നഗരസഭാ ഭരണം ബിജെപി പിടിച്ചതോടെ തലസ്ഥാനത്തെ സിപിഎമ്മിൻെറ മുൻനിര നേതൃത്വത്തില്‍ നിന്ന് ഒതുക്കപ്പെട്ട മുൻ മേയർ ആര്യാ രാജേന്ദ്രന് ഡിവൈഎഫ്‌ഐ സമ്മേളനങ്ങളിലും അപ്രഖ്യാപിത വിലക്ക്.സംഘടനയുടെ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായിരുന്നിട്ടും താഴേത്തട്ട് മുതല്‍ നടക്കുന്ന സമ്മേളനങ്ങളില്‍ ഒന്നും ആര്യാ രാജേന്ദ്രനെ പങ്കെടുപ്പിക്കുന്നില്ല.വില്ലേജ് തലം മുതലുളള സമ്മേളനങ്ങള്‍ പൂർത്തിയാക്കി അടുത്തയാഴ്ച ജില്ലാ സമ്മേളനത്തിലേക്ക് കടന്നിട്ടും യുവജന സംഘടനാ വേദികളിലൊന്നും ആര്യാ രാജേന്ദ്രനെ കാണാത്തത് സിപിഎമ്മില്‍ ചർച്ചാ വിഷയമായിട്ടുണ്ട്.
സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എന്ന നിലയില്‍ സംസ്ഥാനം എമ്പാടും നടക്കുന്ന സമ്മേളനങ്ങളില്‍ മേല്‍ക്കമ്മിറ്റി പ്രതിനിധിയായോ ഉല്‍ഘാടകയായോ പങ്കെടുക്കാൻ നിയോഗിക്കപ്പെടേണ്ടതാണ്.ഇതര ജില്ലകളിലെ സമ്മേളനങ്ങളിലേക്ക് ക്ഷണം ഇല്ലെന്ന് മാത്രമല്ല സ്വന്തം തട്ടകമായ തിരുവനന്തപുരം ജില്ലയിലെ സമ്മേളനങ്ങളിലേക്കും വിളിക്കാത്തതോടെയാണ് ആര്യാ രാജേന്ദ്രന് അപ്രഖ്യാപിത വിലക്കുണ്ടെന്ന ചർച്ച സജീവമായത്.
സമ്മേളനങ്ങളില്‍ ഉല്‍ഘാടകയായോ മേല്‍ക്കമ്മിറ്റി പ്രതിനിധി എന്ന നിലയില്‍ ചർച്ചയ്ക്ക് മറുപടി പറയുന്നതിനോ ആര്യാ രാജേന്ദ്രനെ നിയോഗിക്കാത്തത് എന്താണെന്ന ചോദ്യം ഡി.വൈ.എഫ്.ഐ നേതൃത്വത്തിന് മുന്നിലുമെത്തി.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാണെങ്കിലും സംഘടനയെ കുറിച്ചോ സംഘടനാ പ്രവർത്തന രീതികളെ കുറിച്ചോ അറിവില്ലാത്ത ആര്യയെ എങ്ങനെ സമ്മേളന നടത്തിപ്പിന് മേല്‍നോട്ടം വഹിക്കാൻ നിയോഗിക്കുമെന്നാണ് ഡി.വൈ.എഫ്.ഐ ജില്ലാ നേതൃത്വത്തിൻെറ മറുപടി.
2025ലെ നഗരസഭാ തിരഞ്ഞെടുപ്പിന് മുൻപാണ് സംസ്ഥാന നേതൃത്വം പ്രത്യേക താല്‍പര്യം എടുത്ത് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമാക്കിയത്. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവും അന്ന് മന്ത്രിയും ആയിരുന്ന പി.എ.മുഹമ്മദ് റിയാസിൻെറ ശുപാർശ പ്രകാരം ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡൻറ് വി. വസീഫും സംസ്ഥാന സെക്രട്ടറി വി.കെ.സനോജുമാണ് ആര്യയെ ഡിവൈഎഫ്‌ഐയുടെ തലപ്പത്ത് അവരോധിക്കാൻ കാർമ്മികത്വം വഹിച്ചത്.യുവജന സംഘടനയുടെ നേതൃത്വത്തിലേക്ക് ഊർന്നിറങ്ങിയെങ്കിലും സംഘടനയെ കുറിച്ചോ സംഘടനാ പ്രവർത്തനത്തെ കുറിച്ചോ പഠിക്കാൻ അവർ താല്‍പര്യം കാട്ടിയില്ലെന്ന് ജില്ലാ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
നഗരസഭാ തിരഞ്ഞെടുപ്പില്‍ മുന്നണി തോറ്റതോടെ സജീവ പ്രവർത്തനത്തില്‍ നിന്ന് പിൻവലിഞ്ഞ ആര്യാ രാജേന്ദ്രൻ പിന്നീട് പ്രവർത്തനത്തിന് എത്തിയില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വന്തം മണ്ഡലമായ നേമത്ത് പോലും പ്രചരണത്തിനിറക്കിയില്ല.ആര്യ പ്രതിനിധീകരിച്ചിരുന്ന മുടവൻമുഗള്‍ വാർഡില്‍ എല്‍.ഡി.എഫ് സ്ഥാനാർത്ഥിയായ വി.ശിവൻകുട്ടിക്ക് വെറും നാല് വോട്ടിൻെറ ലീഡ് മാത്രമാണ് കിട്ടിയത്.
സിപിഎം ജില്ലാ കമ്മിറ്റി അംഗമായ ആര്യ പാർട്ടി പ്രവർത്തനത്തിലും അത്ര സജീവമല്ല.പിണറായി വിജയൻെറ വീട്ടില്‍ ഇ.ഡി പരിശോധനക്ക് എത്തിയപ്പോള്‍ നടന്ന പ്രതിഷേധ സമരത്തിലാണ് ഏറ്റവും ഒടുവില്‍ ആര്യാ രാജേന്ദ്രനെ കണ്ടതെന്നാണ് പാർട്ടി പ്രവർത്തകർ പറയുന്നത്.
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന അപൂർവ നേട്ടത്തോടെ സിപിഎമ്മില്‍ ഉദിച്ചുയർന്ന ആര്യാ രാജേന്ദ്രൻ, കേരള രാഷ്ട്രീയത്തില്‍ വലിയ പ്രതീക്ഷയോടെ ഉയർന്നുവന്ന യുവമുഖമായിരുന്നു. എന്നാല്‍ ഭരണകാലയളവില്‍ നേരിട്ട പ്രതിസന്ധികളും സ്വയം സൃഷ്ടിച്ചെടുത്ത വിവാദങ്ങളും, ധാർഷ്ട്യവും ധിക്കാരവും നിറഞ്ഞ പെരുമാറ്റശൈലിയുമാണ് ആര്യയുടെ കുഴിതോണ്ടിയത്. നഗരസഭയിലെ താല്‍ക്കാലിക നിയമനങ്ങളുമായി ബന്ധപ്പെട്ട് പാർട്ടി ജില്ലാ സെക്രട്ടറിക്ക് അയച്ച കത്ത് പുറത്തുവന്നത് വലിയ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചു.
നഗരസഭാ ഭരണത്തിലെ അനുഭവപരിചയക്കുറവ് പ്രധാന പദ്ധതികള്‍ നടപ്പിലാക്കുന്നതിലും പ്രതിപക്ഷ കടന്നാക്രമണങ്ങളെ ചെറുക്കുന്നതിലും പ്രതിഫലിച്ചതായി പാർട്ടിക്കുള്ളില്‍ തന്നെ വിമർശനങ്ങളുയർന്നു. തിരുവനന്തപുരം നഗരത്തില്‍ കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞുനിർത്തി ഡ്രൈവറുമായി ഉണ്ടായ തർക്കവും തുടർന്നുള്ള നിയമനടപടിയും പൊതുസമൂഹത്തിലും സോഷ്യല്‍ മീഡിയയിലും വലിയ വിമർശനങ്ങള്‍ക്ക് വഴിവെച്ചു.നഗരസഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടായ ഭരണവിരുദ്ധ തരംഗവും ബിജെപി അധികാരത്തിലെത്തിയതും നിയമസഭാ തിരഞ്ഞെടുപ്പുകളിലെ തിരിച്ചടിയും ആര്യയുടെ രാഷ്ട്രീയ ഗതിയെ പിന്നോട്ടുവലിച്ചു.
തലസ്ഥാന നഗരിയില്‍ മുന്നണിക്ക് ഭരണം നിലനിർത്താൻ സാധിക്കാതെ വന്നതില്‍ ആര്യക്ക് പ്രധാന പങ്ക് ഉണ്ടെന്ന വിമർശനങ്ങളും ആര്യയെ പ്രതിരോധത്തിലാക്കി.ഇതോടെയാണ് സംഘടനാ രംഗത്ത് പടിയിറക്കം തുടങ്ങിയത്. സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ പ്രാദേശിക യോഗങ്ങളിലും പാർട്ടി യുവജന വിഭാഗത്തിന്റെ പൊതുപരിപാടികളിലും ആര്യയുടെ സാന്നിധ്യം കുറഞ്ഞു.

















