ഇറക്കുമതി തീരുവ ഉയർത്തിയതിന് പിന്നാലെ സ്വർണ വിലയിലുണ്ടായ വലിയ വർധനവ് ആഭരണ വിപണിയെ കടുത്ത പ്രതിസന്ധിയിലാണ് കൊണ്ടെത്തിച്ചിരിക്കുന്നത്.പവൻ വില ഒരു ലക്ഷം ആയപ്പോള്‍ തന്നെ സ്വർണാഭരണങ്ങള്‍ വാങ്ങാൻ മടിച്ച ഉപഭോക്താക്കള്‍ ഇനി ജ്വല്ലറിയിലേക്ക് തിരിഞ്ഞുനോക്കില്ലെന്ന ആധിയാണ് കച്ചവടക്കാർ പങ്കുവെയ്ക്കുന്നത്.

അതിനിടയിലിതാ തമിഴ്നാട്ടില്‍ നിന്നുള്ള ജ്വല്ലറി വ്യാപാരികള്‍ കടുത്ത തീരുമാനത്തിലേക്ക് കടന്നിരിക്കുകയാണ്. സ്വർണ നാണയങ്ങളുടെ വില്‍പ്പന നിർത്താനാണ് ഇവരുടെ തീരുമാനം. ഒപ്പം വിവിധ പ്രൊമോഷണല്‍ സ്വർണ്ണ പദ്ധതികളും നിർത്തുകയാണ്. സംസ്ഥാനത്തെ ഏകദേശം 30,000 സ്വർണ്ണ വ്യാപാരികളുടേതാണ് തീരുമാനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്വർണ ഇറക്കുമതി തീരുവയില്‍ ഉണ്ടായ അപ്രതീക്ഷിത വർധനയും ജി എസ് ടി ഉയരാനിടയുണ്ടെന്ന അഭ്യൂഹങ്ങളുമാണ് വ്യാപാരികളുടെ ഇപ്പോഴത്തെ നീക്കത്തിന് പിന്നിലെന്ന് തമിഴ്നാട് ജ്വല്ലേഴ്‌സ് ഫെഡറേഷൻ അറിയിച്ചു. “ഇറക്കുമതി തീരുവ ഒറ്റരാത്രികൊണ്ട് ഉയർത്തി. ജിഎസ്ടി വർധിപ്പിക്കുമെന്ന വാർത്തകളും വിപണിയില്‍ പ്രചരിക്കുന്നുണ്ട്. ഇതോടെ സ്വർണ്ണവ്യാപാര രംഗം വലിയ സമ്മർദ്ദത്തിലാണ്’,ജ്വല്ലേഴ്സ് ഫെഡറേഷൻ അംഗം ശബരീനാഥിനെ ഉദ്ധരിച്ച്‌ ദി ഹിന്ദു റിപ്പോർട്ട് ചെയ്തു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ മാസം മാത്രം 125 ടണ്‍ സ്വർണം വാങ്ങിയതും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിലെ സാഹചര്യത്തില്‍ ആഭ്യന്തര ആവശ്യകത കുറയുകയാണെങ്കില്‍ ബാങ്കുകളില്‍ നിന്നുള്ള വായ്പ തിരിച്ചടവുകള്‍ക്കും തിരിച്ചടിയാകാമെന്ന ആശങ്കയും അദ്ദേഹം പങ്കുവച്ചു.

ഇതിനിടെ, സർക്കാർ നികുതി വർധനവിന്റെ പ്രതിഫലനം വിപണിയില്‍ ഉടൻ തന്നെ അനുഭവപ്പെട്ടുവെന്നാണ് കോയമ്പത്തൂർ ഗോള്‍ഡ്‌സ്മിത്ത്സ് അസോസിയേഷൻ പ്രസിഡന്റ് എസ്.എം. കമല്‍ ഹസൻ പറയുന്നത്. സർക്കാർ ഏകദേശം 10 ശതമാനം നികുതി വർധിപ്പിച്ചതിനെ തുടർന്ന് ബുധനാഴ്ച മാത്രം ഒരു ഗ്രാം സ്വർണത്തിന് 1000 രൂപവരെ കൂടി. ചൊവ്വാഴ്ച 14,400 ആയിരുന്ന ഒരു ഗ്രാം സ്വർണത്തിന്റെ വില ബുധനാഴ്ച 15,400 രൂപയായി ആയി ഉയർന്നു. ഇതില്‍ ഏകദേശം 3,000 നികുതിയാണെന്നും അദ്ദേഹം വ്യക്തമാക്കി.”അടുത്ത മാസം വിവാഹ സീസണ്‍ ആരംഭിക്കാനിരിക്കുകയാണ്. അപ്പോള്‍ സ്വർണവിലയും ഉപഭോക്താക്കളുടെ ചെലവും എങ്ങനെയാകുമെന്ന് കാത്തിരുന്ന് കാണേണ്ടിവരും എന്നും അദ്ദേഹം പറഞ്ഞു.

തമിഴ്നാട്ടിലെ പ്രധാന സ്വർണവ്യാപാര കേന്ദ്രങ്ങളിലൊന്നായ കോയമ്പത്തൂരില്‍ മാത്രം ഏകദേശം 35,000 സ്വർണപ്പണിക്കാരുണ്ടെന്നാണ് കണക്ക്. ഒരു ലക്ഷത്തോളം ആളുകള്‍ ഈ മേഖലയെ ആശ്രയിച്ചാണ് ഉപജീവനം നടത്തുന്നത്. സ്വർണവിലയിലെ കനത്ത ചാഞ്ചാട്ടം ഇതിനകം തന്നെ വിപണിയെ പ്രതികൂലമായി ബാധിച്ചുവെന്നും വ്യാപാര സംഘടനകള്‍ പറയുന്നു. “കഴിഞ്ഞ ഒരു വർഷത്തിനിടെ സ്വർണ വില്‍പ്പനയില്‍ ഏകദേശം 60 ശതമാനം ഇടിവ് രേഖപ്പെടുത്തി,’ എന്നാണ് ശബരിനാഥിന്റെ വിലയിരുത്തല്‍.

ഇതിനുള്ള പരിഹാരമായി രാജ്യത്തിനകത്ത് ജനങ്ങളുടെ കൈവശമുള്ള ഏകദേശം 25,000 ടണ്‍ സ്വർണം വിപണിയിലേക്ക് കൊണ്ടുവരാനുള്ള ഒരു രൂപരേഖ സർക്കാരിന് സമർപ്പിച്ചതായും അദ്ദേഹം പറഞ്ഞു. സ്വർണം പണമാക്കാനുള്ള പദ്ധതികളില്‍ ജ്വല്ലറികളെയും പങ്കാളികളാക്കണമെന്ന് ഫെഡറേഷൻ ആവശ്യപ്പെട്ടു.

അതോടൊപ്പം, ഗോള്‍ഡ് ഇടിഎഫുകളും ഡിജിറ്റല്‍ സ്വർണ വില്‍പ്പനയും ഉടൻ നിയന്ത്രിക്കുകയോ നിരോധിക്കുകയോ വേണമെന്ന ആവശ്യവും ഫെഡറേഷൻ മുന്നോട്ടുവച്ചു. സ്വർണ ഇറക്കുമതിക്കാർ, ചാനല്‍ ഏജന്റുമാർ, ബുള്ളിയൻ ഡീലർമാർ എന്നിവരെയും കൂടുതല്‍ നിയന്ത്രണ വിധേയരാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

സ്വർണവില ചരിത്രത്തിലെ ഉയർന്ന നിലകളിലേക്ക് കുതിക്കുമ്പോള്‍ കേരളത്തിലും ഉപഭോക്താക്കളും വ്യാപാരികളും ഒരുപോലെ ആശങ്കയിലാണ്. പ്രത്യേകിച്ച്‌ വിവാഹ സീസണ്‍ അടുത്തിരിക്കെ, വരും ദിവസങ്ങളില്‍ സ്വർണ വിപണിയില്‍ കൂടുതല്‍ വിലക്കയറ്റവും വ്യാപാര മന്ദഗതിയും ഉണ്ടാകുമോയെന്ന ആശങ്കയാണ് വ്യാപാരികള്‍ പങ്കുവെയ്ക്കുന്നത്. കൃത്യമായ നടപടി സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെങ്കില്‍ കച്ചവടം തന്നെ പൂട്ടിക്കെട്ടേണ്ടി വരുമെന്നാണ് ഇവർ പറയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക