പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷങ്ങളെത്തുടർന്ന് രാജ്യത്ത് പാചകവാതക വിതരണത്തില്‍ ചെറിയ തടസ്സങ്ങള്‍ നേരിടുന്ന സാഹചര്യമാണല്ലോ.സിലിണ്ടർ ബുക്കിംഗ് വൈകുന്നതിനെപ്പറ്റിയുള്ള ആശങ്കകള്‍ക്കിടയില്‍, നമ്മള്‍ നിത്യവും ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടറിന്റെ ഭാരത്തെക്കുറിച്ചുള്ള കൗതുകകരമായ ചില വസ്തുതകള്‍ പരിശോധിക്കാം.
സിലിണ്ടറിലെ വാതകത്തിന്റെ അളവ് എന്തുകൊണ്ടാണ് 14 അല്ലെങ്കില്‍ 15 കിലോ എന്ന റൗണ്ട് ഫിഗർ ആക്കാതെ 14.2 കിലോ എന്ന് കൃത്യമായി നിശ്ചയിച്ചിരിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? ഇതിന് പിന്നില്‍ ശാസ്ത്രീയവും പ്രായോഗികവുമായ ചില കാരണങ്ങളുണ്ട്.
സിലിണ്ടറിന് 14.2 കിലോ ഭാരം വേണമെന്ന് കർശനമായ നിയമമൊന്നുമില്ല. സർക്കാരിന് എപ്പോള്‍ വേണമെങ്കിലും ഇത് മാറ്റാനും കഴിയും. പക്ഷേ സാധാരണക്കാർക്ക് സിലിണ്ടർ എളുപ്പത്തില്‍ ഉപയോഗിക്കാനും കൊണ്ടുപോകാനും കഴിയണം, വില ഒരു ഭാരമാകരുത് എന്നതൊക്കെക്കെ ലക്ഷ്യമിട്ടാണ് ഗ്യാസ് സിലിണ്ടറിന്റെ ഭാരം 14.2ആയി നിശ്ചയിച്ചത്. രാജ്യത്ത് വീടുകളില്‍ പാചകവാതകം ഉപയോഗിക്കാൻ തുടങ്ങുന്നത് 1950കളിലാണ്. അന്ന് ‘ബർമ ഷെല്‍’എന്ന വിദേശ കമ്പനിയായിരുന്നു ഗ്യാസ് വിതരണം ചെയ്തിരുന്നത്. അവരാണ് ആദ്യമായി സിലിണ്ടറിന്റെ വലുപ്പവും ഭാരവും നിശ്ചയിച്ചത്. ഈ കമ്പനിയാണ് പിന്നീട് പേര് മാറി ഇന്നത്തെ ഭാരത് പെട്രോളിയം ആയത്.
ബർമ ഷെല്‍ കമ്പനി സിലിണ്ടറിന്റെ ഭാരം തീരുമാനിച്ചത് പ്രധാനമായും മൂന്ന് കാര്യങ്ങള്‍ പരിഗണിച്ചായിരുന്നു
- എളുപ്പത്തില്‍ കൊണ്ടുപോകാം: 14.2 കിലോ ഗ്യാസും കാലി സിലിണ്ടറിന്റെ ഭാരവും ചേരുമ്പോള്‍ ആകെ ഏകദേശം 29 മുതല്‍ 30 കിലോ വരെ വരും. അന്നത്തെ കണക്കനുസരിച്ച്, ഒരു സാധാരണക്കാരന് എളുപ്പത്തില്‍ പൊക്കി കൊണ്ടുപോകാൻ കഴിയുന്ന ഏറ്റവും കൂടിയ ഭാരമായിരുന്നു ഇത്. 30 കിലോയില്‍ കൂടുതലായാല്‍ അത് ചുമക്കാനും വീടിനകത്തേക്ക് കൊണ്ടുപോകാനും പ്രയാസമാകുമായിരുന്നു.
- ഒരു മാസത്തെ ഉപയോഗം: ഒരു സാധാരണ ഇടത്തരം കുടുംബത്തിന് ഒരു മാസം എത്ര ഗ്യാസ് വേണ്ടിവരുമെന്ന് വിദഗ്ദ്ധർ കണക്കുകൂട്ടി. 14.2 കിലോ ഗ്യാസ് ഏകദേശം 30 മുതല്‍ 45 ദിവസം വരെ (അതായത് ഒന്നോ ഒന്നരയോ മാസം) ഉപയോഗിക്കാൻ കഴിയുമെന്ന് അവർ കണ്ടെത്തി. ഒരു സിലിണ്ടർ വാങ്ങിയാല്‍ കുറഞ്ഞത് ഒരു മാസമെങ്കിലും കിട്ടണം എന്നതായിരുന്നു ലക്ഷ്യം.
- വിതരണത്തിലെ എളുപ്പം: ഒരു സിലിണ്ടർ ഒരു കുടുംബത്തിന് ഒരു മാസം തികയുമെന്ന് ഉറപ്പായതോടെ, ഗ്യാസ് ഏജൻസികള്‍ക്ക് വിതരണത്തിന്റെ കണക്കുകള്‍ സൂക്ഷിക്കാൻ എളുപ്പമായി. പുതിയ സിലിണ്ടർ ബുക്ക് ചെയ്യുന്നതും എത്തിച്ചുനല്‍കുന്നതും ചിട്ടപ്പെടുത്താൻ ഈ ‘മോഡല്‍’ സഹായിച്ചു. പതിറ്റാണ്ടുകളായി ഇന്ത്യയില്‍ ഈ 14.2 കിലോയുടെ രീതി വിജയകരമായി തുടരുന്നു.

















