മൊബൈല്‍ ടവറോ സെല്ലുലാർ നെറ്റ്‌വർക്കോ ഇല്ലാത്ത പ്രദേശങ്ങളിലും ഇനി ആശയവിനിമയം സാധ്യമാക്കുന്ന പുതിയ സാങ്കേതികവിദ്യയുമായി പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്‌എൻഎല്‍.ഉപഗ്രഹത്തിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന പുതിയ സാറ്റലൈറ്റ് ഫോണ്‍ കമ്പനി അവതരിപ്പിച്ചു.
ദുരന്തബാധിത മേഖലകള്‍, അതിർത്തി പ്രദേശങ്ങള്‍, വനമേഖലകള്‍, കടല്‍യാത്രകള്‍ തുടങ്ങി സാധാരണ മൊബൈല്‍ സിഗ്നല്‍ ലഭിക്കാത്ത സ്ഥലങ്ങളില്‍ പോലും വോയ്സ് കോളും എസ്‌എംഎസ് സേവനവും ഉപയോഗിക്കാൻ കഴിയുന്നതാണ് ഈ ഫോണ്‍.
1,34,166 വിലയുള്ള ഈ ഫോണ്‍ സാധാരണ മൊബൈല്‍ നെറ്റ്‌വർക്കുകളെ ആശ്രയിക്കുന്നതല്ല. പകരം, ഉപഗ്രഹങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന സംവിധാനത്തിലൂടെയാണ് പ്രവർത്തിക്കുന്നത്. ആഗോള സാറ്റലൈറ്റ് സേവനദാതാക്കളായ ഇൻമാർസാറ്റ് (Inmarsat)-നുമായി സഹകരിച്ചാണ് ബിഎസ്‌എൻഎല്‍ ഈ സേവനം ഒരുക്കിയിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കായി സമീപത്തെ ബിഎസ്‌എൻഎല്‍ ഓഫീസുമായി ബന്ധപ്പെടണമെന്ന് കമ്പനി എക്‌സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.
പ്രതിരോധ മേഖല, ദുരന്തനിവാരണ പ്രവർത്തനങ്ങള്‍, ഖനന മേഖല, ഓഫ്‌ഷോർ പ്രവർത്തനങ്ങള്‍, വനമേഖലകളിലെ ഉദ്യോഗസ്ഥർ, സാഹസിക യാത്രികർ തുടങ്ങി മൊബൈല്‍ കവറേജ് ലഭിക്കാത്ത പ്രദേശങ്ങളില്‍ പ്രവർത്തിക്കുന്നവർക്ക് ഏറെ പ്രയോജനകരമാകുന്ന ഉപകരണമായിരിക്കും ഇത്.എന്നാല്‍ ഈ ഫോണ്‍ സാധാരണ സ്മാർട്ട്ഫോണുകള്‍ പോലെ ആർക്കും നേരിട്ട് വാങ്ങാൻ കഴിയില്ല. ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിന്റെ (DoT) മുൻകൂർ അനുമതി ലഭിച്ചാല്‍ മാത്രമേ ഇത് വാങ്ങാനും ഉപയോഗിക്കാനും സാധിക്കൂ.
പ്രധാന സവിശേഷതകള്‍-മൊബൈല്‍ ടവർ ഇല്ലാത്ത പ്രദേശങ്ങളിലും സാറ്റലൈറ്റ് കണക്റ്റിവിറ്റി.വ്യക്തമായ വോയ്സ് കോളിംഗ്, എസ്‌എംഎസ് സേവനം.അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കാവുന്ന SOS എമർജൻസി സപ്പോർട്ട്.ദീർഘനേരം പ്രവർത്തിക്കുന്ന ബാറ്ററി.കഠിന സാഹചര്യങ്ങള്‍ അതിജീവിക്കാൻ കഴിയുന്ന റഗ്ഗഡ് (Rugged) ഡിസൈൻ.







