കെഎം മാണിയുടെ കൊച്ചുമകനും ജോസ് കെ മാണിയുടെ മകനുമായ കെഎം മാണി ജൂനിയർ സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നു എന്ന സൂചനയാണ് തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് അദ്ദേഹത്തിന്റെ സാന്നിധ്യം. ആദ്യഘട്ടത്തിൽ പാലാ നിയോജകമണ്ഡലത്തിൽ സാന്നിധ്യം ഇല്ലായിരുന്നുവെങ്കിലും ഇപ്പോൾ പാലായിലും കുഞ്ഞുമണി പ്രചരണവുമായി സജീവമാകുന്നുണ്ട്. രണ്ടുപേരുടെ മരണത്തിനിടയാക്കിയ വാഹന അപകട കേസിൽ പ്രതിയായതോടെയാണ് കെഎം മാണി ജൂനിയറിന്റെ രാഷ്ട്രീയ പ്രവേശം വൈകിയത്.
ചാനൽ ക്യാമറകളുടെ അകമ്പടിയോടെയാണ് ജോസ് കെ മാണിയുടെ മകൻ വീട് വീടാന്തരം കേറി വോട്ട് അഭ്യർത്ഥിക്കുന്നത്. ജനങ്ങളുമായി ഇടപഴകി ശീലമില്ലാത്ത എല്ലാ പരിചയക്കുറവും കുഞ്ഞുമാണിയുടെ പ്രകടനത്തിൽ വ്യക്തമാണ്. വലിയ ജനകീയതയും ഓളവും കുഞ്ഞുമാണിയുടെ പ്രചരണം സൃഷ്ടിക്കുമെന്ന് കരുതിയിരുന്ന കേരള കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് നിരാശ സമ്മാനിക്കുന്ന വിധം തണുപ്പൻ പ്രതികരണമാണ് കുഞ്ഞുമാണിയുടെ പ്രചാരണത്തിന് വോട്ടർമാർ നൽകുന്നത് എന്ന് പുറത്തുവന്ന ദൃശ്യങ്ങളിലും വ്യക്തമാക്കുന്നുണ്ട്.








