പെട്രോള്‍, ഗ്യാസ് വിലവർധനവിന് പിന്നാലെ രാജ്യത്തെ സാധാരണക്കാരുടെ പോക്കറ്റ് ചോർത്ത മൊബൈല്‍ റീച്ചാർജ് നിരക്കുകളും വർധിക്കാൻ ഒരുങ്ങുന്നു.ആഗോള സാമ്പത്തിക ഗവേഷണ സ്ഥാപനമായ നൊമൂറ റിസർച്ചിന്റെ (Nomura Research) ഏറ്റവും പുതിയ റിപ്പോർട്ടിലാണ് വരും മാസങ്ങളില്‍ ഇന്ത്യയില്‍ വൻതോതില്‍ നിരക്ക് വർധനയുണ്ടാകുമെന്ന മുന്നറിയിപ്പുള്ളത്. നിലവിലെ സാഹചര്യത്തില്‍ ഈ വർധനവ് ജനങ്ങള്‍ക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരിക്കുമെന്നാണ് വിലയിരുത്തല്‍.
ഇറാൻ യുദ്ധത്തെത്തുടർന്നുണ്ടായ ആഗോള പ്രതിസന്ധിയും കടുത്ത വിലക്കയറ്റവും മൂലം ദുരിതത്തിലായ ഇന്ത്യൻ ഉപഭോക്താക്കള്‍ക്ക് ഈ തീരുമാനം കനത്ത പ്രഹരമാകും. ഏകദേശം രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്ത് വീണ്ടും ടെലികോം നിരക്കുകള്‍ ഉയരുന്നത്.
മൂന്നാം പാദത്തില്‍ 15% വരെ വർധനവ്
നടപ്പുസാമ്പത്തിക വർഷത്തിന്റെ (2026-27) ഒക്ടോബർ – ഡിസംബർ (മൂന്നാം പാദം) കാലയളവില്‍ കമ്പനികള്‍ നിരക്ക് വർധന നടപ്പിലാക്കുമെന്നാണ് വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ വ്യക്തമാക്കുന്നത്.
മൂന്നാം പാദത്തില്‍ 15% വരെ നിരക്ക് വർധിപ്പിക്കാനാണ് കമ്പനികളുടെ നീക്കം. 2019-ന് ശേഷം കൃത്യമായി ഓരോ രണ്ട് വർഷം കൂടുമ്പോഴും ഇന്ത്യൻ ടെലികോം കമ്പനികള്‍ 19% മുതല്‍ 29% വരെ നിരക്കുകള്‍ വർധിപ്പിച്ചിട്ടുണ്ട്.
ഇന്റർനെറ്റിനായി ഉപഭോക്താക്കള്‍ ചെലവാക്കുന്ന തുകയും, ഒരു ഉപഭോക്താവില്‍ നിന്ന് കമ്പനിക്ക് ലഭിക്കുന്ന ശരാശരി വരുമാനവും ഇന്ത്യയില്‍ വളരെ കുറവാണെന്നാണ് ടെലികോം കമ്പനികളുടെ വാദം. എന്നാല്‍ ഇന്ത്യക്കാരുടെ പ്രതിശീർഷ വരുമാനം കുറവായതിനാല്‍, നിലവിലെ നിരക്കുകള്‍ പോലും മറ്റ് പല രാജ്യങ്ങളെക്കാളും ഉപഭോക്താക്കള്‍ക്ക് ഭാരമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
വിദ്യാഭ്യാസം, തൊഴില്‍, ബാങ്കിംഗ് സേവനങ്ങള്‍ തുടങ്ങി നിത്യജീവിതത്തിലെ എല്ലാ കാര്യങ്ങള്‍ക്കും മൊബൈല്‍ ഫോണിനെ ആശ്രയിക്കുന്ന സാഹചര്യത്തില്‍, റീച്ചാർജ് നിരക്കിലുണ്ടാകുന്ന നേരിയ വർധനവ് പോലും സാധാരണക്കാരുടെ കുടുംബ ബജറ്റിനെ ദോഷകരമായി ബാധിക്കും.
പ്രതീക്ഷിക്കുന്ന മാറ്റങ്ങള്‍
വലിയൊരു വിഭാഗം ഉപഭോക്താക്കളും ഇപ്പോഴും കുറഞ്ഞ തുകയുടെ പ്ലാനുകളാണ് ഉപയോഗിക്കുന്നത്. നിരക്ക് കൂടിയാല്‍ പലരും മൊബൈല്‍ റീച്ചാർജിനായി ചെലവിടുന്ന തുക വെട്ടിക്കുറച്ചേക്കാം. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി പലരും കൈവശമുള്ള ഒന്നിലധികം സിം കാർഡുകളുടെ ഉപയോഗം അവസാനിപ്പിക്കാനും സാധ്യതയുണ്ട്.
എന്തുകൊണ്ട് ഈ വിലവർധന?
മൊബൈല്‍ നെറ്റ്വർക്കുകളുടെ വിപുലീകരണവും പരിപാലനവും, ഒപ്പം സ്പെക്‌ട്രം ലൈസൻസിനായി സർക്കാരിലേക്ക് വലിയ തുക അടയ്ക്കേണ്ടതുമാണ് നിരക്ക് കൂട്ടാൻ കമ്പനികളെ പ്രേരിപ്പിക്കുന്നത്. കമ്പനികളുടെ വരുമാന വളർച്ച നിലനിർത്താൻ റീച്ചാർജ് പ്ലാനുകള്‍ വിലകൂട്ടുകയല്ലാതെ മറ്റ് വഴികളില്ലെന്ന് ടെലികോം മേഖലയിലുള്ളവർ വാദിക്കുന്നു.
അതേസമയം, ചൈന, ജപ്പാൻ, കാനഡ തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് നിരക്കുകള്‍ വളരെ കുറവാണെന്നും, അതിനാല്‍ ബ്രോഡ്ബാൻഡ് നിരക്കുകളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ഉപഭോക്താക്കളെ അത്രത്തോളം ബാധിച്ചേക്കില്ലെന്നും നൊമൂറ റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.

















