പൊന്നാനിയില്‍ കല്ലുമ്മക്കായ കൃഷി നടത്തി വിജയകരമാക്കിയിരിക്കുകയാണ് കർഷകർ. ഉപ്പുവെള്ളത്തില്‍ ചെയ്യാവുന്ന ഈ കൃഷി രീതി പൊന്നാനി ഹാർബറിന് സമീപം കർമ്മ പാലത്തിന്റെ അടിയിലാണ് പരീക്ഷിച്ചത്. പ്രധാനമന്ത്രി മത്സ്യസമൃദ്ധി യോജന പ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത് . ഏകദേശം 20,000 രൂപ ചെലവ് വരുന്ന കല്ലുമ്മക്കായ കൃഷിക്ക് 40ശതമാനം സബ്സിഡി നിരക്കില്‍ 8,000 രൂപ കർഷകർക്ക് ലഭിക്കുന്നു.
ഓണ്‍ ബോട്ടം കള്‍ച്ചർ രീതിയിലാണ് കൃഷി നടത്തിയത് . സാധാരണ റോപ്പ് കള്‍ച്ചർ രീതിയില്‍ കയറില്‍ കെട്ടിയാണ് കൃഷി നടത്താറുള്ളത്. എന്നാല്‍ ഇവിടെ മണ്ണില്‍ തുണി വിരിച്ചായിരുന്നു കല്ലുമ്മക്കായ കൃഷി. മോഷണം പോകാതിരിക്കാനാണ് ഈ രീതി കർഷകർ അവലംബിച്ചത്.പൊന്നാനി ഹാർബറില്‍ മൂന്നു പേർ ചേർന്ന് മൂന്നു യൂണിറ്റായാണ് കൃഷി നടത്തിയത് .
കല്ലുമ്മകായ കൃഷിയില്‍ ഏറ്റവും വലിയ ലാഭം ഇവയ്ക്ക് ഭക്ഷണം നല്‍കേണ്ട എന്നതാണ്. വെള്ളത്തില്‍ നിന്ന് ലഭിക്കുന്ന ചെറിയ സൂക്ഷ്മ ജീവികളെ അരിച്ചെടുത്ത് ഭക്ഷിക്കുന്ന ജീവികളായതിനാല്‍ കല്ലുമ്മകായ കൃഷിയില്‍ തീറ്റ നല്‍കേണ്ട ആവശ്യമോ ചെലവോ കർഷകന് വരുന്നില്ല. ആകെ വരുന്ന ചെലവ് ഒരു വഞ്ചിയും ഒരു പ്രദേശം കെട്ടിയുണ്ടാക്കാനുള്ള മുളയുമാണ്. കുറഞ്ഞ മുതല്‍ മുടക്കില്‍ മികച്ച ലാഭം നേടാവുന്ന മേഖലയിലേക്ക് കൂടുതല്‍ ആളുകള്‍ നിലവില്‍ ജില്ലയില്‍ വരുന്നുണ്ട്.
കയറില്‍ കെട്ടുന്ന രീതിയിലാണ് കൃഷിയെങ്കില്‍ തുണിയില്‍ പൊതിഞ്ഞു കയറില്‍ കെട്ടിയിടുന്ന രീതിയിലും കൃഷി നടത്താറുണ്ട്. അപ്പോഴും കാര്യമായ് ചെലവില്ല. പൊന്നാനിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ ബോട്ടം കള്‍ച്ചർ കൃഷി രീതിയില്‍ വലിയൊരു ലാഭം നേടാൻ കർഷകർക്കായി. ഒരാള്‍ക്ക് ഏകദേശം അഞ്ചു യൂണിറ്റ് വരെ തുടങ്ങാൻ സബ്സിഡി ലഭിക്കും.ഗ്രൂപ്പ് ഫാമിംഗ് ആണെങ്കില്‍ 50 യൂണിറ്റ് വരെ തുടങ്ങാൻ സബ്സിഡി ലഭിക്കും.
ഫിഷറീസ് മലപ്പുറത്തിന് കീഴില്‍ പി. എം. എം.എസ്. വൈ. പദ്ധതിയുടെ കീഴിലാണ് ഈ കൃഷി നടത്തിയത്. പൊന്നാനി സ്വദേശികളായ ഉമ്മർഫറൂഖ്, ഫൈസല്‍., മുഹമ്മദ് ഫ്ളനൂലുല്‍ ആബിദ് എന്നിവരാണ് കൃഷി നടത്തിയത് , ഏകദേശം 2,000 കിലോഗ്രാമോളം കല്ലുമ്മക്കായ് ഇവർ വിളവെടുത്തുവെന്ന് ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ. എൻ. വി. കൃപ പറഞ്ഞു








