വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രക്ഷാപ്രവർത്തനത്തിലുള്‍പ്പെടെ പങ്കാളികളായവർക്ക് സൗജന്യ ഭക്ഷണം വിളമ്ബാനായി നാദാപുരം നരിപ്പറ്റയില്‍ മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ്ഗാർഡ് നടത്തിവന്ന ഊട്ടുപുര സർക്കാർ പൂട്ടിച്ചു. ഡി.ഐ.ജി തോംസണ്‍ ജോസിന്റെ നിർദേശപ്രകാരമാണ് ഊട്ടുപുരയുടെ സേവനം അവസാനിപ്പിക്കേണ്ടിവന്നതെന്ന് വൈറ്റ്ഗാർഡ് അറിയിച്ചു. സർക്കാർ തീരുമാനമാണെന്നാണ് ഡി.ഐ.ജി അറിയിച്ചതെന്നും സംഘാടകർ പറഞ്ഞു. ദുരന്തമുഖത്ത് രക്ഷാപ്രവർത്തനം നടത്തുന്ന സന്നദ്ധപ്രവർത്തകർ, സൈനികർ, പൊലീസുകാർ, വളണ്ടിയർമാർ, ആരോഗ്യപ്രവർത്തകർ, മൃതദേഹം തിരയുന്ന ബന്ധുക്കള്‍, മാധ്യമപ്രവർത്തകർ തുടങ്ങിയ എല്ലാവർക്കും നാലു ദിവസം ഭക്ഷണം പാചകം ചെയ്ത് വിതരണം ചെയ്തിരുന്ന ഊട്ടുപുരയാണ് സർക്കാർ നിർദേശത്തെ തുടർന്ന് പൂട്ടേണ്ടിവന്നത്.

ഇക്കാര്യം ചൂണ്ടിക്കാട്ടി സംഘാടകർ ഊട്ടുപുരയ്ക്ക് മുന്നില്‍ ഫ്ലക്സ് കെട്ടിയിട്ടുണ്ട്.’പ്രിയ വയനാട് നിവാസികളെ, കഴിഞ്ഞ നാല് നാള്‍ നിങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരാനും നിങ്ങള്‍ക്കുവേണ്ടി കഠിനാധ്വാനം ചെയ്യുന്ന നാനാവിഭാഗം സന്നദ്ധപ്രവർത്തകർക്ക് ആഹാരം നല്‍കാനും കഴിഞ്ഞതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. രക്ഷാദൗത്യം കഴിയുന്നതുവരെ സേവനം തുടരാനായിരുന്നു ഞങ്ങളുടെ നിയ്യത്ത്. ദൗർഭാഗ്യവശാല്‍ ഈ സേവനം അവസാനിപ്പിക്കാനും ഇനി ഞങ്ങളുടെ ഭക്ഷണവിതരണത്തിന്റെ ആവശ്യമില്ല എന്നും ബഹുമാനപ്പെട്ട ഡി.ഐ.ജി തോംസണ്‍ ജോസ് അറിയിച്ചതുപ്രകാരം ഞങ്ങള്‍ ഈ സേവനം അവസാനിപ്പിക്കുകയാണ്’- വൈറ്റ്ഗാർഡ് പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സർക്കാർ നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് രംഗത്തെത്തി. ജൂലൈ 31ന് രാവിലെ മുതല്‍ പാചകം ആരംഭിക്കുകയും ഇന്നു വരെ മൂന്ന് നേരം സൗജന്യമായി ഭക്ഷണം വിളമ്ബുകയും ചെയ്ത ഊട്ടുപുരയാണ് ശനിയാഴ്ച വൈകുന്നേരത്തോടെ ഡി.ഐ.ജി തോംസണ്‍ ജോസ് വന്ന് നിർത്താൻ പറഞ്ഞതെന്ന് പി.കെ ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചു. സർക്കാർ തീരുമാനമാണെന്നാണ് ഡി.ഐ.ജി പറഞ്ഞത്. ചോദ്യം ചെയ്ത സംഘാടകരെ ഭീഷണിപ്പെടുത്തി. സങ്കടത്തോടെ അവർ ഭക്ഷണ വിതരണം നിർത്തി.

‘ഊട്ടുപുരയുണ്ടായിരുന്നതിനാല്‍ ദുരന്തബാധിത പ്രദേശത്തും പരിസരത്തുമുള്ള ഒരാള്‍ പോലും ഭക്ഷണം കിട്ടാതെ പ്രയാസപ്പെട്ടിരുന്നില്ല. ഒട്ടേറെ പേർക്ക് സൗജന്യമായി നല്‍കിയ ഭക്ഷണ വിതരണം നിർത്തിച്ചത് പച്ചമലയാളത്തില്‍ പറഞ്ഞാല്‍ ശുദ്ധ തെമ്മാടിത്തമാണ്. നാല് ദിവസം വിശ്രമമില്ലാതെ സേവനം ചെയ്തവരെ ആക്ഷേപിച്ചത് പൊറുക്കാനാവാത്ത തെറ്റാണ്. ഇതിന് സർക്കാർ മറുപടി പറഞ്ഞേ തീരൂ’- എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഭക്ഷണം ഉണ്ടാക്കി വിതരണം ചെയ്യാൻ സർക്കാർ നേരിട്ട് സൗകര്യമുണ്ടാക്കിയിട്ടുണ്ടെന്നും ഫുഡ് സേഫ്റ്റി ഓഫീസർ കൃത്യമായ പരിശോധന നടത്തിയാണ് അവിടെ ഭക്ഷണം കൊടുക്കുന്നതെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ‘പട്ടാളക്കാർ ഉള്‍പ്പെടെയാണ് രക്ഷാപ്രവർത്തനത്തിലുള്ളത്. എന്തെങ്കിലും പ്രയാസം വന്നാല്‍ അത് ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് അവിടുത്തെ പോളിടെക്‌നിക്കില്‍ സർക്കാർ ഭക്ഷണമുണ്ടാക്കി വിതരണം ചെയ്യാൻ തീരുമാനിച്ചത്- മന്ത്രി വ്യക്തമാക്കി.ആളുകള്‍ നല്ല മനസോടെ ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുന്നതില്‍ തെറ്റില്ല. പക്ഷേ ഗുണമേന്മ പ്രധാനമാണ്. ഇങ്ങനെ ഉണ്ടാക്കുന്ന ഭക്ഷണമൊക്കെ മോശമാണന്നല്ല പറഞ്ഞത്, പട്ടാളക്കാർ ഉള്‍പ്പെടെയാണ് രക്ഷാപ്രവർത്തനത്തിലുള്ളത്, എന്തെങ്കിലും പ്രയാസം വന്നാല്‍ അത് ബുദ്ധിമുട്ടാണ്. അതുകൊണ്ട് അവിടുത്തെ പോളിടെക്‌നിക്കില്‍ സർക്കാർ ഭക്ഷണമുണ്ടാക്കി വിതരണം ചെയ്യാൻ തീരുമാനിച്ചത്.

ഫുഡ് സേഫ്റ്റി ഓഫീസർ കൃത്യമായ പരിശോധന നടത്തിയാണ് അവിടെ ഭക്ഷണം കൊടുക്കുന്നത്. ഹോട്ടല്‍ അസോസിയേഷന്റെ സഹായത്താലാണ് ഇത് എല്ലായിടത്തും വിതരണം ചെയ്യുന്നത്. ഇതൊരു സംവിധാനമാണ്. എന്നാല്‍ പലരും ഭക്ഷണം ഉണ്ടാക്കിനല്‍കുന്നുണ്ട്. അങ്ങനെയുണ്ടാക്കേണ്ടിവരേണ്ടെന്ന് രണ്ട് ദിവസം മുമ്ബ് കലക്ടർ പറഞ്ഞിരുന്നു- എന്നായിരുന്നു ദുരന്തമേഖലയിലെ ഭക്ഷണവിതരണത്തെ കുറിച്ച്‌ മന്ത്രി വിശദമാക്കിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക