ഇതുവരെ മൂന്ന് മലയാള സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും, മലയാളി പ്രേക്ഷകർ ഒരിക്കലും മറക്കാത്ത നടിയാണ് ശ്രുതി കൃഷ്ണ. പേര് പെട്ടെന്ന് ഓർമ്മ വന്നില്ലെങ്കില്‍ പോലും ‘കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ’ (1998) എന്ന ചിത്രത്തിലെ “അമ്പിളി” എന്ന് കേള്‍ക്കുമ്പോള്‍, ഈ മുഖം പ്രേക്ഷകരുടെ മനസ്സിലേക്ക് ഓടിയെത്തും.
മമ്മൂട്ടി നായകനായ ‘ഓരാള്‍ മാത്രം’ (1997) എന്ന ചിത്രത്തിലൂടെയാണ് ശ്രുതി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. ജയറാമിന്റെ നായികയായുള്ള ‘കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ’ അവരുടെ രണ്ടാമത്തെ ചിത്രമായിരുന്നു. പിന്നീട് 2004-ല്‍ കൊച്ചിൻ ഹനീഫയോടൊപ്പം ‘സി.ഐ മഹാദേവൻ 5 അടി 4 ഇഞ്ച്’ എന്ന ചിത്രത്തിലും അഭിനയിച്ചെങ്കിലും അത് വലിയ ശ്രദ്ധ നേടിയില്ല.
നിലവില്‍ മലയാളത്തില്‍ സജീവമല്ലെങ്കിലും സ്വന്തം നാടായ കർണാടകയിലെ സിനിമകളിലും ടെലിവിഷൻ ഷോകളിലും ശ്രുതി ഇപ്പോഴും സജീവമാണ്. കർണാടക സംസ്ഥാന ചലച്ചിത്ര അവാർഡില്‍ മികച്ച നടിക്കുള്ള പുരസ്കാരം രണ്ട് തവണ അവർ സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ തമിഴ്‌നാട് സർക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്കാരവും നേടിയിട്ടുണ്ട്. 36 വർഷത്തെ നീണ്ട കരിയറില്‍ 150-ലധികം ചിത്രങ്ങളില്‍ അവർ അഭിനയിച്ചു.
ഒരു നാടക കലാകുടുംബത്തിലാണ് ശ്രുതി (യഥാർത്ഥ പേര് ഗിരിജ) ജനിച്ചത്. റിപ്പോർട്ടുകള്‍ പ്രകാരം ശ്രുതിയുടെ പിതാവ് ജി.വി. കൃഷ്ണ ഒരു നാടക കമ്പനി ഉടമയായിരുന്നു. തന്റെ നാടകസംഘത്തിലെ അംഗങ്ങളായിരുന്ന രാധ, രുക്മിണി എന്ന ഇരട്ട സഹോദരിമാരെയാണ് ജി.വി. കൃഷ്ണ വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ ഇവർക്ക് മൂന്ന് മക്കളുണ്ട് – ശ്രുതി, നടൻ ശരണ്‍, ഉഷ.
കൗതുകകരമായ കാര്യം, ഈ രണ്ടു അമ്മമാരില്‍ ആരാണ് തനിക്ക് ജന്മം നല്‍കിയതെന്ന കാര്യം ശ്രുതിയ്ക്ക് അറിയില്ല എന്നതാണ്. ഇതില്‍ ഏത് കുട്ടി, ഏത് അമ്മയ്ക്ക് ജനിച്ചുവെന്ന കാര്യം ഈ കുടുംബം ഇതുവരെ ലോകത്തോട് വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, ഈ അമ്മമാരും മക്കളും തമ്മില്‍ വളരെ അടുപ്പത്തിലാണ്. ഒരു അമ്മയ്ക്ക് പകരം രണ്ട് അമ്മമാരുടെ സ്നേഹം അനുഭവിച്ചാണ് താൻ വളർന്നതെന്ന് ശ്രുതി പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്.
കരിയറിനപ്പുറം ശ്രുതിയുടെ വ്യക്തിജീവിതം എപ്പോഴും ചർച്ചയായിരുന്നു, പ്രത്യേകിച്ച് ഇരട്ട സഹോദരിമാരുള്ള പിതാവിന്റെ വിവാഹം. എന്നാല്‍ രണ്ട് അമ്മമാരുടെ സ്നേഹവും പരിചരണവും ഒരുപോലെ ആസ്വദിക്കാൻ കഴിഞ്ഞതില്‍ താൻ അഭിമാനിക്കുന്നുവെന്നാണ് ശ്രുതി എപ്പോഴും പറയാറുള്ളത്. തങ്ങള്‍ക്ക് ജന്മം നല്‍കിയ യഥാർത്ഥ അമ്മ ആരാണെന്ന് തനിക്കോ സഹോദരങ്ങള്‍ക്കോ അറിയില്ലെന്നും അത് കണ്ടെത്തേണ്ട ആവശ്യം ഇതുവരെ വന്നിട്ടില്ലെന്നും ശ്രുതി പറയുന്നു.
“ഞങ്ങളെ സംബന്ധിച്ച് അത് അറിയേണ്ടത് ആവശ്യമായി തോന്നിയിട്ടില്ല. ഞങ്ങള്‍ക്ക് വേണമെങ്കില്‍ ഒരു ചോദ്യം കൊണ്ട് മാത്രം അതിന്റെ ഉത്തരം കണ്ടെത്താം. പക്ഷേ ഞങ്ങള്‍ വ്യത്യസ്തരല്ല, എല്ലാവരും ഒന്നാണെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. ഈ കുടുംബത്തിന്റെ ഐക്യം അറിയാത്തവരാണ് ഇത്തരം കാര്യങ്ങളെക്കുറിച്ച് ഓർത്ത് വിഷമിക്കുന്നത്. അവർ രണ്ടുപേരും ഞങ്ങളുടെ അമ്മമാരാണ്. അവർ ഞങ്ങളെ ഒരുപോലെ സ്നേഹിക്കുന്നു, ഞങ്ങളും തിരിച്ചും അങ്ങനെതന്നെ. ആര് ആരുടേതാണെന്ന വേർതിരിവില്ല. അവിടെ ഒരു പക്ഷപാതത്തിന്റെ ആവശ്യമുണ്ടോ?” എന്നാണ് ശ്രുതി ഒരിക്കല്‍ ചോദിച്ചത്.
തന്റെ പതിനാലാം വയസ്സില്‍ ‘നമ്പിദ്രെ നമ്പി ബിട്രെ ബിഡി’ (1990) എന്ന ചിത്രത്തിലൂടെയാണ് ഗിരിജ അഭിനയം ആരംഭിക്കുന്നത്. എന്നാല്‍ ഈ ചിത്രത്തിലും തൊട്ടടുത്ത ചിത്രത്തിലും ‘പ്രിയദർശിനി’ എന്ന പേരാണ് അവർക്ക് നല്‍കിയിരുന്നത്. ആ പേര് തനിക്ക് ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ലെങ്കിലും ഒരു തുടക്കക്കാരിയായതിനാല്‍ അവർ എതിർപ്പൊന്നും പ്രകടിപ്പിച്ചില്ല.
പിന്നീട് ദ്വാരകീഷിന്റെ ‘ശ്രുതി’ (1990) എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ താരം തന്റെ ഈ വിഷമം സംവിധായകനോട് പങ്കുവെച്ചു. തുടർന്ന് ചിത്രത്തിന്റെ പേര് തന്നെ തന്റെ സിനിമയിലെ പേരാക്കി മാറ്റാൻ സംവിധായകൻ നിർദ്ദേശിക്കുകയായിരുന്നു. ആ പേര് ആകർഷകമായി തോന്നിയതിനാലും അക്കാലത്ത് മറ്റ് പ്രമുഖ നടിമാർക്ക് ആ പേര് ഇല്ലാതിരുന്നതിനാലും ഗിരിജ തന്റെ പേര് ‘ശ്രുതി’ എന്ന് മാറ്റി. ആ സിനിമ വൻ ഹിറ്റാവുകയും അവരുടെ കരിയറില്‍ വലിയൊരു വഴിത്തിരിവായി മാറുകയും ചെയ്തു.
സ്ത്രീകേന്ദ്രീകൃതമായ സിനിമകളിലെ മികച്ച പ്രകടനങ്ങളിലൂടെ ശ്രുതി കൂടുതല്‍ ജനപ്രീതി നേടി. അംബരീഷ് നായകനായ, എസ്. മഹേന്ദർ സംവിധാനം ചെയ്ത ‘ഗൗഡ്രു’ (2004) എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ശ്രുതിക്ക് രണ്ടാമത്തെ സംസ്ഥാന പുരസ്കാരം ലഭിക്കുന്നത്. കന്നഡ സൂപ്പർ താരം വിഷ്ണുവർദ്ധനൊപ്പം ടൈം ബോംബ് (1994), തുമ്പിദ മണെ (1995), മോജുഗര സൊഗസുഗര (1995), വീരപ്പ നായക (1999) തുടങ്ങി നിരവധി ചിത്രങ്ങളില്‍ അവർ ഒന്നിച്ച് അഭിനയിച്ചു. കാട്ടേര (2023) ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലെ അഭിനയം അവരെ കൂടുതല്‍ പ്രശസ്തയാക്കി.
പരാജയപ്പെട്ട രണ്ട് വിവാഹങ്ങള്‍, രാഷ്ട്രീയ ജീവിതം
90-കളുടെ അവസാനത്തില്‍ കരിയറിന്റെ തിളക്കത്തില്‍ നില്‍ക്കുമ്പോഴാണ് ശ്രുതി സംവിധായകൻ എസ്. മഹേന്ദറിനെ വിവാഹം കഴിക്കുന്നത്. എന്നാല്‍ അക്കാലത്തെ മറ്റ് നടിമാരെപ്പോലെ വിവാഹശേഷം അവർ സിനിമയില്‍ നിന്ന് മാറിനിന്നില്ല. ശക്തമായ കഥാപാത്രങ്ങളിലൂടെ അവർ സിനിമയില്‍ തുടർന്നു. എന്നാല്‍ വ്യക്തിജീവിതത്തില്‍ അവർക്ക് ചില തിരിച്ചടികള്‍ നേരിടേണ്ടി വന്നു. 11 വർഷത്തെ ദാമ്പത്യത്തിനൊടുവില്‍ മഹേന്ദറുമായുള്ള വിവാഹബന്ധം വേർപിരിഞ്ഞു. ഈ ബന്ധത്തില്‍ ഗൗരി ശ്രുതി എന്നൊരു മകളുണ്ട്. പിന്നീട് 2013-ല്‍ മാധ്യമപ്രവർത്തകനും കവിയുമായ ചക്രവർത്തി ചന്ദ്രചൂഡിനെ വിവാഹം കഴിച്ചെങ്കിലും ആ ബന്ധം ഒരു വർഷം മാത്രമേ നീണ്ടുനിന്നുള്ളൂ.










