അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിൻ്റെ മരണത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സംസ്ഥാനത്ത് നാളെ (ഏപ്രില്‍ 28, ചൊവ്വാഴ്ച) ഹർത്താല്‍.ജസ്റ്റിസ് ഫോര്‍ നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സിലും ദളിത് ആദിവാസി സംഘടനകളുമാണ് ഹർത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഹർത്താല്‍ ബന്ദായി മാറുമെന്നും എല്ലാവരും സഹകരിക്കണമെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു. നിരവധി സംഘടനകള്‍ ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അവർ ആരൊക്കെയെന്നും ഹർത്താലില്‍ നിന്ന് ഒഴിവാക്കിയത് ആരെയെല്ലാം എന്നും അറിയാം.
ഏപ്രില്‍ 28 ചൊവ്വാഴ്ച ഹർത്താല്‍
ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാർഥിയായിരുന്ന തിരുവനന്തപുരം സ്വദേശി നിതിൻ രാജിൻ്റെ മരണത്തിനുത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് നാളെ ഏപ്രില്‍ 28ന് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ 6 മണി മുതല്‍ വൈകിട്ട് 6 മണി വരെയാണ് ഹര്‍ത്താല്‍. കാമ്പസ് കൊലപാതകങ്ങള്‍ക്കെതിരെയുള്ള പ്രതിരോധം എന്ന നിലയിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
പ്രതിഷേധക്കാരുടെ ആവശ്യങ്ങള്‍ എന്തെല്ലാം?
നിതിന്‍ രാജിൻ്റെ മരണത്തിനുത്തരവാദികളായവരെ മുഴുവന്‍ അറസ്റ്റ് ചെയ്യുക, അഞ്ചരക്കണ്ടി ദന്തല്‍ കോളജിൻ്റെ അഫിലിയേഷന്‍ റദ്ദു ചെയ്യുക, രോഹിത് വെമുല ആക്‌ട് നടപ്പിലാക്കുക, നിതിൻ്റെ കുടുംബത്തിന് പത്ത് കോടി രൂപ നഷ്ടപരിഹാരം നല്‍കുക, ജുഡീഷ്യല്‍ മേല്‍നോട്ടത്തില്‍ കേസ് അന്വേണം നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ഹര്‍ത്താല്‍.
ഏപ്രില്‍ 28 ഹർത്താലിനെ പിന്തുണക്കുന്നത് ആരെല്ലാം?
ജസ്റ്റിസ് ഫോര്‍ നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സിലും ദളിത് ആദിവാസി സംഘടനകളുമാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പൗര സമൂഹവുമുള്‍പ്പെടെ അറുപതോളം സംഘടനകളാണ് ഹര്‍ത്താലിനെ പിന്തുണക്കുന്നതെന്നാണ് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടത്.
റോഡിലിറങ്ങുന്ന സ്വകാര്യ വാഹനങ്ങള്‍ തടയും
ഹർത്താല്‍ ദിനത്തില്‍ റോഡിലിറങ്ങുന്ന സ്വകാര്യ വാഹനങ്ങള്‍ തടയുമെന്നും വ്യാപാരികള്‍ കട കമ്പോളങ്ങള്‍ അടച്ച് സഹകരിക്കണമെന്നും ആക്ഷന്‍ കമ്മിറ്റി ജില്ലാ കണ്‍വീനര്‍ സുനില്‍ കൊയിലേരിയന്‍ കണ്ണൂരില്‍ നടത്തിയ വാർത്താ സമ്മേളനത്തില്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഹര്‍ത്താല്‍ ബന്ദായി മാറുമെന്നും എല്ലാവരും സഹകരിക്കണമെന്നുമാണ് ഇവർ ആവശ്യപ്പെടുന്നത്.
അവശ്യ സർവീസുകളെ ഒഴിവാക്കി
അവശ്യ സർവീസുകളെ ഹര്‍ത്താലില്‍ നിന്നുമൊഴിവാക്കിയിട്ടുണ്ട്. പത്രം പാല്‍, ആശുപത്രി എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ആക്ഷന്‍ കമ്മിറ്റി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഡി സുരേന്ദ്രനാഥ്, കുഞ്ഞമ്പു കല്യാശ്ശേരി, വിജയന്‍ വിസി എന്നിവരും പങ്കെടുത്തു.
ഹർത്താലിന് പിന്തുണയുമായി കെപിഎസ്‌എം
നിതിൻ രാജിൻ്റെ മരണത്തില്‍ നീതി ആവശ്യപ്പെട്ട് ദളിത് സംഘടനകള്‍ ഏപ്രില്‍ 28 ചൊവ്വാഴ്ച പ്രഖ്യാപിച്ച ഹർത്താലിന് കേരള പിന്നാക്ക സമുദായ മുന്നണി (കെപിഎസ്‌എം) പിന്തുണ പ്രഖ്യാപിച്ചു. നിതിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തില്‍ പോലീസ് പുലർത്തുന്ന നിസ്സംഗതയിലും പ്രതികളെ സംരക്ഷിക്കാനുള്ള നീക്കങ്ങളിലും പ്രതിഷേധിച്ചാണ് ഹർത്താലിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതെന്ന് കെപിഎസ് സംസ്ഥാന പ്രസിഡൻ്റ് കെവി പത്മനാഭനും ജനറല്‍ സെക്രട്ടറി എസ് അൻവറും പ്രസ്താവനയിലൂടെ പറഞ്ഞു. പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും കേസ് സ്വതന്ത്ര ഏജൻസിക്ക് കൈമാറണമെന്നും ഇവർ ആവശ്യപ്പെട്ടു.

















