സിനിമാ താരങ്ങളായ നീന കുറുപ്പ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാല്‍ എന്നിവർക്കെതിരെ കൊച്ചി പൊലീസ് കമ്മിഷണർക്ക് പരാതി നല്‍കി ‘അമ്മ’ ഓഫീസിലെ ജീവനക്കാരി അതുല്യ.താനുമായി അപകീർത്തികരമായ ബന്ധമുണ്ടെന്ന് പറയാൻ ഓഫീസിലെ സെക്യൂരിറ്റി ജീവനക്കാരനെ കുക്കു പരമേശ്വരൻ നിർബന്ധിച്ചുവെന്നാണ് പരാതി. ഇതുസംബന്ധിച്ച ശബ്ദസന്ദേശം അതുല്യ പുറത്തുവിട്ടു.
കുക്കു പരമേശ്വരനും ഉണ്ണി ശിവപാലും ചേർന്ന് ഒരു കാരണവുമില്ലാതെ തന്നെ ഓഫീസില്‍ നിന്ന് പറഞ്ഞുവിട്ടെന്ന് അതുല്യ മുൻപ് ആരോപിച്ചിരുന്നു. അമ്മയിലും പൊലീസിലും തൊഴില്‍ വകുപ്പിലും ഇതുസംബന്ധിച്ച് പരാതി നല്‍കിയിരുന്നു. ശേഷം ശ്വേതാ മേനോൻ അതുല്യയെ തിരിച്ചെടുത്തിരുന്നു. തിരിച്ചെടുത്തതിനുശേഷമാണ് തന്നെക്കുറിച്ച് മോശം കഥകള്‍ പ്രചരിപ്പിക്കുന്നതെന്നാണ് പരാതി. അതുല്യയെക്കൂടാതെ സെക്യൂരിറ്റി ജീവനക്കാരനെയും പിരിച്ചുവിട്ടിരുന്നു.
തന്നെ പിരിച്ചുവിട്ടതിന്റെ ഭാഗമായി നടന്ന ഗൂഢാലോചനയുടെ പേരിലാണ് പൊലീസ് കമ്മിഷണർക്ക് പരാതി നല്‍കിയതെന്ന് അതുല്യ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. നീന കുറുപ്പ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാല്‍ എന്നിവർ ചേർന്നാണ് തിരക്കഥ തയ്യാറാക്കിയത്. ശബ്ദസന്ദേശം ഉള്‍പ്പടെയാണ് പരാതി നല്‍കിയതെന്നും ഇവർ പറഞ്ഞു.
















