കേരളത്തില്‍ ഭരണമാറ്റമുണ്ടാവുമെന്നും യു.ഡി.എഫ് അധികാരത്തില്‍ വരുമെന്നും ഉറപ്പിച്ച്‌ കേന്ദ്ര, സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങള്‍. സംസ്ഥാനത്തെ ഓരോ മണ്ഡലത്തിലും ഇഴകീറി നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് ഏജൻസികള്‍ ഇത്തരമൊരു നിലപാടിലെത്തിയത്. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം 75 മുതല്‍ 80 സീറ്റുകള്‍ വരെ നേടി യുഡിഎഫ് ഭരണം പിടിക്കുമെന്ന് പറയുമ്പോള്‍ കേന്ദ്ര ഏജൻസികള്‍ 90സീറ്റ് വരെ കിട്ടാമെന്ന വിലയിരുത്തലിലാണ്. ആറ് മന്ത്രിമാർ തോല്‍ക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗങ്ങളും പറയുന്നു. തെക്ക്, വടക്ക്, മദ്ധ്യ മേഖലകളില്‍ മന്ത്രിമാർ തോല്‍ക്കാനിടയുണ്ടെന്നാണ് വിലയിരുത്തല്‍.

ബിജെപിക്ക് അഞ്ച് സീറ്റുവരെ കിട്ടിയേക്കാമെന്നാണ് വിലയിരുത്തല്‍. ഇരുപതോളം മണ്ഡലങ്ങളില്‍ ബിജെപി രണ്ടാമത് എത്താനുമിടയുണ്ട്. യു.ഡി.എഫ് തരംഗം ആഞ്ഞുവീശിയില്ലെങ്കിലും പോലും പ്രമുഖരുടെ തോല്‍വിയടക്കം അട്ടിമറികള്‍ ഏറെയുണ്ടാവുമെന്നാണ് ഏജൻസികളുടെ വിലയിരുത്തല്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സർപ്രൈസ് റിസള്‍ട്ട് ഉണ്ടാക്കുമെന്ന് ഐ.ബി റിപ്പോ‌ർട്ട് ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം കേന്ദ്രമന്ത്രി സുരേഷ് ഗോപിയും പറഞ്ഞിരുന്നു. കടിച്ച്‌ പറിക്കുന്ന പുലികളെപ്പോലെ ബി ജെ പി അംഗങ്ങള്‍ ഇക്കുറി നിയമസഭയിലെത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബി ജെ പിയുടെ കരുത്തുറ്റ സാന്നിധ്യം കേരള രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും സുരേഷ് ഗോപി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇതെല്ലാം രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണെന്നാണ് വിലയിരുത്തല്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പരമാവധി വോട്ടുകള്‍ പോള്‍ ചെയ്യിക്കാനാണ് എല്ലാ കക്ഷികളുടെയും ശ്രമം. ജാതി, സമുദായ സമവാക്യങ്ങള്‍ സൃഷ്ടിക്കുന്ന അടിയൊഴുക്കുകള്‍ വിധി നിർണയത്തില്‍ സുപ്രധാന ഘടകമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.


യു.ഡി.എഫ് ഭരണം പിടിക്കുമെങ്കില്‍, ഇടതിന് സിറ്റിംഗ് സീറ്റുകള്‍ കാര്യമായി നഷ്ടമാവുന്ന സ്ഥിതിയുണ്ടാവണം. ഭരണം ആർക്കെന്ന് നിശ്ചയിക്കപ്പെടുന്ന കൊല്ലം, തിരുവനന്തപുരം അടക്കം തെക്കൻ മേഖലയിലെ സീറ്റുകളില്‍ ഇത്തവണ ഇടതിന് കാര്യമായ കൈനഷ്ടം ഉണ്ടാവുമെന്നാണ് വിലയിരുത്തല്‍. തമിഴ്നാട്ടിലെ അതിർത്തി മണ്ഡലമായ വിളവങ്കോട് മണ്ഡലത്തില്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹായിടവക സെക്രട്ടറി ടി.ടി.പ്രവീണിനെ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയാക്കിയതോടെ, തിരുവനന്തപുരത്തെ 7 മണ്ഡലങ്ങളില്‍ സഭയുടെ പിന്തുണ കോണ്‍ഗ്രസിന് ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

തിരുവനന്തപുരത്തിന്റെ അയല്‍പ്രദേശമായ വിളവങ്കോട്ടെ പോരാട്ടം കേരളത്തിലെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. നെയ്യാറ്റിൻകര, പാറശാല, നേമം, കോവളം, തിരുവനന്തപുരം, അരുവിക്കര, കാട്ടാക്കട മണ്ഡലങ്ങളില്‍ സിഎസ്‌ഐ സഭയ്ക്ക് സ്വാധീനമുണ്ട്. പ്രവീണ്‍ മത്സരിക്കുന്ന വിളവങ്കോട് കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റാണ്. 2021ല്‍ 28669 വോട്ടുകള്‍ക്ക് വിജയിച്ച കോണ്‍ഗ്രസ് 2024-ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ഇരട്ടിയോളമാക്കിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക