അന്താരാഷ്ട്ര വിപണിയില്‍ വെള്ളിയാഴ്ച സ്വർണവില കാര്യമായ മാറ്റങ്ങളില്ലാതെ തുടർന്നെങ്കിലും ഒരാഴ്ചയ്ക്കിടെ ലോഹത്തിന് ഏകദേശം 2% നഷ്ടമാണ് രേഖപ്പെടുത്തിയത്.എണവില ബാരലിന് 126 ഡോളറിലേക്ക് കുതിച്ചുയർന്നതാണ് ഈ സ്ഥിതിക്ക് കാരണം. ഇത് പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകള്‍ വർദ്ധിപ്പിക്കുകയും പലിശ നിരക്കുകള്‍ ദീർഘകാലത്തേക്ക് ഉയർന്ന നിലയില്‍ തുടരുമെന്ന ധാരണ ഉണ്ടാക്കുകയും ചെയ്തതോടെ സ്വർണത്തിന് തിരിച്ചടിയായി.
വെള്ളിയാഴ്ച രാവിലെ സ്പോട്ട് സ്വർണവില ഔണ്‍സിന് ഏകദേശം 4,620 ഡോളറിലെത്തി. ബുധനാഴ്ച ഒരു മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയ ജൂണ്‍ ഡെലിവറി യുഎസ് ഗോള്‍ഡ് ഫ്യൂച്ചറുകള്‍ 0.1% വർദ്ധിച്ച് 4,632.70 ഡോളറുമായി.ഇതിനിടെ വ്യാഴാഴ്ച എണ്ണവില ബാരലിന് 126 ഡോളർ വരെ ഉയർന്നിരുന്നു. പിന്നീട് അല്പം കുറഞ്ഞെങ്കിലും നിലവില്‍ 110 ഡോളറിന് മുകളിലാണ് വില. ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധം മൂന്നാം മാസത്തിലേക്ക് കടന്നതും ഹോർമുസ് കടലിടുക്ക് ഇപ്പോഴും ഉപരോധത്തിലായതുമാണ് എണ്ണ വില ഉയരാനുള്ള പ്രധാന കാരണം. ഇത് നിക്ഷേപകരില്‍ ആശങ്കയും അനിശ്ചിതത്വവും നിലനിർത്തുന്നുണ്ട്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന ആഗോള വിപണിയില്‍ കൂടുതല്‍ ആശങ്കകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ഇറാനിയൻ തുറമുഖങ്ങളിലെ സൈനിക ഉപരോധം പല മാസങ്ങളോളം തുടരാൻ സാധ്യതയുണ്ടെന്നാണ് ട്രംപ് പറഞ്ഞത്.കൂടാതെ കൂടുതല്‍ സൈനിക നീക്കങ്ങള്‍ അമേരിക്ക ആസൂത്രണം ചെയ്യുന്നതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
മറുവശത്ത് വാഷിംഗ്ടണ്‍ ആക്രമണം തുടർന്നാല്‍ അമേരിക്കൻ താവളങ്ങളില്‍ കനത്ത പ്രഹരം നല്‍കുമെന്ന മുന്നറിയിപ്പാണ് ഇറാൻ നല്‍കുന്നത്. അമേരിക്കയുമായുള്ള ചർച്ചകളില്‍ നിന്ന് പെട്ടെന്നൊരു സമാധാന കരാർ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്ന് ഇറാനിയൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയില്‍ ബാഗായി പറഞ്ഞു. ‘ആര് മധ്യസ്ഥനായാലും ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒരു കരാറിലെത്താൻ സാധ്യതയില്ല’ എന്നായിരുന്നു അദ്ദേഹത്തിൻ്റെ വാക്കുകള്‍.
ഇത്തരമൊരു ആഗോള സാഹചര്യത്തില്‍ ഹ്രസ്വകാലയളവില്‍ സ്വർണവില അസ്ഥിരമായി തുടരാനും ഒരു നിശ്ചിത പരിധിക്കുള്ളില്‍ നീങ്ങാനും സാധ്യതയുണ്ടെന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്. 10 ഗ്രാമിന് 1,48,000 രൂപയ്ക്ക് സമീപം സ്വർണ്ണത്തിന് പിന്തുണ ലഭിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധനായ ജതിൻ ത്രിവേദി ചൂണ്ടിക്കാട്ടുന്നത്.
എണ്ണവില ഉയരുമ്പോഴും സ്വർണവില കുറയുന്നത് വിപണി സാമ്പത്തിക വളർച്ചയെക്കാള്‍ പണപ്പെരുപ്പത്തെയും സെൻട്രല്‍ ബാങ്കുകളുടെ നയപരമായ നടപടികളെയും കുറിച്ചാണ് ആശങ്കപ്പെടുന്നത് എന്നതിൻ്റെ സൂചനയാണെന്നാണ് മറ്റൊരു വിദഗ്ദ്ധനായ കാർസ്റ്റണ്‍ മെൻകെ ചൂണ്ടിക്കാട്ടിയത്.
ദീർഘകാലയളവിലേക്കുള്ള ഒരു പ്രവചനം ഡ്യൂഷെ ബാങ്കും പങ്കുവെച്ചു. ആഗോള സെൻട്രല്‍ ബാങ്ക് കരുതല്‍ ശേഖരത്തില്‍ സ്വർണ്ണത്തിന്റെ പങ്ക് ഏകദേശം 30% ല്‍ നിന്ന് 40% ആയി ഉയരാൻ സാധ്യതയുണ്ടെന്ന് ബാങ്ക് പറയുന്നു. ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍, സ്വർണ്ണവില അടുത്ത അഞ്ച് വർഷത്തിനുള്ളില്‍ ഔണ്‍സിന് 8,000 ഡോളറിലേക്ക് ഉയരാനും നിലവിലുള്ള വിലനിലവാരത്തില്‍ നിന്ന് ഏകദേശം 80% വരെ മുന്നേറ്റം നേടാനും സാധ്യതയുണ്ട്.

















