മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നു കെഎസ്‌എഫ്‌ഇയിലേക്ക് 81.43 കോടി രൂപ കൈമാറിയതു സർക്കാരിനു നല്‍കിയ 45,313 ലാപ്ടോപ്പുകളുടെ വിലയെന്നു ചെയർമാൻ കെ. വരദരാജൻ പറഞ്ഞു. കുടുംബശ്രീ അംഗങ്ങളുടെ മക്കള്‍ക്കു സ്കൂള്‍ വിദ്യാഭ്യാസസഹായമായി വിദ്യാശ്രീ പദ്ധതിപ്രകാരം ലാപ്ടോപ്പുകള്‍ നല്‍കാൻ കെഎസ്‌എഫ്‌ഇയുമായി കരാറുണ്ടാക്കിയിരുന്നു. ഒന്നിന് 18,000 രൂപ നിരക്കില്‍ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കു നല്‍കാൻ കന്പനികളില്‍നിന്നു കെഎസ്‌എഫ്‌ഇ പ്രത്യേക പാക്കേജ് ആയി വാങ്ങിയതാണ് ഈ ലാപ്ടോപ്പുകള്‍.

കോവിഡ് കാലത്തു വിദ്യാഭ്യാസം ഓണ്‍ലൈനാക്കിയ സാഹചര്യത്തിലാണ് ഈ പദ്ധതി കൊണ്ടുവന്നത്. പട്ടികജാതി, പട്ടികവർഗ വിദ്യാർഥികള്‍ക്ക് ഈ സൗകര്യം അടിയന്തരമായി എത്തിക്കുന്നതിനു ലാപ്ടോപ്പുകള്‍ നല്‍കാൻ സർക്കാർ വിദ്യാകിരണം എന്ന പദ്ധതിയും ആവിഷ്കരിച്ചു. അങ്ങനെയാണ് കെഎസ്‌എഫ്‌ഇയില്‍ സ്റ്റോക്കുണ്ടായിരുന്ന 45,313 ലാപ്ടോപ്പുകള്‍ സർക്കാർവകുപ്പുകള്‍ ഏറ്റെടുത്തു ബന്ധപ്പെട്ടവർക്കു വിതരണം ചെയ്തത്. ഇവയുടെ വില നേരത്തേ കെഎസ്‌എഫ്‌ഇ ഒടുക്കിയതാണ്. ഈ ഇനത്തിലാണ് സർക്കാർ 81.43 കോടി രൂപ കൈമാറിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നു ഫണ്ട് വിനിയോഗിക്കുന്ന രീതിയിലാണ് വിദ്യാശ്രീ, വിദ്യാകിരണം പദ്ധതികള്‍ ആവിഷ്കരിച്ചത്. ഇതില്‍ യാതൊരുവിധ ക്രമക്കേടും നടന്നിട്ടില്ലെന്നും കെ. വരദരാജൻ അവകാശപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വിനിയോഗത്തിലെ അവ്യക്തതകൾ ചൂണ്ടിക്കാട്ടി സംവിധായകൻ അഖിൽ മാരാർ രംഗത്ത് വന്നിരുന്നു. കെഎസ്എഫ്ഇക്ക് ലാപ്ടോപ്പ് വാങ്ങാൻ പണം കൈമാറിയ വിഷയവും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഈ ആരോപണങ്ങൾ തിരിച്ചടി ആയതോടെയാണ് ഇപ്പോൾ വിശദീകരണവുമായി മുഖ്യമന്ത്രിയും കെഎസ്എഫ്ഇ ചെയർമാനും രംഗത്തെത്തിയത്.

45000 ലാപ്ടോപ്പുകൾ കുടുംബശ്രീ അംഗങ്ങളുടെ മക്കൾക്ക് വിതരണം ചെയ്തു എന്നാണ് ഇപ്പോൾ അവകാശപ്പെടുന്നത്. കെഎസ്എഫ്ഇ നേരത്തെ വാങ്ങിവെച്ച ലാപ്പ്ടോപ്പുകൾ ആണ് ഇവ എന്നാണ് ചെയർമാന്റെ അവകാശവാദം. എന്നാൽ പണം ഇടപാട് സ്ഥാപനമായ കെഎസ്എഫ്ഇ എന്തിനാണ് ഇത്രയധികം ലാപ്ടോപ്പുകൾ വാങ്ങി സ്റ്റോക്ക് ചെയ്തിരുന്നത് എന്നതിൽ ദുരൂഹത നിലനിൽക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇതിന് പിന്നിൽ വൻ കമ്മീഷൻ ഇടപാടുകൾ നടന്നിട്ടുണ്ടോ എന്ന് ന്യായമായി സംശയിക്കേണ്ടിയിരിക്കുന്നു.

ഇനി ലാപ്ടോപ്പ് വിതരണത്തിന് നേരത്തെ തന്നെ കെഎസ്എഫ്ഇയും ആയി കരാർ ഉണ്ടാക്കിയിട്ടുണ്ടായിരുന്നു എന്ന ന്യായവാദം നിരത്തിയാലും പ്രശ്നങ്ങളുണ്ട്. ഇത്തരം ഒരു പദ്ധതി നടപ്പാക്കാൻ ചുമതലപ്പെടുത്തേണ്ടത് കെഎസ്എഫ്ഇ പോലൊരു ധനകാര്യ സ്ഥാപനത്തെ അല്ല എന്നതാണ് ഇതിൽ പ്രധാനം. അപ്പോൾ പിന്നെ എന്തുകൊണ്ട് കെഎസ്എഫ്ഇ എന്ന് ചിന്തിച്ചാൽ സർക്കാരിൽനിന്ന് പണം ലഭിക്കാതെ തന്നെ ലാപ്ടോപ്പ് മുൻകൂർ പണം നൽകി വാങ്ങാനുള്ള സാമ്പത്തികശേഷി കെഎസ്എഫ്ഇക്ക് ഉണ്ടായിരുന്നു. കെഎസ്എഫ്ഇയിൽ നിന്ന് ഒരു സൗജന്യ പദ്ധതിക്ക് വേണ്ടി അടിയന്തര സാഹചര്യം ചൂണ്ടിക്കാട്ടി ഈ ലാപ്ടോപ്പുകൾ സർക്കാർ ഏറ്റെടുക്കുമ്പോൾ ടെൻഡർ നടപടിക്രമങ്ങളെ അതിജീവിക്കാൻ ഇത് സഹായിക്കുന്നു

കെഎസ്എഫ്ഇ 45,000 ലാപ്ടോപ്പുകൾ വാങ്ങി വെക്കുന്നു. പിന്നാലെ സർക്കാർ സൗജന്യ ലാപ്ടോപ്പ് പദ്ധതി പ്രഖ്യാപിക്കുന്നു. പദ്ധതിയിൽ ഉൾപ്പെടുത്തി വിതരണം ചെയ്യാനായി കെഎസ്എഫ്ഇയിൽ നിന്ന് ലാപ്ടോപ്പുകൾ ഏറ്റെടുക്കുന്നു. ലാപ്ടോപ്പുകളുടെ വിലയായ 82 കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് അനുവദിക്കുന്നു. ആടിമുടി ദുരൂഹത മണക്കുന്ന ഇടപാടാണ് എന്ന് സാമാന്യ ബുദ്ധിയുള്ള ആർക്കും ഇത് കണ്ടാൽ മനസ്സിലാക്കാവുന്നതേയുള്ളൂ. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ ക്രമക്കേടുകൾ നടന്നു എന്നത് ആരോപണങ്ങൾക്ക് ലാപ്ടോപ്പ് വിഷയം ശക്തിപകരും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക