അക്കൗണ്ടില്‍ മിനിമം ബാലൻസ് സൂക്ഷിക്കാത്ത ഇടപാടുകാരില്‍നിന്ന് പിഴ ഈടാക്കുന്നത് അവസാനിപ്പിച്ച സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വഴിയേ പോകാൻ മടിച്ച് രാജ്യത്തെ മറ്റ് 11 പൊതുമേഖല ബാങ്കുകള്‍. അഞ്ചു വർഷത്തിനിടെ ഈ ബാങ്കുകള്‍ പിഴയിനത്തില്‍ സമാഹരിച്ചത് 2331 കോടി രൂപയാണ്. പഴയ കണക്കുകളെ അപേക്ഷിച്ച് 34 ശതമാനമാണ് വർധന. 2022-’23, 2023- 24 സാമ്ബത്തിക വർഷങ്ങളിലെ കണക്കാണിത്.
ലോക്സഭയില്‍ ധനകാര്യ സഹമന്ത്രിയാണ് കണക്ക് വെളിപ്പെടുത്തിയത്. എസ്.ബി.ഐ 2020ല്‍ മിനിമം ബാലൻസിന് പിഴ ഈടാക്കുന്നത് അവസാനിപ്പിച്ചിരുന്നു. പഞ്ചാബ് നാഷനല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്, യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ, യൂകോ ബാങ്ക് എന്നിവ മൂന്നു മാസം കൂടുമ്ബോഴും ഇന്ത്യൻ ബാങ്ക്, കനറാ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, സെൻട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവ പ്രതിമാസവും അക്കൗണ്ട് ബാലൻസ് പരിശോധിച്ചാണ് പിഴ ഈടാക്കുന്നത്.
വിവിധ ബാങ്കുകള്‍ പല രീതിയിലാണ് മിനിമം ബാലൻസ് നിശ്ചയിച്ചിരിക്കുന്നത്. കനറാ ബാങ്ക് സേവിങ്സ് അക്കൗണ്ടിന് മെട്രോ, നഗര പ്രദേശങ്ങളില്‍ 2000 രൂപയും അർധ-നഗര പ്രദേശങ്ങളില്‍ 1000 രൂപയും ഗ്രാമങ്ങളില്‍ 500 രൂപയും പ്രതിമാസം അക്കൗണ്ടിലുണ്ടാകണം. ഇതില്‍ വീഴ്ചവന്നാല്‍ ബാലൻസ് കുറവനുസരിച്ച് 25 മുതല്‍ 45 രൂപ വരെ ജി.എസ്.ടിയും ഈടാക്കും. കറന്റ് അക്കൗണ്ടില്‍ മെട്രോയില്‍ 7500, നഗരങ്ങളില്‍ 5000, അർധ-നഗരങ്ങളില്‍ 2000, ഗ്രാമങ്ങളില്‍ 1000 രൂപ എന്നിങ്ങനെ മിനിമം വേണമെന്നാണ് വ്യവസ്ഥ. ഇതില്‍ കുറവുണ്ടായാല്‍ പ്രതിദിനം 60 രൂപ മുതല്‍ മാസം 500 രൂപ വരെയും ജി.എസ്.ടിയും പിഴ ചുമത്തും.
മൂന്നു മാസം കൂടുമ്ബോള്‍ മിനിമം ബാലൻസ് പരിശോധിക്കുന്ന പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ സേവിങ്സ് അക്കൗണ്ടില്‍ മെട്രോ, നഗര പ്രദേശങ്ങളില്‍ 2000, അർധ-നഗരങ്ങളില്‍ 1000, ഗ്രാമങ്ങളില്‍ 500 രൂപ എന്നിങ്ങനെയാണ് പ്രതിമാസം ഉണ്ടാകേണ്ടത്. 100 മുതല്‍ 250 രൂപ വരെയാണ് പിഴത്തുക. കറന്റ് അക്കൗണ്ടിന് മെട്രോയില്‍ 10,000, നഗരങ്ങളില്‍ 5000, അർധ-നഗരങ്ങളില്‍ 2000, ഗ്രാമങ്ങളില്‍ 1000 എന്നിങ്ങനെ സൂക്ഷിക്കണം. ഇതിലെ വീഴ്ചക്ക് 400 മുതല്‍ 600 രൂപ വരെ പിഴ ചുമത്തും.
മാതൃകയായി എസ് ബി ഐ: പൊതുമേഖലാ സ്ഥാപനങ്ങൾ ഈ വിഷയത്തിൽ മാതൃകയാക്കേണ്ടത് എസ് ബി ഐയെയാണ്. രാജ്യത്ത് തന്നെ ഏറ്റവും അധികം അക്കൗണ്ടുകളും ഇടപാടുകാരും ഉള്ള ബാങ്ക് ആണ് എസ് ബി ഐ. മിനിമം ബാലൻസ് പിഴ ഈടാക്കുന്നത് നിർത്തലാക്കിയതോടെ കോടികളുടെ വരുമാന നഷ്ടമാണ് ബാങ്കിന് ഉണ്ടായിട്ടുള്ളത്. എന്നിരുന്നാലും രാജ്യത്തിൻറെ സ്വന്തം ബാങ്കർ എന്ന നിലയുള്ള പ്രതിബദ്ധത നിലനിർത്തി കൊണ്ടാണ് ഇത്തരം ഒരു തീരുമാനമെടുത്തിരിക്കുന്നത്. മറ്റു ബാങ്കുകൾക്ക് മിനിമം ബാലൻസ് പിഴയിൽ ലഭിക്കുന്ന തുക പരിഗണിച്ചാൽ മാത്രം മതിയാകും എസ് ബി ഐ എത്രത്തോളം വരുമാനം ഉപേക്ഷിച്ചിട്ടുണ്ട് എന്നത് മനസ്സിലാക്കാൻ.






