ചരക്കുവണ്ടികള്‍ അധികഭാരമേറ്റി സംസ്ഥാനത്ത് തലങ്ങും വിലങ്ങും പാഞ്ഞിട്ടും തടയേണ്ട വകുപ്പുകള്‍ നിഷ്‌ക്രിയം.ഗതാഗത വകുപ്പ് കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ നടക്കേണ്ട കർശനമായ നിരീക്ഷണവും വിലയിരുത്തലും ഉണ്ടാകാത്തതാണ് കാരണം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടന്നിരുന്ന അതേ ഉപേക്ഷയും ‘അഡ്ജസ്റ്റുമെന്റുകളും’ സർക്കാർ മാറിയിട്ടും തുടരുന്നുവെന്നാണ് കാണുന്നത്. ഗതാഗതവകുപ്പിന് പുതിയ മന്ത്രിവന്നപ്പോള്‍ ഉണ്ടായ പ്രതീക്ഷകളും അസ്തമിച്ചുവെന്ന് മോട്ടോർ വാഹന വകുപ്പിലെ ആത്മാർത്ഥതയുള്ള ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.
പുതിയ മന്ത്രി
സി.പി. ജോണാണ് ഇപ്പോള്‍ ഗതാഗതവകുപ്പുമന്ത്രി. ചരക്കുലോറികള്‍, ടിപ്പറുകള്‍ തുടങ്ങിയവ അമിത ഭാരത്തില്‍ വസ്തുക്കളുമായി നഗരങ്ങളിലും ഗ്രാമങ്ങളിലും വ്യാപകമായി സർവീസ് നടത്തുന്നുണ്ട്. 1988 ലെ കേരള മോട്ടോർ വാഹന ചട്ടം വകുപ്പ് 194 പ്രകാരം അനുവദനീയമായ ഭാരത്തില്‍ കൂടുതല്‍ ചരക്കുമായി പോകുന്ന വാഹനങ്ങള്‍ തടഞ്ഞ് പിഴ ഈടാക്കാവുന്നതാണ്. 10000 രൂപയാണ് അടിസ്ഥാന പിഴ. അതിനൊപ്പം അധികം വരുന്ന ഓരോ ടണ്ണിനും 1500 രൂപ വീതവും. അങ്ങനെ 20000 രൂപ പിഴയൊടുക്കണം. അധികൃതരുമായി സഹകരിച്ചില്ലെങ്കില്‍ ഡ്രൈവറുടെ ലൈസൻസ് താല്‍ക്കാലികമായി അപ്പോള്‍ത്തന്നെ റദ്ദാക്കാം.
25 കോടി വീതം ലഭിക്കും
കേരളത്തില്‍ ഒറ്റ ദിവസം ഈ നിയമം കർശനമായി നടപ്പാക്കിയാല്‍ പിഴയിനത്തില്‍ സർക്കാരിന് കുറഞ്ഞത് 25 കോടി വീതം ലഭിക്കും, റോഡുയാത്ര സുരക്ഷിതവുമാകും. എന്നാല്‍, മോട്ടോർ വാഹന വകുപ്പിന് മതിയായ സൗകര്യവും സംവിധാനവും ജീവനക്കാരും ലഭ്യമാക്കാൻ ഗതാഗത വകുപ്പ് തയാറാകുന്നില്ല.മറ്റൊരു പ്രതിസന്ധി, മോട്ടോർ വാഹന വകുപ്പും പോലീസ് വകുപ്പും തമ്മിലുള്ള പ്രശ്‌നമാണ്. വാഹനങ്ങളുടെ ഓവർലോഡ് കണ്ടെത്തി പിടിക്കാൻ പോലീസില്‍ പ്രത്യേക ‘പിരിവ് കൂട്ടം’ ഉണ്ടെന്ന് പോലീസിലെ സത്യസന്ധരായ ഉദ്യോഗസ്ഥരും സമ്മതിക്കുന്നു. ഇവർ അമിതഭാര വണ്ടികള്‍ വാഹനങ്ങള്‍ തടഞ്ഞുനിർത്തി പ്രത്യേക പരിഗണനയില്‍ അനുമതി കൊടുത്തുവിടുന്നുവെന്നാണ് ആരോപിക്കപ്പെടുന്നത്.
തർക്കവും സംഘർഷവും
ഈ തരത്തിലുള്ള തർക്കവും സംഘർഷവും എംവിഡിയു ആഭ്യന്തരവകുപ്പും തമ്മിലുണ്ട്. തൃശൂരിലെ വടക്കാഞ്ചേരി പോലീസും ജില്ലാ എംവിഡി ഉദ്യോഗസ്ഥരും തമ്മിലുള്ള കേസാണ് ഈ ഇനത്തില്‍ പുതിയത്.അമിതഭാര വാഹനങ്ങള്‍ ഓടുന്ന റോഡുകള്‍ അതിവേണം നശിക്കുകയാണ്. മഴക്കാലംകൂടി ആയതോടെ റോഡുനാശം അതിവേഗമായി. ഗ്രാമങ്ങളിലെ റോഡുകള്‍ക്കാണ് വലിയ പരിക്കുകള്‍. വശങ്ങള്‍ ഇരുന്നും വലിയ ഗർത്തങ്ങള്‍ രൂപപ്പെട്ടും റോഡുകള്‍ തകരാറിലാണ്. അതത് പ്രദേശത്തെ ജനങ്ങള്‍ പരാതിപ്പെടുമ്പോള്‍ പരിധിയിലുള്ള പോലീസ് സ്‌റ്റേഷനുകള്‍ ഇടപെട്ട് തല്‍ക്കാലത്തേക്ക് നിർത്തുമെങ്കിലും വണ്ടിയോട്ടം പിന്നെയും തുടരും.
നഷ്ടം വലുതാണ്
സർക്കാരിന് കിട്ടാവുന്ന നികുതി വരുമാനത്തിലെ നഷ്ടം വലുതാണ്. അപകട സാധ്യതകളും കൂടുതലാണ്. ചരക്കു ലോറികള്‍ക്ക് സർവീസ് നടത്തുന്നതിന് ഹൈക്കോടതി സമയ പരിധി നിശ്ചയിച്ചിട്ടുണ്ട്. അതും പലപ്പോഴും ലംഘിക്കുന്നുണ്ട്. സമയ പരിധി കാക്കാൻ അതിവേഗ ഓട്ടവും അപകടമുണ്ടാക്കുന്നു. ഇത്തരം വണ്ടി ഓടിക്കുന്ന ഡ്രൈവർമാരില്‍ ചിലർക്കെങ്കിലും ഹെവി ലൈസൻസും വണ്ടി ഓടിച്ച പരിചയവും കുറവാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

















