ബഗളൂരുവില്‍ നാല് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പൊലീസ് ഇൻസ്‌പെക്ടർ പിടിയില്‍.കെ.പി. അഗ്രഹാര പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറായ ഗോവിന്ദരാജുവിനെയാണ് ലോകായുക്ത പോലീസ് അറസ്റ്റ് ചെയ്തത്.ബെംഗളൂരുവിലെ ബില്‍ഡറില്‍ നിന്ന് 4 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇൻസ്പെക്ടർ പിടിയിലായത്. പിടിയിലാകുന്നതിനിടെ ഇൻസ്പെക്ടർ പൊട്ടിക്കരഞ്ഞു. പിടിയിലാകുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.
ചാമരാജ്‌പേട്ടിലെ സിറ്റി ആംഡ് റിസർവ് (CAR) ഗ്രൗണ്ടില്‍ വെച്ച് ബില്‍ഡറായ മുഹമ്മദ് അക്ബറില്‍ നിന്ന് പണം വാങ്ങുമ്പോഴാണ് ഇൻസ്പെക്ടറി കൈയ്യോടെ പിടികൂടിയത്. തനിക്കെതിരെയുള്ള വഞ്ചനാക്കേസില്‍ നിന്നും ഒഴിവാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി ഗോവിന്ദരാജു 5 ലക്ഷം രൂപയാണ് അക്ബറില്‍ നിന്ന് ആവശ്യപ്പെട്ടത്. ഈ കേസില്‍ അക്ബറും മറ്റ് രണ്ട് പേരുമാണ് പ്രതികളായിരുന്നത്.കൈക്കൂലി തുകയുടെ ആദ്യ ഗഡുവായി ജനുവരി 24-ന് ഒരു ലക്ഷം രൂപ അക്ബർ നല്‍കിയിരുന്നു. ബാക്കി തുക വ്യാഴാഴ്ച നല്‍കാമെന്ന് ഉറപ്പ് നല്‍കുകയും ഇതിനിടെ ലോകായുക്ത പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു.
ലോകായുക്തയുടെ നിർദ്ദേശപ്രകാരം ബാക്കി തുക വാങ്ങാനായി സി.എ.ആർ ഗ്രൗണ്ടിലെത്താൻ അക്ബർ ഇൻസ്പെക്ടറോട് ആവശ്യപ്പെട്ടു. വൈകുന്നേരം 4:30-ഓടെ പോലീസ് യൂണിഫോമില്‍ ഔദ്യോഗിക വാഹനത്തിലെത്തിയ ഗോവിന്ദരാജു, ഫിനോള്‍ഫ്തലിൻ പൗഡർ പുരട്ടിയ നോട്ടുകള്‍ വാങ്ങിയ ഉടൻ തന്നെ ലോകായുക്ത ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അഴിമതി നിരോധന നിയമപ്രകാരം ഇൻസ്പെകടറെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ മറ്റ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്ന കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

















