മലയാറ്റൂരില്‍ രണ്ടു ദിവസം മുമ്ബ് കാണാതായ 19 കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം. മലയാറ്റൂർ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്ബില്‍ ഷൈജുവിന്റെയും ഷിനിയുടെയും മകള്‍ ചിത്രപ്രിയ (19)യെയാണ് വീട്ടില്‍ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള പറമ്ബില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജീർണിച്ചു തുടങ്ങിയ മൃതദേഹത്തിന് 2 ദിവസത്തെ പഴക്കമുണ്ട് എന്നാണ് പ്രാഥമിക നിഗമനം.
അതിനാല്‍ തന്നെ കാണാതായയുടൻ പെണ്‍കുട്ടി കൊല്ലപ്പെട്ടുവെന്നാണ് കരുതുന്നത്.കൂടാതെ ചിത്രപ്രിയയുടെ തലയ്ക്കു പിന്നില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ടെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ ഇതൊരു കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. എന്നാല്‍ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ.
അതേസമയം സംഭവുമായി ബന്ധപ്പെട്ട് 2 പേർ പോലീസ് കസ്റ്റഡിയിലുണ്ട്. ചിത്രപ്രിയയെ കാണാതാകുന്നതിനു മുമ്ബ് ഫോണില്‍ സംസാരിച്ചവരാണ് ഇരുവരും. ബെംഗളരുവില്‍ ഏവിയേഷൻ ബിരുദ വിദ്യാർഥിനിയായ ചിത്രപ്രിയയെ ശനിയാഴ്ച മുതലാണ് കാണാതായത്. അടുത്തുള്ള കടയില്‍ പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി പിന്നീട് തിരിച്ചു വന്നില്ല.
തുടർന്ന് വീട്ടുകാർ കാലടി പോലീസില്‍ പരാതി നല്‍കി. അന്വേഷണത്തിനിടെയാണ് പറമ്ബില്‍ നിന്ന് ദുർഗന്ധം വമിക്കുന്നുവെന്ന നാട്ടുകാരുടെ അറിയിപ്പിനെ തുടർന്ന് പോലീസ് പരിശോധന നടത്തിയത്. മലയാറ്റൂർ മണപ്പാട്ട് ചിറയ്ക്ക് സമീപത്തെ സെബിയൂർ റോഡിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്ബിലാണ് മൃതദേഹം കണ്ടെത്തിയത്.

















