകളായതിനാല്‍ പരാതിക്കാരികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമ കേസ് നിലനില്‍ക്കില്ലെന്നും 498 എ വകുപ്പ് പലപ്പോഴും ദുരുപയോഗം ചെയ്യുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് എതിര്‍കക്ഷികള്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ ഒന്നാം പ്രതി ഭര്‍ത്താവും രണ്ടാം പ്രതി ഭര്‍ത്താവിന്റെ പിതാവുമാണ്. കേസില്‍ മൂന്നും നാലും പ്രതികളാണ് ഭര്‍ത്താവിന്റെ അമ്മയും സഹോദരിയും.സ്വന്തം സമുദായമല്ലാത്തതിനാല്‍ കൂടുതല്‍ പണവും ഫ്ളാറ്റും വേണമെന്നാവശ്യപ്പെട്ട് ഭര്‍തൃമാതാവും സഹോദരിയും മര്‍ദ്ദിച്ചെന്നും മുറിയില്‍ പൂട്ടിയിട്ട് പട്ടിണിക്കിട്ടെന്നുമായിരുന്നു യുവതിയുടെ പരാതി.
















