പാകിസ്താൻ്റെ ഒളിമ്ബിക് സ്വർണ്ണ മെഡല്‍ ജേതാവ് അർഷാദ് നദീം വിവാദത്തില്‍. അമേരിക്ക തീവ്രവാദിയായി പ്രഖ്യാപിച്ച ഒരു വ്യക്തിയുമായി അർഷാദ് നദീം സംസാരിക്കുന്ന വീഡിയോ പുറത്തുവന്നു. വീഡിയോ നിമിഷങ്ങള്‍ക്കകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും വലിയ ചർച്ചകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു. പാരീസ് പ്രകടനത്തിന് ആഗോള പ്രശംസ നേടിയതിന് പിന്നാലെയാണ് അർഷാദ് നദീം വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.

ഭീകരനായി മുദ്രകുത്തപ്പെട്ട മുഹമ്മദ് ഹാരിസ് ധറുമായി നദീം സംസാരിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. നിരോധിത ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ (എല്‍ഇടി) രാഷ്ട്രീയ മുന്നണിയായ മിലി മുസ്ലീം ലീഗിൻ്റെ (എംഎംഎല്‍) ജോയിൻ്റ് സെക്രട്ടറിയാണ് ധർ. പാരീസ് ഒളിമ്ബിക്സിന് ശേഷം അർഷാദ് നദീം പാകിസ്താനില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നടന്നതെന്ന് ഒരു വിഭാഗം സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ആരോപിച്ചു. എന്നാല്‍, ഇക്കാര്യത്തില്‍ വ്യക്തതയില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
https://twitter.com/nabilajamal_/status/1823295817731485951?t=JZpoPwQooyzdX-kImIuhpg&s=19

ഇന്ത്യയെ നടുക്കിയ 2008ലെ മുംബൈ ഭീകരാക്രമണത്തിൻ്റെ സൂത്രധാരൻ ഹാഫിസ് സയീദ് രൂപീകരിച്ച സംഘടനയാണ് എംഎംഎല്‍. 2018ല്‍ യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെൻ്റ് ഏഴ് പേരെ ആഗോള തീവ്രവാദികളായി പ്രഖ്യാപിച്ചിരുന്നു. എംഎംഎല്‍ പ്രസിഡൻ്റ് സൈഫുള്ള ഖാലിദ്, മുസമ്മില്‍ ഇഖ്ബാല്‍ സാഷിമി, ഹാരിസ് ധർ, തബിഷ് ഖയൂം, ഫയാസ് അഹമ്മദ്, ഫൈസല്‍ നദീം, മുഹമ്മദ് എഹ്‌സാൻ എന്നിവരെയാണ് യുഎസ് ആഗോള ഭീകരരായി പ്രഖ്യാപിച്ചത്. ഇവർ ലഷ്‌കർ ഇ തൊയ്ബയ്ക്ക് വേണ്ടി പ്രവർത്തിച്ചതായാണ് കണ്ടെത്തല്‍.

അതേസമയം, ഒളിമ്ബിക്സില്‍ സ്വർണ മെഡല്‍ നേടുന്ന ആദ്യ പാക്കിസ്താനിയാണ് അർഷാദ് നദീം. നീണ്ട 32 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് ഒളിമ്ബിക്സില്‍ അർഷാദ് നദീമിലൂടെ പാകിസ്താൻ സ്വർണം നേടുന്നത്. പുരുഷന്മാരുടെ ജാവലിൻ ത്രോ മത്സരത്തിലായിരുന്നു നേട്ടം. 27-കാരനായ നദീം 92.97 മീറ്റർ ദൂരം കുറിച്ചാണ് ഒന്നാമനായത്. ഇന്ത്യയുടെ നീരജ് ചോപ്രയായിരുന്നു (89.45 മീറ്റർ) വെള്ളി മെഡല്‍ ജേതാവ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക