തിരുവനന്തപുരം നിയമസഭാ മണ്ഡലം സിഎംപിക്ക് വിട്ടു നല്‍കാന്‍ കോണ്‍ഗ്രസില്‍ ആലോചന. സിഎംപി ജനറല്‍ സെക്രട്ടറി സി.പി.ജോണിനു വേണ്ടിയാണ് കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്യാനൊരുങ്ങുന്നത്.രണ്ടര പതിറ്റാണ്ടിനു ശേഷമാകും ശക്തമായ സ്വാധീനമുള്ള മണ്ഡലത്തില്‍ കോണ്‍ഗ്രസ് മത്സരിക്കാതെ മാറി നില്‍ക്കുന്നത്.
സിഎംപി രൂപീകരണം മുതല്‍ യുഡിഎഫില്‍ ഉറച്ചു നില്‍ക്കുന്ന സിപി ജോണ്‍ മുന്നണിയുടെ ബൗദ്ധിക മുഖം കൂടിയാണ്. പ്രകടന പത്രിക തയാറാക്കലായാലും സാമൂഹിക വിഷയങ്ങളിലെ പഠനമായാലും സിപി ജോണ്‍ മുന്നിലുണ്ടാകും. ഇത്രയേറെ കൂറ് യുഡിഎഫ് മുന്നണിയോട് പുലർത്തുന്ന ജോണിനെ നിയമസഭയിലേക്ക് എത്തിക്കാനാകാത്തതില്‍ മുന്നണി നേതാക്കളുടെ സ്വകാര്യ ദുഃഖം കൂടിയാണ്. 2011ല്‍ കുന്നംകുളത്ത് വിജയപ്രതീക്ഷ ഉയർത്തിയെങ്കിലും ബാബു എം പാലിശ്ശേരിയോട് 481 വോട്ടിന് തോല്‍ക്കുകയായിരുന്നു. സിപി ജോണിനെ അടുത്ത തവണയെങ്കിലും ജയസാധ്യതയുള്ള സീറ്റില്‍ നിർത്തി സഭയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ്.
-->
അതിനായി മുന്നണി കണ്ടെത്തിയ മണ്ഡലങ്ങളില്‍ മുന്നിലുള്ളത് തിരുവനന്തപുരമാണ്. തിരുവനന്തപുരത്ത് മത്സരിക്കാനുള്ള താല്‍പര്യം സിപി ജോണ്‍ നേതൃത്വത്തെ അറിയിച്ചിട്ടുമുണ്ട്. മണ്ഡലത്തിലെ പൊതു പരിപാടികളിലും അദ്ദേഹം കൂടുതല്‍ സജീവമാണ്. മണ്ഡലത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ സിഎംപി പ്രവർത്തകരോടും സിപി ജോണ്‍ നിർദ്ദേശിച്ചിട്ടുണ്ട്.
വിഎസ് ശിവകുമാർ തുടർച്ചയായി മത്സരിക്കുന്ന മണ്ഡലം വിട്ടുകൊടുത്താല്‍ പാർട്ടിക്കുള്ളില്‍ അത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് ആശങ്ക കോണ്‍ഗ്രസിലുണ്ട്. അതുമറി കടക്കാനായാല്‍ സിപി ജോണിന് തിരുവനന്തപുരം സീറ്റ് ലഭിക്കും. അല്ലെങ്കില്‍ തിരുവമ്ബാടി പോലുള്ള സീറ്റുകളിലേക്കും ജോണിനെ പരിഗണിച്ചേക്കും. സി പി ജോണിന് വേണ്ടി വിട്ടുവീഴ്ച ചെയ്യാൻ മുസ്ലിം ലീഗും തയ്യാറാകും എന്നാണ് സിഎംപിയുടെ പ്രതീക്ഷ.2001ല്‍ എംവി രാഘവനു വേണ്ടി അന്നത്തെ തിരുവനന്തപുരം വെസ്റ്റ് മണ്ഡലം കോണ്‍ഗ്രസ് വിട്ടു നല്‍കിയിരുന്നു. 8381 വോട്ടിന് ജയിച്ച എംവിആര്‍ ആന്റണി മന്ത്രിസഭയിലുമെത്തി. എംവി രാഘവന്റെ അവസാന തെരഞ്ഞെടുപ്പ് വിജയമായിരുന്നു അത്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക