വെള്ളാർമല ഗവ. വൊക്കേഷണല്‍ ഹയർ സെക്കൻഡറി സ്കൂളിന്റെ ഇരുനില കെട്ടിടമില്ലായിരുന്നെങ്കില്‍ ദുരന്തത്തിന്റെ വ്യാപ്തി ഇതിലും കൂടുമായിരുന്നു. ഈ കെട്ടിടത്തില്‍ തടഞ്ഞുനിന്ന മരങ്ങളും പാറക്കല്ലുകളും അവിടെ നിന്നും നീങ്ങിയിട്ടില്ല. സ്കൂളിന് പിന്നില്‍ സ്ഥിതി ചെയ്യുന്ന ഒട്ടേറേ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും അവയില്‍ കഴിച്ചുകൂട്ടിയ മനുഷ്യർക്കുമാണ് ഈ കെട്ടിടം സംരക്ഷണ വലയം തീർത്തത്. കേവലം ഒരു ദുരന്ത സ്മാരകമായി ഇനി ഒരു പക്ഷെ ഈ സ്‌കൂള്‍ കെട്ടിടം നിലകൊണ്ടേക്കാം.
അതിനൊപ്പം ചേർത്തുവായിക്കേണ്ടതാണ് സ്കൂളിലെ കുട്ടികള്‍ തയ്യാറാക്കിയ മാഗസിനും അതിലെ കഥയും. വരാനിരിക്കുന്ന ദുരന്തത്തെ മുൻകൂട്ടി എഴുതിവച്ചിരിക്കുന്ന ഒരു കഥ. കഥയുടെ അവസാനം പോലെ ഒരു നാട് ഒന്നാകെ ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു. സ്കൂളിലെ അദ്ധ്യാപകൻ സുരേന്ദ്രനാണ് നെഞ്ചുലയ്‌ക്കുന്ന ആ കഥയടങ്ങിയ മാഗസിനിനെ കുറിച്ച് പരാമർശിക്കുന്നത്. ‘വെള്ളാരം കല്ലുകള്‍’ എന്ന പേരിലാണ് മാഗസിൻ പുറത്തിറക്കിയത്. പുറംച്ചട്ടയില്‍ പച്ചപ്പില്‍ പുതഞ്ഞ് നില്‍ക്കുന്ന സ്കൂളിന്റെ ചിത്രവും വെള്ളാരം കല്ലുകള്‍ അടുക്കി വച്ചിരിക്കുന്നതിന്റെയും ചിത്രങ്ങളുണ്ട്. ഇന്ന് ആ സ്കൂളില്ല, വെള്ളാരം കല്ലിന് പകരം കൂറ്റൻ പാറക്കഷ്ണങ്ങളാണ് സ്കൂളിന്റെ പരിസരമാകെ.
മഴ പെയ്യുമ്ബോള്‍ ഭയപ്പെടുന്ന അനശ്വരയുടെ കഥയാണ് ലയ എന്ന കുട്ടി മാഗസിനില്‍ എഴുതിയത്. വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാനെത്തിയതാണ് അനശ്വരയും കൂട്ടുകാരും. അവിടേക്ക് എത്തുന്നൊരു കിളിയും, കിളി നല്‍കുന്ന മുന്നറിയിപ്പും അറം പറ്റിയതുപോലെയായി. ഇവിടെ നിന്ന് എത്രയും പെട്ടെന്ന് പോയ്‌ക്കോളൂ, വലിയൊരു ആപത്ത് വരാൻ പോകുന്നു മലവെള്ളപ്പാച്ചിലില്‍ നിന്ന് രക്ഷപ്പെട്ടോളൂവെന്നായിരുന്നു കിളിയുടെ നിർദേശം.
മണ്ണിടിച്ചിലില്‍ ഇതേ വെള്ളച്ചാട്ടത്തില്‍ പെട്ട് മരിച്ച പെണ്‍കുട്ടിയായിരുന്നു ആ കിളിയെന്നും കഥയുടെ അവസാനത്തില്‍ പറയുന്നുണ്ട്. കഥ സത്യമായിരിക്കുന്നു. ഇന്ന് ആ സ്കൂളില്ല, കുട്ടികളില്‍ ആരൊക്കെയുണ്ടെന്ന് അറിയില്ല, ആ നാട് തന്നെയില്ല. അക്ഷരാർത്ഥത്തില്‍ വയനാട് ദുരന്തം മാസങ്ങള്‍ക്ക് മുൻപ് തന്നെ മാഗസിനില്‍ എഴുതുകയായിരുന്നു വെള്ളാർമലയിലെ കുട്ടികള്‍.

















