ബംഗളുരു: വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം നവദമ്ബതികള്‍ക്ക് ദാരുണാന്ത്യം. ഭാര്യയെ യുവാവ് കുത്തിക്കൊല്ലുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഭർത്താവും പിന്നാലെ മരിച്ചു. കർണാടകയിലെ കോലാർ ജില്ലയില്‍ കെ.ജി.എഫിലെ ചംബരസനഹള്ളി ഗ്രാമത്തില്‍ ഇന്നലെയാണ് സംഭവം.
19കാരിയായ ലിഖിതയും 27കാരനായ നവീനുമാണ് മരിച്ചത്. ആന്ധ്രയിലെ ബൈനാപള്ളി സ്വദേശിയായ ലിഖിതയും ചംബരസനഹള്ളിയില്‍ നിന്നുള്ള നവീനും ദീർഘകാലമായി പ്രണയത്തിലായിരുന്നു, വീട്ടുകാരുടെ സമ്മതത്തോടെ ബുധനാഴ്ച രാവിലെയായിരുന്നു കെ.ജി.എഫിലെ ഒരു മണ്ഡപത്തില്‍ വച്ച് ഇവരുടെ വിവാഹം നടന്നത്. വിവാഹചടങ്ങുകള്‍ പൂർത്തിയാക്കിയ ശേഷം നവദമ്ബതികള്‍ നവീനിന്റെ കുടുംബവീട്ടിലേക്ക് മടങ്ങി.
ബന്ധുക്കള്‍ക്കൊപ്പം ഏതാനും മണിക്കൂറുകള്‍ ചെലവഴിച്ച ശേഷം ഇരുവരും മുറിയിലേക്ക് പോയി. വാതിലടച്ച് അല്പ സമയം കഴിഞ്ഞപ്പോള്‍ തന്നെ അകത്ത് നിന്ന് ബഹളം കേട്ടു. ഒപ്പം തന്നെ ഇരുവരുടെയും നിലവിളി ഉയർന്നു. ബന്ധുക്കള്‍ ഓടിയെത്തി വാതില്‍ തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് ജനലിലൂടെ നോക്കിയപ്പോള്‍ നവീൻ കത്തി കൊണ്ട് ലിഖിതയെ ആക്രമിക്കുന്നതാണ് ബന്ധുക്കള്‍ കണ്ടത്. ഏറെ നേരം പരിശ്രമിച്ച ശേഷമാണ് വാതില്‍ തകർത്ത് ബന്ധുക്കള്‍ അകത്ത് കടന്നത്.
ലിഖിത രക്തത്തില്‍ കുളിച്ചുകിടക്കുകയായിരുന്നു. നവീനിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇരുവരെയും ബന്ധുക്കള്‍ ഉടൻതന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ലിഖിത മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ നവീനിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ നല്‍കിയെങ്കിലും വ്യാഴാഴ്ച മരണം സംഭവിച്ചു.
ആക്രമണത്തിന്റെ യഥാർത്ഥ കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. നവീന് കത്തി ലഭിച്ചത് എങ്ങനെയെന്ന കാര്യത്തിലും വ്യക്തതയില്ലെന്ന് പൊലീസ് പറയുന്നു. കുടുംബത്തിലെ മറ്റുുള്ളവർക്കും ഇക്കാര്യത്തില്‍ ഒന്നും അറിയില്ലെന്ന് പൊലീസ് വ്യക്തമാക്കി. കെ.ജി.എഫ് എസ്.പി ശാന്തരാജുവിന്റെ നേതൃത്വത്തിലാണ് കേസില്‍ അന്വേഷണം നടക്കുന്നത്.