ഇ20 പെട്രോള്‍ വാഹന എഞ്ചിന് കേടുപാടുകള്‍ വരുത്തുമെന്ന പ്രചാരണങ്ങള്‍ കേന്ദ്ര സർക്കാർ തള്ളി. മുമ്പ് വിശദമായ പരിശോധനകള്‍ നടത്തിയിട്ടുണ്ടെന്നും പഴയ വാഹനങ്ങളില്‍ ചെറിയ മൈലേജ് കുറവ് ഉണ്ടാക്കാമെങ്കിലും തകരാറുകള്‍ക്ക് അടിസ്ഥാനമില്ലെന്നും പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി.ഇ20 പെട്രോള്‍ വാഹനങ്ങളുടെ എഞ്ചിന് കേടുപാടുകള്‍ വരുത്തുമെന്ന പ്രചാരണം തള്ളി കേന്ദ്ര സർക്കാർ.

ഇ20 എന്നറിയപ്പെടുന്ന എത്തനോള്‍ കലർന്ന പെട്രോള്‍ വാഹനങ്ങളുടെ പ്രവർത്തനത്തെ ബാധിക്കില്ലെന്നും കാറുകളുടെയും ഇരുചക്ര വാഹനങ്ങളുടെയും ആയുസ് കുറയ്ക്കുമെന്ന വാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും കേന്ദ്രം വ്യക്തമാക്കി.രാജ്യസഭാ എം പിമാരായ ജോണ്‍ ബ്രിട്ടാസിന്റെയും രാജീവ് ശുക്ലയുടെയും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവെ പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി ആണ് ഇക്കാര്യം അറിയിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിപണിയില്‍ എത്തിക്കുന്നതിന് മുമ്പ് ഇ20 പെട്രോള്‍ ലാബുകളിലും വാഹനങ്ങളിലും വിശദമായ പരിശോധനകള്‍ക്ക് വിധേയമാക്കിയിരുന്നുവെന്നും സുരക്ഷ ഉറപ്പാക്കിയ ശേഷമാണ് രാജ്യവ്യാപകമായി വിതരണം ആരംഭിച്ചതെന്നും മന്ത്രി സുരേഷ് ഗോപി വ്യക്തമാക്കി.

ഇ20 പെട്രോള്‍ ഉപയോഗിക്കുന്നത് സുരക്ഷിതമാണെന്ന് വിവിധ പരിശോധനകളിലൂടെ കണ്ടെത്തിയതായി സർക്കാർ അറിയിച്ചു. എന്നാല്‍ പഴയ തലമുറ വാഹനങ്ങളില്‍ ഇന്ധനക്ഷമതയില്‍ ചെറിയ കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും വ്യക്തമാക്കി. ഏകദേശം മൂന്ന് മുതല്‍ അഞ്ച് ശതമാനം വരെ മൈലേജ് കുറയാൻ ഇടയുണ്ടെന്നാണ് വിലയിരുത്തല്‍. അതേസമയം, ഇ20 പെട്രോളിന് നിരവധി ഗുണങ്ങളുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടി. എഞ്ചിൻ പ്രവർത്തനം കൂടുതല്‍ സുഗമമാക്കാനും മലിനീകരണം കുറയ്ക്കാനും എത്തനോള്‍ കലർന്ന ഇന്ധനം സഹായിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി.

ഇ20 പെട്രോള്‍ ഉപയോഗിച്ചതിനെ തുടർന്ന് വാഹനങ്ങളുടെ എഞ്ചിനോ ഇന്ധന പമ്പുകളോ തകരാറിലായതായി വാഹന നിർമാതാക്കളില്‍ നിന്നോ ഓട്ടോമൊബൈല്‍ സംഘടനകളില്‍ നിന്നോ ഉപഭോക്താക്കളില്‍ നിന്നോ കാര്യമായ പരാതികള്‍ ലഭിച്ചിട്ടില്ലെന്ന് സർക്കാർ അറിയിച്ചു. സമൂഹമാധ്യമങ്ങളിലും ചില റിപ്പോർട്ടുകളിലും പ്രചരിച്ച എഞ്ചിൻ തകരാറുകളുമായി ബന്ധപ്പെട്ട അവകാശവാദങ്ങള്‍ പരിശോധിച്ചെങ്കിലും അവയില്‍ പലതും അടിസ്ഥാനരഹിതമായ അഭ്യൂഹങ്ങളോ അതിശയോക്തികളോ ആണെന്ന് കണ്ടെത്തിയതായും സർക്കാർ വ്യക്തമാക്കി.

തങ്ങളുടെ വാദത്തിന് പിന്തുണയായി വാഹന നിർമാതാക്കളില്‍ നിന്നുള്ള സർവീസ് വിവരങ്ങളും സർക്കാർ അവതരിപ്പിച്ചു. ഒരു പ്രമുഖ വാഹന നിർമാതാവ് കഴിഞ്ഞ വർഷം ഏകദേശം 2.84 കോടി വാഹനങ്ങള്‍ക്ക് സർവീസ് നല്‍കിയിരുന്നു. ഇതില്‍ ഏകദേശം 1.5 കോടി വാഹനങ്ങള്‍ ഇ20 പെട്രോളിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്തവയല്ലായിരുന്നു. എന്നിട്ടും എത്തനോള്‍ ഉപയോഗം മൂലം വാഹനങ്ങള്‍ക്ക് വലിയ തകരാറുകള്‍ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് കമ്പനി ഡാറ്റ സൂചിപ്പിക്കുന്നത്. ഇക്കാരണത്താലാണ് വാഹന കമ്പനികള്‍ ഇപ്പോഴും സാധാരണ വാറന്റി സേവനങ്ങള്‍ തുടരുന്നതെന്നും സർക്കാർ വ്യക്തമാക്കി.

രാജ്യത്ത് നിലവില്‍ 20 കോടിയിലധികം ഇരുചക്ര വാഹനങ്ങളും മൂന്ന് കോടിയിലധികം പെട്രോള്‍ കാറുകളും എത്തനോള്‍ കലർന്ന പെട്രോള്‍ ഉപയോഗിച്ച്‌ കാര്യമായ പ്രശ്നങ്ങളില്ലാതെ ഓടുന്നുണ്ടെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം.ഇന്ധനത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി രാജ്യത്തെ പെട്രോള്‍ പമ്പുകളില്‍ അടുത്തിടെ 30,000ത്തിലധികം പരിശോധനകള്‍ നടത്തിയതായും സർക്കാർ അറിയിച്ചു. ഇ20 പെട്രോള്‍ യഥാർഥത്തില്‍ എഞ്ചിനുകള്‍ക്ക് ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെങ്കില്‍ രാജ്യത്തെ ദശലക്ഷക്കണക്കിന് വാഹന ഉടമകള്‍ വാഹന നിർമാതാക്കളെ സമീപിച്ച്‌ പരാതികള്‍ നല്‍കുമായിരുന്നുവെന്നും കേന്ദ്രം വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക