ഒളിമ്ബിക് ഷൂട്ടിങ് മത്സരങ്ങള്‍ കണ്ടിട്ടുള്ളവർക്കറിയാം, അതില്‍ മത്സരിക്കുന്നവർ ഒട്ടേറേ സംരക്ഷണ ഉപകരണങ്ങള്‍ ധരിച്ചാണ് മത്സരിക്കാനെത്തുക. കൃത്യത ഉറപ്പാക്കാനും കാഴ്ചയിലെ മങ്ങല്‍ ഒഴിവാക്കാനും പ്രത്യേക കണ്ണടയും പുറത്തുനിന്നുള്ള ശബ്ദത്തിന്റെ അലോസരം ഒഴിവാക്കാനുള്ള പ്രത്യേക ചെവി സംരക്ഷണ ഉപകരണവും ജാക്കറ്റുമെല്ലാം ഇത്തരത്തില്‍ താരങ്ങള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍, ഇവയില്‍ ഒന്നുപോലും ഉപയോഗിക്കാതെ കൂളായി ഷൂട്ടിങ് മത്സരത്തിനെത്തി വെള്ളി മെഡലുമായി മടങ്ങിയ ഒരു 51-കാരനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം.
10 മീറ്റർ എയർ പിസ്റ്റള്‍ മിക്സഡ് ടീം ഇനത്തില്‍ മത്സരിച്ച തുർക്കിയുടെ യൂസുഫ് ഡിക്കെച്ചാണ് ആ താരം. സഹതാരം സവ്വാല്‍ ലായ്ഡ ടർഹനൊപ്പം വെള്ളി മെഡലുമായി മടങ്ങിയ യൂസുഫിനെ കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചർച്ച.തന്റെ സാധാരണ കണ്ണടയും ഒരു ഇയർ പ്ലഗ്ഗും മാത്രമാണ് മത്സരത്തിനിടെ യൂസുഫ് ഉപയോഗിച്ചത്. സാധാരണ ഒരു ടി ഷർട്ട് ധരിച്ചാണ് അദ്ദേഹം മത്സരത്തിനെത്തിയതും. പാരീസിലേത് താരത്തിന്റെ അഞ്ചാമത്തെ ഒളിമ്ബിക്സാണ്.
2008-ലെ ബെയ്ജിങ് ഒളിമ്ബിക്സിലാണ് ആദ്യമായി മത്സരിച്ചത്. എന്നാല്‍ ആദ്യ മെഡല്‍ നേടാൻ പാരീസ് ഒളിമ്ബിക്സ് വരെ കാത്തിരിക്കേണ്ടിവന്നു ഈ 51-കാരന്. എന്നാല്‍ ഇപ്പോള്‍ യൂസുഫിന്റെ ‘സ്വാഗി’നെ കുറിച്ചാണ് ചർച്ച മുഴുവൻ.

















