മറൈൻ ഡ്രൈവിലും പരിസര പ്രദേശങ്ങളിലും പൊലീസിന്റെ പരിശോധന. ഇതിന്റെ ദൃശ്യങ്ങള്‍ കേരളാ പൊലീസ് തന്നെയാണ് പങ്കുവച്ചിരിക്കുന്നത്. മറൈൻ ഡ്രൈവിലും സുഭാഷ് പാർക്കിന് സമീപവും ജോഡാകളായി സമയം ചെലവഴിക്കാൻ എത്തിയ വിദ്യാർത്ഥികളോടും യുവതീ-യുവാക്കളോടും വിവരങ്ങള്‍ ആരാഞ്ഞതിന് ശേഷമാണ് പൊലീസ് മടങ്ങിയത്. എന്നാല്‍ വീഡിയോ പുറത്തുവന്നതോടെ സോഷ്യല്‍മീഡിയയില്‍ രണ്ട് തരത്തിലുള്ള അഭിപ്രായങ്ങള്‍ ഉയരുകയാണ്.
സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിതെന്നാണ് ഒരു കൂട്ടരുടെ വിമർശനം. കേരളാ പൊലീസ് സദാചാരം കളിക്കുകയാണെന്നും കേരളാ പൊലീസ് ഒളിഞ്ഞുനോട്ടം തുടങ്ങിയോയെന്നും ചിലർ കുറ്റപ്പെടുത്തി. പാർക്കില്‍ വന്നിരിക്കുന്നവരുടെ പേരും മറ്റ് വിവരങ്ങളും ചോദിക്കേണ്ടതിന്റെ ആവശ്യമെന്താണെന്നും പൊതുസ്ഥലത്ത് എവിടെയും സമയം ചെലവഴിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നിരിക്കെ പൊലീസ് ഇടയില്‍ കയറുന്നത് എന്തിനാണെന്നും സോഷ്യല്‍ മീഡിയയില്‍ പ്രതികരണങ്ങളയുർന്നു.
എന്നാല്‍ പൊലീസ് നടപടിയെ അഭിനന്ദിച്ചും പിന്തുണച്ചുമാണ് മറ്റൊരു വിഭാഗമെത്തിയത്. എല്ലായിടത്തും പൊലീസിന്റെ പട്രോളിംഗ് ഇത്തരത്തില്‍ വേണമെന്നും ചിലർ ആവശ്യപ്പെട്ടു. സ്കൂള്‍ പരിസരം, ബസ് സ്റ്റാന്റുകള്‍, പാർക്കുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പൊലീസിന്റെ പരിശോധന തുടർച്ചയായി ഉണ്ടാകണമെന്നും ലഹരിമാഫിയകളുടെ ചതിക്കുഴികളില്‍ നിന്നടക്കം വിദ്യാർത്ഥികളെ രക്ഷപ്പെടുത്താൻ പൊലീസിന്റെ ഇത്തരം ഇടപെടലുകള്‍ക്ക് സാധിക്കുമെന്നും സോഷ്യല്‍മീഡിയയില്‍ പ്രതികരണങ്ങള്‍ ഉയരുന്നുണ്ട്.
പൊതുസ്ഥലങ്ങളില്‍ മാന്യമായി പെരുമാറാൻ യുവതീ-യുവാക്കളെ പ്രേരിപ്പിക്കുന്നതിനും പൊലീസ് നിരീക്ഷണം സഹായകമാകുമെന്നും ചിലർ അഭിപ്രായപ്പെട്ടു. പരിസരം മറന്നുള്ള പ്രവർത്തനങ്ങള്‍ക്ക് നിയന്ത്രണം വരുത്താനും പൊതുയിടങ്ങള്‍ എന്തും ചെയ്യാനുള്ള സ്ഥലമല്ലെന്ന് ബോധ്യപ്പെടുത്താനും പൊലീസ് നിരീക്ഷണം നല്ലതാണെന്നാണ് പ്രതികരണം. ഇരുവശവും ശക്തമായ വാദമുഖങ്ങൾ ഉയർത്തി ചർച്ചകൾ കൊഴുപ്പിക്കുകയാണ്.

















