ലോഹിതദാസിന്റെ രചനയില്‍ ജോഷി സംവിധാനം ചെയ്ത ചിത്രമാണ് 1992ല്‍ പുറത്തിറങ്ങിയ കൗരവർ. മലയാളികള്‍ക്കാർക്കും അങ്ങനെയൊന്നും മറക്കാൻ സാധിക്കില്ല ഈ ചിത്രം. മമ്മൂട്ടി, തിലകൻ, മുരളി തുടങ്ങി നിരവധി താരനിരതന്നെ അണിനിരന്ന ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം വരെ പ്രക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിർത്തിയാണ് അവസാനിച്ചത്. സംവിധാന മികവ്, മികച്ച തിരക്കഥ, മികവുറ്റ അഭിനയ പ്രതിഭകള്‍ എന്നിവയാല്‍ സമ്പന്നവുമാണ് ചിത്രം.മൂന്നു മക്കളില്‍ തന്റേത് ആരാണ് എന്ന സങ്കടത്തില്‍ ‘ മുത്ത് മണി തൂവല്‍ തരാം എന്ന പാട്ട് പാടിയ മമ്മൂട്ടിയുടെ ആന്റണി എന്ന കഥാപാത്രം ഒരിക്കലും മലയാളികള്‍ക്ക് മറക്കാൻ സാധിക്കില്ല.
ചിത്രത്തിന്റെ വലിയൊരു സസ്പെൻസാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.മൂന്നു പെണ്‍കുട്ടികളില്‍ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകള്‍ ആരാണ് എന്നതാണ് ഇന്നും ആരാധകർ ചോദിക്കുന്ന ചോദ്യം. എന്നാല്‍ ചിത്രം ഇറങ്ങി അന്നു തൊട്ട് ഇന്നോളം അതൊരു ചോദ്യമായി തന്നെ അവശേഷിക്കുന്നു. പല അഭിമുഖങ്ങളിലും സംവിധായകൻ ജോഷിയോ തിരക്കഥാകൃത്ത് ലോഹിതദാസോ ഇതുവരെ അതേപ്പറ്റി ഒന്നും ഇതുവരെ പറഞ്ഞിട്ടില്ല. എന്നാല്‍ മൂന്ന് പെണ്‍കുട്ടികളില്‍ ആരാണ് മമ്മൂട്ടിയുടെ മകള്‍ എന്ന് 34 വർഷങ്ങള്‍ക്കിപ്പുറം ജോഷി വെളിപ്പെടുത്തിയിരിക്കുകയാണ്.
വിഷ്ണുവർധൻ കുത്തേറ്റുവീഴുമ്പോഴും മരിക്കുന്നതിനു മുമ്പ് ആശുപത്രിയില്‍വച്ചും മമ്മൂട്ടി അയാളോട് ഇക്കാര്യം ചോദിക്കുന്നുണ്ട്. താൻ വേർതിരിച്ച് കണ്ടിട്ടില്ലെന്നും മൂന്നുപേരും ഒരുപോലെയാണെന്നുമായിരുന്നു ഉത്തരം. ചിത്രത്തിന്റെ ക്ലൈമാക്സില്‍ മുരളി ഉത്തരം കണ്ടെത്തുന്നുണ്ടെങ്കിലും മുരളിയെ മമ്മൂട്ടി പറയാൻ അനുവദിക്കാതിരിക്കുകയായിരുന്നു. എന്നാല്‍ ഏതുകുട്ടിയാണ് മമ്മൂട്ടിയുടെ മകള്‍ എന്ന കാര്യത്തില്‍ ജോഷിയും ലോഹിതദാസും കൂടി അന്നേ തീരുമാനം എടുത്തിരുന്നു.
ശ്രീക്കുട്ടി, നന്ദിനിക്കുട്ടി, പാറുക്കുട്ടി എന്നിങ്ങനെയാണ് അവരുടെ പേരുകള്‍. ആദ്യത്തെയും അവസാനത്തെയും കുട്ടികള്‍ക്ക് നീണ്ട മുഖവും നടുവിലുള്ള നന്ദിനിക്കുട്ടിക്കു മാത്രം വട്ടമുഖവുമാണ്. ഒടുവില്‍ മൂന്നുപേരെയും താരതമ്യം ചെയ്ത ശേഷം രുദ്ര അവതരിപ്പിച്ച ശ്രീക്കുട്ടി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടിയുടെ മകളായി കണ്ടെത്തുന്നത്. രൂപം കൊണ്ട് പ്രേക്ഷകർ തന്നെ തിരിച്ചറിയട്ടെയെന്നായിരുന്നു അവർ തീരുമാനിച്ചിരുന്നത്. ഇക്കാര്യം മമ്മൂട്ടിയോടും പറയാതെ തന്നെ രഹസ്യമാക്കി വെക്കുകയായിരുന്നു.












