അതിവേഗ പാതയിലൂടെ പായുന്ന ബസിനുള്ളിലിരുന്ന് ഡ്രൈവറും കണ്ടക്ടറും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഹൈവേകളിലെ യാത്രാസുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ വീണ്ടും ശക്തമാകുന്നു.ആഗ്ര-ലക്നോ എക്സ്പ്രസ്വേയില്‍ നിന്നുള്ളതെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍, മണിക്കൂറില്‍ 100 കിലോമീറ്ററോളം വേഗതയുള്ള ബസിന്റെ സ്റ്റിയറിംഗ് കൈമുട്ടുകൊണ്ട് നിയന്ത്രിച്ച് മൊബൈലില്‍ നോക്കിയിരിക്കുന്ന ഡ്രൈവറെ വ്യക്തമായി കാണാം.
ഇതിനിടയില്‍ തൊട്ടടുത്ത സീറ്റിലിരുന്ന കണ്ടക്ടറും യാതൊരു ജാഗ്രതയുമില്ലാതെ ഫോണ്‍ ഉപയോഗിച്ച് കിടക്കുകയായിരുന്നു. അലാംബാഗില്‍ നിന്ന് ഡല്‍ഹിയിലേക്ക് യാത്ര ചെയ്ത ഒരാളാണ് ഈ ദൃശ്യങ്ങള്‍ പകർത്തി പങ്കുവെച്ചത്.എക്സ്പ്രസ്വേകളിലെ നീണ്ട റോഡുകള്‍ നല്‍കുന്ന അമിത ആത്മവിശ്വാസം കാരണം ചില സ്വകാര്യ ബസ് ജീവനക്കാർ സ്ഥിരമായി ഇത്തരം അനാസ്ഥകള്‍ കാട്ടാറുണ്ടെന്ന് പോസ്റ്റില്‍ ആരോപിക്കുന്നു.
ഈ വീഡിയോ വലിയ രീതിയിലുള്ള പൊതുജന പ്രതിഷേധത്തിനാണ് കാരണമായിരിക്കുന്നത്. അതിവേഗ പാതകളില്‍ ഡ്രൈവിംഗിനിടയിലെ ചെറിയൊരു അശ്രദ്ധ പോലും വൻ ദുരന്തങ്ങള്‍ക്ക് വഴിവെക്കുമെന്ന് സുരക്ഷാ വിദഗ്ദ്ധർ മുന്നറിയിപ്പ് നല്‍കുന്നു.മറ്റുള്ളവരുടെ ജീവൻ പണയം വെച്ച് അലസത കാട്ടിയ ജീവനക്കാരുടെ ലൈസൻസ് റദ്ദാക്കണമെന്നും അവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആവശ്യം.
ഒപ്പം, ഇത്രയും അപകടകരമായ സാഹചര്യം നേരിട്ട് കണ്ടിട്ടും ബസിലെ യാത്രക്കാർ പ്രതികരിക്കാതിരുന്നതിനെതിരെയും വിമർശനങ്ങള്‍ ഉയരുന്നുണ്ട്.















