പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ‘ഡിസാസ്റ്റർ പി.ആർ’ അവസാനിപ്പിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍. ദുരന്തമേഖലയില്‍ ഡിസാസ്റ്റർ ടൂറിസം പാടില്ലെന്നാണ് മന്ത്രി റിയാസ് കഴിഞ്ഞ ദിവസം പറഞ്ഞത്. അതേസമയം, ഡിസാസ്റ്റർ പി.ആറും പാടില്ലെന്നാണ് മന്ത്രിയോട് പറയാനുള്ളത്. ദുരന്തത്തെ പി.ആറിനായി ഉപയോഗിക്കരുതെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
എല്ലാം ഒറ്റക്ക് ചെയ്യാമെന്ന പറയുന്ന സർക്കാർ എല്ലാം വൃത്തിയായി ചെയ്യാൻ തയാറാകണം. ദുരന്തത്തെ നാം ഒരുമിച്ച് നേരിടണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിട്ടുള്ളത്. അതിനാല്‍, ആരാണ് ആദ്യം ഓടിയെത്തുന്നത് എന്ന മല്‍സരം സർക്കാർ ഒഴിവാക്കണം. ശീലമില്ലാത്ത ദുരന്തത്തെയാണ് നാട് നേരിട്ടിരിക്കുകയാണ്.
വിമർശനത്തിന് കാരണമുണ്ടെങ്കിലും അതിന്‍റെ സമയമല്ലെന്ന അറിയാവുന്നത് കൊണ്ടാണ് ഇതുവരെ വിമർശിക്കാതിരുന്നത്. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥർ അടക്കമുള്ളവർ വൈറ്റ് ഗാർഡിന്‍റെ ഭക്ഷണശാലയില്‍ നിന്ന് ഭക്ഷണം കഴിച്ചിട്ടുണ്ട്. ഇവിടെ നിന്ന് ഭക്ഷണം കഴിച്ചത് കൊണ്ട് ഒരാള്‍ക്കും അസുഖം വന്നിട്ടില്ല.
ഒരു രാത്രിയില്‍ വന്നിട്ട് ശുചിത്വമില്ലെന്ന് പറഞ്ഞ് ഭക്ഷണം വേണ്ടെന്ന് പൊതുമരാമത്ത് മന്ത്രി പറയുന്നു. സന്നദ്ധ സംഘടനയുടെ ഭക്ഷണശാല പൂട്ടുന്ന സർക്കാർ ബദല്‍ സംവിധാനം ഒരുക്കണം. സൈനികർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും ഇന്ന് ഭക്ഷണം ലഭിച്ചില്ലെന്ന് പരാതി ഉയർന്നു. ശാരീരിക അദ്ധ്വാനം ചെയ്യുന്ന വളണ്ടിയർമാർക്ക് ഭക്ഷണം എത്തിക്കേണ്ടതുണ്ട്. ഭക്ഷണശാല പൂട്ടാനുള്ള ആവേശം കാണിച്ച സർക്കാർ ബദല്‍ സംവിധാനം ഒരുക്കുന്നതില്‍ കാണിക്കുന്നില്ല. ചില ഭക്ഷ്യവസ്തുക്കള്‍ ഡേറ്റ് കഴിഞ്ഞതാണെന്ന് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കലക്ടറേറ്റുകളിലേക്ക് മാത്രം സാധനങ്ങള്‍ അയക്കാൻ പാടുള്ളൂവെന്നാണ് ആദ്യം സർക്കാർ ഉത്തരവിട്ടത്. എന്നാല്‍, ഒരു യുവജന സംഘടനകള്‍ പോലും ക്യാമ്ബിന് സമീപത്തെ കളക്ഷൻ സെന്‍ററുകള്‍ പൂട്ടിയില്ല. ക്യാമ്ബില്‍ കഴിയുന്നവർ നേരിട്ടുവന്ന് സാധനങ്ങള്‍ വാങ്ങിക്കാൻ കളക്ഷൻ സെന്‍ററുകള്‍ സഹായകരമാണ്. ദുരിതം നേരിട്ട ശേഷം ക്യാമ്ബില്‍ കഴിയുന്നവർ ആവശ്യമായ ഭക്ഷണവും വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും കിട്ടാൻ കലക്ടർ പാസാക്കുന്ന ഉത്തരവ് വരെ കാത്തിരിക്കണമെന്ന് പറഞ്ഞാല്‍ അത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ചാനല്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.

















