മൊഹാലിയിലെ ഫോർട്ടിസ് ആശുപത്രിയുടെ രജത ജൂബിലി ആഘോഷത്തിനിടെ ഗൈനക്കോളജിക്കല്‍ സർജനായ ഡോക്ടർ ബുള്ളറ്റില്‍ ആശുപത്രിയ്ക്കുള്ളിലെ ആഘോഷ വേദിയിലേക്ക് എത്തിയ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ വിവാദം.ഒരു ഡോക്ടർ ഇത്തരത്തില്‍ പെരുമാറുകയാണെങ്കില്‍ രോഗികളുടെ കൂട്ടിരിപ്പുകാർ നാളെ എന്തെങ്കിലും ചെയ്താല്‍ നിങ്ങള്‍ എങ്ങനെ ചോദ്യം ചെയ്യുമെന്ന് സമൂഹ മാധ്യമ ഉപയോക്താക്കള്‍ ചോദിച്ചു. രോഗികളുടെ സുഖസൗകര്യങ്ങളെയും ആശുപത്രിയുടെ മാന്യതയെയും കുറിച്ചുള്ള ആശങ്കകളും ചിലർ ഉന്നയിച്ചു. ഒരു ആശുപത്രിയ്ക്കുള്ളില്‍ ഇത്തരം പ്രവർത്തികള്‍ ഉചിതമാണോയെന്നും ചിലർ ചോദിച്ചു.

ആശുപത്രിയ്ക്കുള്ളില്‍ ബുള്ളറ്റില്‍…

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആശുപത്രിയുടെ 25 വർഷത്തെ ആഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ടതായിരുന്നു പരിപാടി. ഇതിനായി വേദിയൊരുക്കിയത് ആശുപത്രിയ്ക്കുള്ളിലായിരുന്നു. ഈ വേദിയിലേക്കാണ് റോബോട്ടിക് ഗൈനക്കോളജിക്കല്‍ സർജൻ ഡോ. മിശ്ര, ആശുപത്രിയുടെ ഉള്ളിലൂടെ മോട്ടോർ സൈക്കിളില്‍ പില്യണ്‍ റൈഡറായി എത്തിയത്. അസാധാരണമായ ഡോക്ടറുടെ പ്രവർത്തി ഒരു ആരോഗ്യ സംരക്ഷണ കേന്ദ്രത്തിന് ചേർന്നതാണോയെന്ന് സമൂഹ മാധ്യമ ഉപയോക്താക്കള്‍ ചോദിക്കുന്നു. അതേസമയം ഡോക്ടർ ബൈക്ക് വേദിയിലേക്ക് എത്തിയപ്പോള്‍, ജീവനക്കാരും ആശുപത്രിയിലുണ്ടായിരുന്ന മറ്റ് അതിഥികളും ഉച്ചത്തിലുള്ള ആർപ്പുവിളികളോടെ സ്വീകരിക്കുന്നതും കാണാം. ഡോ. മിശ്ര സില്‍വർ ജൂബിലി പരിപാടിക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത വസ്ത്രം ധരിച്ച്‌ വേദിയിലേക്ക് നടക്കുന്നതും വീഡിയോയില്‍ കാണാം.

ആശുപത്രികള്‍ പണത്തെ മാത്രമാണ് ലക്ഷ്യമിടുന്നത്

ആശുപത്രിയുടെ പ്രധാന സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നിന്ന് പങ്കുവയ്ക്കപ്പെട്ട വീഡിയോ വൈറലായതിന് പിന്നാലെ വിവാദം ഉയർത്തുകയും ചെയ്തതോടെ യഥാർത്ഥ വീഡിയോ നീക്കം ചെയ്തു. എന്നാല്‍, അതിനകം വീഡിയോ വിവിധ പ്ലാറ്റ്ഫോമുകളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടിരുന്നു. സമൂഹ മാധ്യമ ഉപയോക്താക്കളില്‍ ചിലർ ‘3 ഇഡിയറ്റ്‌സ്’ രംഗമെന്ന അഭിനന്ദനവുമായെത്തിയപ്പോള്‍ മറുഭാഗത്ത് ഡോക്ടർക്കും ഈയൊരു പ്രവർത്തിക്ക് അനുവാദം നല്‍കിയ ആശുപത്രി മാനേജ്മെന്‍റിനും എതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. ആശുപത്രി പരിസരത്ത് മോട്ടോർ സൈക്കിള്‍ ഓടിക്കുന്നത് ഉചിതമാണോയെന്നായിരുന്നു പലരുടെയും ചോദ്യം. ബുള്ളറ്റിന്‍റെ ശബ്ദം രോഗികളെ എത്രമാത്രം അസ്വസ്ഥമാക്കിയിരിക്കുമെന്ന് പലരും ചോദിക്കുന്നു. രോഗികളോടുള്ള സഹാനുഭൂതിക്കപ്പുറം സാധാരണക്കാരുടെ പണം പിടിച്ച്‌ വാങ്ങാനുള്ള ഒരു മാർഗ്ഗം മാത്രമായി ആശുപത്രികള്‍ അധഃപതിക്കുന്നതിന്‍റെ ലക്ഷണമാണ് ഇതൊക്കെ എന്നായിരുന്നു മറ്റൊരു കുറിപ്പ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക