യൂത്ത് കോൺഗ്രസ് നേതാവിന്റെയും ഭാര്യയുടെയും ആത്മഹത്യയിൽ അന്വേഷണം അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി സംശയിച്ച് കുടുംബാംഗങ്ങളും സുഹൃത്തുക്കളും. സംഭവസ്ഥലത്തുനിന്ന് പോലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിരുന്നുവെങ്കിലും അവയിൽ സംശയകരമായി ഒന്നുമില്ല എന്ന നിലപാടാണ് അധികാരികൾ സ്വീകരിച്ചിരിക്കുന്നത്. വിഷ്ണുവിനെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തവരെകുറിച്ച് സിസിടിവി ദൃശ്യങ്ങളിൽ വിവരങ്ങൾ ലഭ്യമല്ല എന്ന് പ്രാദേശിക കോൺഗ്രസ് നേതാക്കളെ പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു കഴിഞ്ഞു.

വിഷ്ണുവിനെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയതായി സംശയിക്കുന്ന പാറമട ലോബിയുടെ ആളുകൾ ആദ്യം എത്തിയത് വിഷ്ണുവിന്റെ മാതാപിതാക്കൾ താമസിക്കുന്ന രാമപുരം കൂടപ്പലത്തെ വസതിയിലാണ്. അവിടെനിന്നാണ് പനയ്ക്കപ്പാലത്തെ വാടക വീട്ടിലേക്ക് ഇവർ പുറപ്പെട്ടത്. രണ്ട് വണ്ടികളിലായി നാലിലധികം ആളുകളാണ് വീട്ടിലെത്തിയതെന്ന് വിഷ്ണുവിന്റെ അമ്മ വെളിപ്പെടുത്തിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിഷ്ണുവുമായി സാമ്പത്തിക ഇടപാടുള്ള കൂത്താട്ടുകുളത്തെ പാറമടക്കാരാണ് ഇവിടെ എത്തിയത് എന്ന് സംശയിക്കപ്പെടുന്നു. ഇരുമ്പനത്ത് പെട്രോളിയം കമ്പനിയുടെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിഷ്ണുവിന്റെ കെയറോഫിൽ കരിങ്കല്ലുകൾ ഇറക്കിയിരുന്നു. പ്രതിഫലവുമായി ബന്ധപ്പെട്ട് ഇവരുമായി ചില്ലറ തർക്കങ്ങളും നിലനിന്നിരുന്നു. കമ്പനിയിൽ നിന്നും മുഴുവൻ പണവും ലഭിച്ചിട്ടില്ല എന്നാണ് വിഷ്ണു അടുപ്പക്കാരോട് ഇതുമായി ബന്ധപ്പെട്ട് വ്യക്തമാക്കിയിരുന്നത്.

ഈ സംഘം പനക്കപ്പാലത്തെ വീട്ടിലെത്തി ഭീഷണി മുഴക്കുകയും വിഷ്ണുവിന്റെ മർദ്ദിക്കുകയും ചെയ്തു എന്നാണ് അനുമാനം. ഈ അപമാനവും സമ്മർദ്ദവും ആണ് ദമ്പതികളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നും വിലയിരുത്തപ്പെടുന്നു. വിഷ്ണുവിൻറെ ഭാര്യയോടുപോലും ഈ സംഘാംഗങ്ങൾ അപമര്യാദയായി പെരുമാറി എന്നും അവരുടെ ജോലി സ്ഥലത്തെത്തി അവഹേളിക്കുമെന്ന് ഭീഷണി മുഴക്കി എന്നും ചില സൂചനകളും ലഭിക്കുന്നുണ്ട്.

വൻ സാമ്പത്തിക ശക്തികളായ പാറമട ലോബിക്ക് വേണ്ടി പോലീസ് അന്വേഷണം അട്ടിമറിയിക്കുമോ എന്ന ആശങ്കയും കോൺഗ്രസ് വൃത്തങ്ങളിലും യൂത്ത് കോൺഗ്രസ് വൃത്തങ്ങളിലും ഉയരുന്നുണ്ട്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ശേഖരിക്കുന്നതിൽ പോലീസിന്റെ ഭാഗത്തുനിന്ന് ഉദാസീനത ഉണ്ടാകുന്നതായും ചിലർ ആരോപിക്കുന്നു. വിഷ്ണുവിനെ ഭീഷണിപ്പെടുത്തിയിരുന്ന കുറവിലങ്ങാട് സ്വദേശിയായ അനൂപ് എന്ന ബ്ലേഡ് മാഫിയ സംഘാഗത്തെയും ചില പോലീസ് ഉദ്യോഗസ്ഥർ സഹായിക്കുന്നതായും ആക്ഷേപം ആയി ഉയരുന്നുണ്ട്.

സഹപ്രവർത്തകന്റെ ജീവന് കുറ്റക്കാരായവരെ കൊണ്ട് മറുപടി പറയിക്കുമെന്നും അവരെ നിയമത്തിനു മുന്നിൽ എത്തിക്കുമെന്നുമുള്ള നിശ്ചയദാർഢ്യത്തിലാണ് പാലായിലെയും രാമപുരത്തെയും യൂത്ത് കോൺഗ്രസ് പ്രവർത്തകർ. വിഷ്ണുവിൻറെ ശവസംസ്കാര ചടങ്ങുകൾ പൂർത്തിയാകുന്നതിന് പിന്നാലെ തന്നെ പോലീസ് അന്വേഷണത്തിൽ വ്യക്തത ആവശ്യപ്പെട്ട് സംഘടനാപരമായി രംഗത്ത് വരുവാനും ഇവർ തീരുമാനമെടുത്തിട്ടുണ്ട്. ഇത്രയും ദാരുണമായ ഒരു സംഭവം ഉണ്ടായിട്ടും പോലീസ് അന്വേഷണം ഇഴഞ്ഞു നീങ്ങുന്നു എന്നത് ദുരൂഹമാണ്

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക