കാഞ്ഞിരപ്പള്ളിയിൽ വീടിനുള്ളിൽ സ്ത്രീയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി. മോർക്കോലിൽ ഷേർലി മാത്യു (45) ആണ് കൊല്ലപ്പെട്ടത്. ഷേർലിയെ വീടിനുള്ളിൽ കഴുത്തറത്ത നിലയിലും, കൂടെയുണ്ടായിരുന്ന യുവാവിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മരിച്ച യുവാവ് കോട്ടയം സ്വദേശിയാണ്. കോട്ടയം ആലുമ്മൂട് കുരുട്ടുപറമ്ബില്‍ ജോബിനെയാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഞായറാഴ്ച രാത്രി ഒൻപതരയോടെ സംഭവം. ഷേർളിയെ ഫോണില്‍ വിളിച്ചിട്ട് ലഭിക്കാത്തതിനെത്തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും അന്വേഷിച്ചെത്തിയപ്പോഴാണ് വിവരം അറിയുന്നത്. വീടിനുള്ളില്‍ കിടപ്പുമുറിയിലെ കട്ടിലിനോട് ചേർന്ന് രക്തം വാർന്ന നിലയിലായിരുന്നു ഷേർളിയുടെ മൃതദേഹം. കഴുത്തറുത്ത നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. യുവാവിനെ സ്റ്റെയർകേയ്‌സില്‍ തുങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഉടൻ തന്നെ കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
ഏഴ് മാസം മുൻപാണ് ഷേർളി കൂവപ്പള്ളിയിലെ വീട്ടില്‍ താമസിക്കാനെത്തിയത്. ഷേർളിയുടെ ഭർത്താവ് ഏതാനും മാസങ്ങള്‍ക്ക് മുൻപാണ് മരിച്ചത്. ഇതിനുശേഷമാണ് ഇവർ ഇവിടേക്ക് താമസം മാറിയത്. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ കാഞ്ഞിരപ്പള്ളി പോലീസ് അന്വേഷണം ആരംഭിച്ചു.

















