രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ യുവതിയെ മൂന്നു സ്ഥലത്ത് എത്തിച്ച് ബലാത്സംഗം ചെയ്തുവെന്ന് എഫ്‌ഐആർ. പാലക്കാട്ട് എത്തിച്ചും തിരുവനന്തപുരത്ത് വെച്ചും ബലാത്സംഗം ചെയ്തു.ഇതിനുപുറമെ യുവതിയുടെ നഗ്നദൃശ്യങ്ങള്‍ പകർത്തുകയും ഈ ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുകയും ചെയ്തു. ഗർഭച്ഛിദ്രത്തിന് വിസമ്മതിച്ചപ്പോഴും നഗ്നദൃശ്യങ്ങള്‍ ഉള്ള കാര്യം പറഞ്ഞ് രാഹുല്‍ ഭീഷണിപ്പെടുത്തിയതായി എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു.
യുവതിയെ നിർബന്ധമായി ഗർഭച്ഛിദ്രത്തിന് വിധേയയാക്കിയെന്നും എഫ്‌ഐആറില്‍ പറയുന്നു.സുഹൃത്ത് വഴിയാണ് ഗർഭനിരോധന ഗുളിക എത്തിച്ചുനല്‍കിയതെന്ന് യുവതി മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കുട്ടിയുണ്ടായാല്‍ രാഷ്ട്രീയ ഭാവി നശിക്കുമെന്ന് പറഞ്ഞാണ് ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചത്.എതിർത്തപ്പോള്‍ ചീത്ത വിളിച്ചു, കൊല്ലുമെന്നു ഭീഷണിപ്പെടുത്തി. സുഹൃത്ത് എത്തിച്ച ഗുളിക കഴിച്ചോയെന്ന് വീഡിയോകോള്‍ ചെയ്ത് രാഹുല്‍ ഉറപ്പാക്കിയെന്നും യുവതി പൊലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിരുന്നു.
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രാഹുലിന്റെ സുഹൃത്ത് ജോബി ജോസഫിനെയും പ്രതി ചേർക്കാൻ തീരുമാനിച്ചിട്ടുണ്ട്.അതിനിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ സംസ്ഥാനം വിടുന്നത് തടയാനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. വിമാനത്താവളങ്ങളില്‍ അടക്കം നോട്ടീസ് കൈമാറിയിട്ടുണ്ട്.

















