ഹിമാചല്‍ പ്രദേശിലെ കനത്ത മഴയില്‍ മലാനയിലെ പൻഡോഹ് ഡാം തകർന്നു. സംഭവത്തിന്റെ വീ‍ഡിയോ ഓണ്‍ലൈനില്‍ പ്രചരിച്ചു. പാർവതി നദിയിലെ ഡാം തകർന്നതോടെ പരിസര പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. തീരങ്ങളില്‍ താമസിക്കുന്നവർ എത്രയും വേഗം ഒഴിയണമെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കി.

ഇടതടവില്ലാതെ പെയ്യുന്ന മഴയില്‍ ഹിമാചല്‍ പ്രദേശ് വ്യാപകമായ നാശനഷ്ടം റിപ്പോർട്ട് ചെയ്തു. കുളുവില്‍, കെട്ടിടം തകർന്നു. തുടർച്ചയായ മഴയില്‍ റോഡുകള്‍ തകരുകയും നദികളിലെ ജലനിരപ്പ് അപകടകരമാംവിധം ഉയരുകയും ചെയ്തു. മേഘവിസ്ഫോടനത്തെ തുടർന്നാണ് കനത്ത മഴ പെയ്തത്. ഷിംലയിലെ രാംപൂർ തഹസില്‍, മാണ്ഡിയിലെ പധർ തഹസില്‍, കുളുവിലെ ജാവോൻ, നിർമന്ദ് ഗ്രാമങ്ങളില്‍ 50-ലധികം പേരെ കാണാതായതായി മുഖ്യമന്ത്രി സുഖ്വിന്ദർ സിംഗ് സുഖു സ്ഥിരീകരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഉത്തരാഖണ്ഡിലെ കേദാർനാഥിലും ഹിമാചല്‍ പ്രദേശിലെ ഷിംലയിലെ സമേജ് ഖഡിലും മേഘസ്ഫോടനത്തെ തുടർന്ന് അതീവ ജാഗ്രത. ഉത്തരാഖണ്ഡിലെ തെഹ്‌രി ജില്ലയിലെ ഗൻസാലിയില്‍ രണ്ട് പേർ മരിച്ചു. ഭാനു പ്രസാദ് (50), ഭാര്യ നീലം ദേവി (45) എന്നിവരാണ് മരിച്ചത്. നൗതർ തോടിന് സമീപത്തെ ഭക്ഷണശാലയും കലുങ്കും ഒലിച്ചുപോയതിന് പിന്നാലെയായിരുന്നു മരണം. പ്രദേശത്തെ നിരവധി വീടുകള്‍ ഒലിച്ചുപോയി. പെട്ടെന്നുണ്ടായ കനത്ത മഴയെ തുടർന്ന് മന്ദാകിനി നദിയിലെ ജലനിരപ്പ് കുത്തനെ ഉയർന്നു. ഇരുന്നൂറോളം തീർത്ഥാടകർ കുടുങ്ങിക്കിടക്കുന്നുവെന്നാണ് റിപ്പോർട്ട്.

ഷിംലയിലെ സമേജ് ഖഡില്‍ ഒരാളുടെ മൃതദേഹം ലഭിച്ചു. നിരവധി വീടുകള്‍ തകർന്നു. ഒരു കെട്ടിടം തകർന്ന് അപ്പാടെ കുളുവിലെ പാർവതി നദിയില്‍ ഒഴുകിപ്പോയി. കുളു, സോളൻ, സിർമൗർ, ഷിംല, കിന്നൗർ ജില്ലകളിലെ മണ്ണിടിച്ചിലിനും മിന്നല്‍ പ്രളയത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കേദാർനാഥില്‍ ഭിം ബാലി അരുവിക്ക് സമീപം മണ്ണിടിഞ്ഞ് നടപ്പാതയുടെ 25 മീറ്ററോളം തകർന്നു. പാത താല്‍ക്കാലികമായി അടച്ചതോടെയാണ് ഭിം ബാലിയില്‍ 200 ഓളം തീർഥാടകർ കുടുങ്ങിയത്. സംസ്ഥാന ദുരന്ത നിവാരണ സേനയും (എസ്ഡിആർഎഫ്), പൊലീസും സംഭവ സ്ഥലത്തെത്തി.

മന്ദാകിനി നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് ഗൗരികുണ്ഡ് ക്ഷേത്രത്തില്‍ നിന്ന് അധികൃതർ തീർത്ഥാടകരെ ഒഴിപ്പിക്കുകയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു. എൻഡിആർഎഫ്, എസ്ഡിആർഎഫ്, പോലീസ്, ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള അത്യാഹിത വിഭാഗങ്ങള്‍ അതീവ ജാഗ്രതയിലാണ്. സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ദുരന്ത നിവാരണ സെക്രട്ടറിയുമായി സംസാരിക്കുകയും ദുരിതാശ്വാസ രക്ഷാപ്രവർത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക