കത്തുന്ന വേനല്‍ച്ചൂടിനേക്കാള്‍ വലിയ രാഷ്ട്രീയച്ചൂടില്‍ വെന്തുരുകി സംസ്ഥാനം. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, വോട്ടർമാരെ നേരില്‍ കാണാനുള്ള നെട്ടോട്ടത്തിലാണ് മുന്നണികള്‍.നാളെ വൈകുന്നേരത്തോടെ പരസ്യപ്രചാരണത്തിന് സമാപനം കുറിച്ചുള്ള ആവേശകരമായ ‘കലാശക്കൊട്ട്’ നടക്കും.

ദേശീയ നേതാക്കളുടെ പടനിര തന്നെയാണ് അവസാന ഘട്ടത്തില്‍ കേരളത്തില്‍ തമ്പടിച്ചിരിക്കുന്നത്. ഓരോ വോട്ടും ഉറപ്പിക്കാൻ തന്ത്രങ്ങള്‍ മെനയുന്ന മുന്നണികളുടെ പ്രധാന പ്രചാരണ വിശേഷങ്ങള്‍ താഴെ പറയുന്നവയാണ്

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യു.ഡി.എഫ്: രാഹുലും പ്രിയങ്കയും കളത്തില്‍

കോണ്‍ഗ്രസിന്റെ കരുത്ത് തെളിയിക്കാൻ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഇന്ന് വടക്കൻ കേരളത്തില്‍ പ്രചാരണത്തിന് നേതൃത്വം നല്‍കും. വയനാട് ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ ഇരുവരുടെയും സാന്നിധ്യം യു.ഡി.എഫ് ക്യാമ്പുകള്‍ക്ക് വലിയ ആവേശമാണ് പകരുന്നത്. കൂടാതെ കൊല്ലം ജില്ലയില്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നയിക്കുന്ന ബ്രഹ്മാണ്ഡ റോഡ് ഷോയും ഇന്ന് നടക്കും.

എല്‍.ഡി.എഫ്: വികസനം പറഞ്ഞ് മുഖ്യമന്ത്രി

ഭരണനേട്ടങ്ങള്‍ ഉയർത്തിക്കാട്ടിയാണ് ഇടതുപക്ഷത്തിന്റെ വോട്ടുതേടല്‍. സംസ്ഥാന സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രകാശനം ചെയ്യും. തുടർന്ന് വൈകുന്നേരം മൂന്ന് മണിക്ക് പെരളശ്ശേരിയില്‍ നടക്കുന്ന റോഡ് ഷോയില്‍ മുഖ്യമന്ത്രി പങ്കെടുക്കും. താഴെത്തട്ടിലുള്ള വോട്ടർമാരെ നേരില്‍ കണ്ട് സർക്കാരിന്റെ വികസനത്തുടർച്ച ഉറപ്പാക്കാനാണ് എല്‍.ഡി.എഫ് ലക്ഷ്യമിടുന്നത്.

എൻ.ഡി.എ: അമിത് ഷായും ചൗഹാനും തമ്പടിക്കുന്നു

കേരളത്തില്‍ താമര വിരിയിക്കാൻ കേന്ദ്രമന്ത്രിമാരുടെ വലിയ നിരതന്നെയാണ് രംഗത്തുള്ളത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിലവില്‍ കേരളത്തില്‍ പ്രചാരണത്തിന് നേതൃത്വം നല്‍കുന്നുണ്ട്. ഇന്നലെ ബേപ്പൂരില്‍ എൻ.ഡി.എ സ്ഥാനാർത്ഥിക്കായി അദ്ദേഹം വോട്ടുതേടിയിരുന്നു. കേന്ദ്രമന്ത്രി ശിവ്രാജ് സിംഗ് ചൗഹാൻ ഇന്ന് പാലക്കാട് മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക