റയല്‍ മാഡ്രിഡ് കുപ്പായത്തില്‍ യുവന്റ്സിന്റെ മണ്ണില്‍ വെച്ച് പിറന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ബൈസിക്കിള്‍ കിക്ക് ഗോള്‍ കാല്‍പന്തിനെ നെഞ്ചിലേറ്റുന്നവർ മറക്കില്ല. 2018ല്‍ യുവേഫ ചാംപ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിലായിരുന്നു ഫുട്ബോള്‍ ലോകത്തെയൊന്നാകെ അത്ഭുതപ്പെടുത്തി ആ ഗോള്‍ വന്നത്. അന്ന് അതിശയിപ്പിക്കുന്ന ഉയരത്തില്‍ ചാടി വായുവില്‍ നിന്ന് പന്ത് വലയിലാക്കുമ്ബോള്‍ പോർച്ചുഗല്‍ ഇതിഹാസ താരത്തിന്റെ പ്രായം 33 വയസ്.
ഏഴ് വർഷങ്ങള്‍ക്കിപ്പുറം, തന്റെ 40ാം വയസിലും റൊണാള്‍ഡോ ബൈസിക്കിള്‍ കിക്കുമായി ആരാധകരെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്നു. യുവന്റ് ആരാധകർ വരെ ആ ഗോള്‍ കണ്ട് അന്ന് ഏഴുന്നേറ്റ് നിന്ന് കയ്യടിച്ചു. പിന്നീട് യുവന്റ്സിലേക്ക് ചേക്കേറാൻ തന്നെ പ്രേരിപ്പിച്ച കാരണങ്ങളില്‍ ഒന്ന് അവരുടെ ആരാധകരുടെ അന്നത്തെ കയ്യടിയാണെന്ന് റൊണാള്‍ഡോ പറഞ്ഞിരുന്നു. ഇപ്പോള്‍ അല്‍നസറിന്റെ മഞ്ഞക്കുപ്പായത്തില്‍ അല്‍ ഖലീജിന് എതിരെയാണ് ക്രിസ്റ്റ്യാനോയില്‍ നിന്ന് തകർപ്പൻ ഓവർഹെഡ് കിക്ക് വന്നത്.
റൊണാള്‍ഡോയുടെ കരിയറിലെ 955ാമത്തെ ഗോളാണ് താരം സ്റ്റൈലായി നേടിയത്. സൗദി പ്രോ ലീഗില്‍ അല്‍ നസർ ജയം ഉറപ്പിച്ച് നില്‍ക്കെ ആ ജയത്തിന് ഇരട്ടി മധുരം നല്‍കി ഇഞ്ചുറി ടൈമില്‍ ആണ് റൊണാള്‍ഡോ പന്ത് വലയിലാക്കിയത്. ഇതോടെ 4-1ന് അല്‍ നസർ ജയിച്ചു. ഈ ഓവർ ഹെഡ് കിക്കിന് പുറമെ ലോങ് റേഞ്ച് ഷോട്ടുകളിലൂടെ റൊണാള്‍ഡോ വല കുലുക്കുമെന്ന് പലപ്പോഴും തോന്നിപ്പിച്ചിരുന്നു. ബോക്സിനുള്ളില്‍ നിന്ന് വന്ന റൊണാള്‍ഡോയുടെ മറ്റൊരു ശ്രമം അല്‍ ഖലീജ് ഗോള്‍ കീപ്പർ തടഞ്ഞു.
അമേരിക്കയും മെക്സിക്കോയും കാനഡയും ഒരുമിച്ച് വേദിയൊരുക്കുന്ന 2026 ലോകകപ്പില്‍ മികവ് കാണിക്കാൻ പ്രാപ്തനാണ് താനെന്ന പ്രഖ്യാപനം കൂടിയാണ് റൊണാള്‍ഡോയുടെ ഈ ഓവർഹെഡ് കിക്ക് ഗോള്‍. അടുത്ത ലോകകപ്പില്‍ കളത്തിലിറങ്ങിയാല്‍ അത് റൊണാള്‍ഡോ പന്ത് തട്ടാനിറങ്ങുന്ന ആറാമത്തെ ലോകകപ്പായിരിക്കും.
1000 കരിയർ ഗോള്‍ എന്ന നേട്ടം തികയ്ക്കുന്നതിന് മുൻപ് തന്നോട് വിരമിക്കാൻ കുടുംബാംഗങ്ങള്‍ ആവശ്യപ്പെടുന്നതായി റൊണാള്‍ഡോ വെളിപ്പെടുത്തിയിരുന്നു. ഫിഫ ലോകകപ്പ് കഴിഞ്ഞായിരിക്കും ആ പ്രഖ്യാപനം വരിക എന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ, പോർച്ചുഗല്ലിന്റെ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ റൊണാള്‍ഡോയ്ക്ക് അയർലൻഡിന് എതിരെ ചുവപ്പുകാർഡ് കണ്ട് പുറത്തേക്ക് പോകേണ്ടി വന്നിരുന്നു.

















