കല്ലമ്പലത്ത് കടബാധ്യതയെത്തുടര്‍ന്ന് യുവതി സ്വയം പെട്രോളൊഴിച്ച് തീക്കൊളുത്തി മരിച്ചു. നാവായിക്കുളം കുടവൂര്‍ കണ്ണത്തുകോണം കൈലാസത്തില്‍ ശശിധരന്‍ പിള്ളയുടെയും സ്‌നേഹലതയുടെയും മകള്‍ വിദ്യ (37) ആണ് മരിച്ചത്.പനിയെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യ കഴിഞ്ഞദിവസം വൈകീട്ട് 5.45-ഓടെ നിര്‍ബന്ധപൂര്‍വം ഡിസ്ചാര്‍ജ് വാങ്ങി വീട്ടിലെത്തുകയായിരുന്നു. തുടര്‍ന്ന്, തന്റെ സ്‌ക്കൂട്ടിയില്‍ ഒഴിക്കുന്നതിനായി വാങ്ങി സൂക്ഷിച്ചിരുന്ന പെട്രോള്‍ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നു.
ശബ്ദം കേട്ടെത്തിയ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ഉടന്‍തന്നെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും 80 ശതമാനത്തോളം പൊള്ളലേറ്റ വിദ്യ രാത്രിയോടെ മരണത്തിന് കീഴടങ്ങി.സീമന്തപുരത്ത് വനിതാ ഹോട്ടല്‍ നടത്തിവരികയായിരുന്ന വിദ്യ ഭര്‍ത്താവ് മനോജുമായി വേര്‍പിരിഞ്ഞു കഴിയുകയായിരുന്നു.
കടബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. സംഭവത്തില്‍ കല്ലമ്പലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.





