തൃക്കാക്കരയില്‍ നടുറോഡില്‍ യുവാക്കളെ ക്രൂരമർദനത്തിന് ഇരയാക്കിയ പ്രതികളെ തിരിച്ചറിഞ്ഞു. കളമശ്ശേരി സ്വദേശി ഷെഫിൻ, പൂക്കാട്ടുപടി സ്വദേശി ഫഹദ്, കോഴിക്കോട് സ്വദേശി ബെന്നി എന്നിവരാണ് യുവാക്കളെ ആക്രമിച്ചതെന്ന് പൊലീസ് കണ്ടെത്തി.ഗുണ്ടാ നേതാവ് പെരുമ്പാവൂർ അനസിന്റെ സഹായികളാണ് ഇവർ.
തൃക്കാക്കര എൻജിഒ ക്വാർട്ടേഴ്സിന് സമീപം ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് കാറിലെത്തിയ ഒരു സംഘം, യുവാക്കളെ അതിക്രൂരമായി മർദിച്ചത്. വാഴക്കാല സ്വദേശി ഷാഫി, നിസാം, പ്രവീണ്‍കുമാർ എന്നിവർക്കാണ് മർദനമേറ്റത്. കാറില്‍നിന്ന് ഇറങ്ങിയ പ്രതികള്‍ യുവാക്കളുടെ മുഖത്ത് പലതവണ ഇടിച്ചു, നിലത്തിട്ട് ചവിട്ടി.
അശ്രദ്ധമായി കാർ ഓടിച്ചത് യുവാക്കള്‍ ചോദ്യം ചെയ്തതാണ് ആക്രമത്തില്‍ കലാശിച്ചത് എന്നാണ് പ്രാഥമിക വിവരം. പ്രവീണിന്റെ തലയില്‍ രക്തസ്രാവമുണ്ട്. സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് പ്രവീണ്‍. മറ്റ് രണ്ട് പേരും കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന് ശേഷം കാറില്‍ രക്ഷപ്പെട്ട പ്രതികളെ തിരിച്ചറിയാനായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.






