രാവിലെ നടക്കാന്‍ ഇറങ്ങിയ ഡോക്ടറെ അഞ്ജാത സംഘം തട്ടിക്കൊണ്ടുപോയി.ആറു കോടി രൂപ നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ സംഘം തൊട്ടടുത്ത ദിവസം ഡോക്ടര്‍ക്ക് 300 രൂപ ബസ് കൂലി നല്‍കി വിട്ടയച്ചു.
ബെല്ലാരി ജില്ലാ ആശുപത്രിയിലെ കുട്ടികളുടെ ഡോക്ടറായ ഡോ. സുനിലിനെയാണ് (45) അഞ്ജാതര്‍ ശനിയാഴ്ച്ച രാവിലെ തട്ടിക്കൊണ്ടുപോയതെന്ന് പോലിസ് പറഞ്ഞു. രാവിലെ ആറിന് സുര്യനാരായണ്‍ പേട്ടയിലെ ശനീശ്വര ക്ഷേത്രത്തിന് സമീപത്തുനിന്നാണ് ടാറ്റ ഇന്‍ഡിഗോ കാറില്‍ എത്തിയ സംഘം ഡോക്ടറെ തട്ടിക്കൊണ്ടുപോയത്.
തുടര്‍ന്ന് ഡോക്ടറുടെ സഹോദരനും മദ്യവ്യാപാരി സംഘടനയുടെ ജില്ലാ നേതാവുമായ വേണുഗോപാല്‍ ഗുപ്തയെ വാട്ട്‌സാപ്പില്‍ വിളിച്ചു. ആദ്യം രണ്ടു കോടി രൂപ ആവശ്യപ്പെട്ടു. പിന്നീട് ഇത് മൂന്നും ആറും കോടിയായി ഉയര്‍ന്നു. സ്വര്‍ണമായി തന്നാല്‍ മതിയെന്നും ആവശ്യമുണ്ടായി.
എന്നാല്‍, വേണുഗോപാല്‍ ഇക്കാര്യം പോലിസില്‍ അറിയിച്ചു. തുടര്‍ന്ന് പോലിസ് ജില്ലയില്‍ കര്‍ശന പരിശോധന നടത്തി. പക്ഷേ, ഞായറാഴ്ച്ച തന്നെ കുറ്റവാളികള്‍ ഡോക്ടറെ ഒരു പാടത്ത് ഉപേക്ഷിച്ചു. വീട്ടില്‍ പോവാന്‍ 300 രൂപ ബസ് കൂലിയും നല്‍കിയാണ് വിട്ടയച്ചത്.രഹസ്യകേന്ദ്രത്തിലാണ് ആദ്യം തന്നെ തടങ്കലില്‍ വച്ചതെന്ന് ഡോ. സുനില്‍ പോലിസിനെ അറിയിച്ചു. കൈയ്യും കാലും കെട്ടി. വായില്‍ തുണിതിരുകിയെന്നും ഡോക്ടര്‍ പറഞ്ഞു. പണം ലഭിക്കില്ലെന്ന് അറിഞ്ഞ സംഘം വളരെ ദുഖത്തിലായിരുന്നുവെന്നും ഡോക്ടര്‍ കൂട്ടിചേര്‍ത്തു.

















