വ്യാഴാഴ്ച നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂർത്തിയായി വരുന്നു. രാവിലെ ഏഴുമുതല്‍ വൈകീട്ട് വോട്ടെടുപ്പുദിവസം പ്ലാനിങ് സെക്രട്ടേറിയറ്റില്‍ ജില്ലാ കണ്‍ട്രോള്‍ റൂമും വെബ്കാസ്റ്റിങ് കണ്‍ട്രോള്‍ റൂമും പ്രവർത്തിക്കും.
വോട്ടർമാർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍
1. വോട്ടർപട്ടികയില്‍ പേരുണ്ടെന്ന് ഉറപ്പാക്കുക. വോട്ടർ ഐ.ഡി. കാർഡ് (എപിക്) കൈവശമുണ്ടെങ്കിലും പട്ടികയില്‍ പേരുണ്ടെങ്കില്‍ മാത്രമേ വോട്ട് ചെയ്യാനാകൂ. voters.eci.gov.inഎന്ന വെബ്സൈറ്റ് വഴി പട്ടികയില്‍ പേരുണ്ടെന്ന് ഉറപ്പാക്കാം. ബി.എല്‍.ഒ.മാർ നല്‍കുന്ന വോട്ടർ ഇൻഫർമേഷൻ സ്ലിപ്പ് വോട്ടെടുപ്പിനു മുൻപായി കൈപ്പറ്റുക.
2. തിരിച്ചറിയല്‍ രേഖകള്‍: വോട്ടർ ഐ.ഡി. കാർഡ്, ആധാർ കാർഡ്, പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്, എം.ജി.എൻ.ആർ.ഇ.ജി.എ. ജോബ് കാർഡ്, ഫോട്ടോ പതിപ്പിച്ച ബാങ്ക്/ തപാല്‍ പാസ്ബുക്ക്, തൊഴില്‍ മന്ത്രാലയത്തിന്റെ പദ്ധതിപ്രകാരം നല്‍കിയ ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ്, ആയുഷ്മാൻ ഭാരത് ഹെല്‍ത്ത് കാർഡ്, എൻ.പി.ആർ. പ്രകാരം ആർ.ജി.ഐ. അനുവദിച്ച സ്മാർട്ട് കാർഡ്, ഫോട്ടോ സഹിതമുള്ള പെൻഷൻ രേഖകള്‍, എം.പി.മാർ, എം.എല്‍.എ.മാർ എന്നിവർക്കു നല്‍കുന്ന ഔദ്യോഗിക തിരിച്ചറിയല്‍ കാർഡ്, കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, പബ്ലിക് ലിമിറ്റഡ് കമ്പനികള്‍ എന്നിവ അനുവദിച്ച ഫോട്ടോ സഹിതമുള്ള സർവീസ് ഐഡന്റിറ്റി കാർഡ്, സാമൂഹികനീതി ശാക്തീകരണ മന്ത്രാലയം നല്‍കുന്ന യുണീക് ഡിസെബിലിറ്റി ഐ.ഡി. (യു.ഡി.ഐ.ഡി.) കാർഡ്. ഇവയുടെ ഡിജിറ്റല്‍ കോപ്പികള്‍ അനുവദിക്കുന്നതല്ല.
3. വോട്ട് രേഖപ്പെടുത്തുന്ന രീതി: വോട്ടിങ് മെഷീനില്‍ ഉദ്ദേശിക്കുന്ന സ്ഥാനാർഥിയുടെ പേരിനു നേരേയുള്ള ബട്ടണ്‍ അമർത്തുക. ഉടൻതന്നെ മെഷീനില്‍നിന്ന് ഒരു ബീപ് ശബ്ദം കേള്‍ക്കാം.
വിവി പാറ്റ് പരിശോധന: ബട്ടണ്‍ അമർത്തിയശേഷം മെഷീനു സമീപം വിവി പാറ്റ് ബോക്സിനുള്ളിലെ ഗ്ലാസിലൂടെ നിങ്ങള്‍ വോട്ടുചെയ്ത സ്ഥാനാർഥിയുടെ പേരും ചിഹ്നവും അടങ്ങിയ സ്ലിപ്പ് ഏഴുസെക്കൻഡ് നേരത്തേക്കു കാണാനാകും. വോട്ട് കൃത്യമായി രേഖപ്പെടുത്തിയെന്ന് ഇതിലൂടെ ഉറപ്പാക്കാം.
4. ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരൻമാർക്കും ക്യൂ നില്‍ക്കാതെ വോട്ടുചെയ്യാം. റാംപ് സൗകര്യം, ടോയ്ലറ്റ് സൗകര്യം എന്നിവ ലഭ്യമായിരിക്കും. ബൂത്തിനുള്ളില്‍ മൊബൈല്‍ഫോണ്‍ ഉപയോഗം കർശനമായി നിരോധിച്ചിട്ടുണ്ട്. കുടുംബശ്രീ വൊളന്റിയർമാർക്കാണ് ഫോണുകള്‍ സൂക്ഷിക്കുന്നതിനുള്ള ചുമതല. മൊബൈല്‍ ഫോണുകള്‍ സൂക്ഷിക്കുന്ന സംവിധാനത്തിന്റെ മേല്‍നോട്ടച്ചുമതല ബി.എല്‍.ഒ.മാർക്കായിരിക്കും. ടോക്കണ്‍ സംവിധാനത്തിലൂടെയായിരിക്കും മൊബൈല്‍ഫോണ്‍ സൂക്ഷിക്കുക. വോട്ട് ചെയ്തശേഷം ടോക്കണ്‍ തിരികെ നല്‍കി മൊബൈല്‍ ഫോണ്‍ കൈപ്പറ്റാം. പോളിങ്ബൂത്തിന്റെ 100 മീറ്റർ പരിധിക്കു മുൻപായി ഫോണ്‍ സ്വിച്ച് ഓഫ് ആക്കണം. ഭിന്നശേഷിക്കാർക്കും വയോജനങ്ങള്‍ക്കും ഗർഭിണികള്‍ക്കും സേവനം നല്‍കാൻ വൊളന്റിയർമാരുണ്ടാകും.





