തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് സ്ഥാനാർത്ഥി നിർണയം പുരോഗമിക്കവെ കൊല്ലത്ത് കോണ്‍ഗ്രസില്‍ തർക്കം രൂക്ഷമാകുന്നു. കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം ബിന്ദു കൃഷ്ണയ്ക്ക് എതിരെ കൊല്ലം ഡിസിസി ഓഫീസിന് മുന്നില്‍ പോസ്റ്റർ പതിച്ചു. കൊല്ലൂർവിള വാർഡിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ടാണ് ബിന്ദു കൃഷ്ണയ്ക്കെതിരെ പോസ്റ്റർ പതിച്ചിരിക്കുന്നത്.ബിന്ദു കൃഷ്ണ ബിജെപി ഏജൻ്റോയെന്ന ചോദ്യവുമായാണ് പോസ്റ്റർ.
നരേന്ദ്ര മോദിയുടെയും ബിന്ദു കൃഷ്ണയുടെയും ചിത്രങ്ങള്‍ക്കൊപ്പം താമര ചിഹ്നവും പോസ്റ്ററിലുണ്ട്. 95 ശതമാനം മുസ്ലിം വോട്ടുള്ള കൊല്ലൂർ വിളയില്‍ എൻഎസ്‌എസിന് എന്ത് കാര്യമെന്നും പോസ്റ്ററില്‍ ചോദിക്കുന്നു. കൊല്ലത്ത് മത്സരിക്കാനായി സമുദായ നേതാക്കളുടെ പ്രീതിക്കായി കൊല്ലൂർവിള വിറ്റത് ബിന്ദു കൃഷ്ണയാണോയെന്നാരോപണവും പോസ്റ്ററില്‍ ഉന്നയിക്കുന്നു.”ബിന്ദു കൃഷ്ണയുടെ ബിസിനസ് പാർട്ണറിന് നല്‍കാനുള്ളതല്ല കൊല്ലൂർ വിള സീറ്റ്” എന്നും പോസ്റ്ററില്‍ പറയുന്നു. ജനറല്‍ സീറ്റില്‍ ദീപ്തി മേരി വർഗീസിന് മത്സരിക്കാനാകുമെങ്കില്‍ ഹംസത്ത് ബീവിയ്ക്കും ആകാമെന്നും പോസ്റ്റർ പറയുന്നു.
പോസ്റ്റർ ചർച്ചയായതിനെ തുടർന്ന് കോണ്‍ഗ്രസ് പ്രവർത്തകർ പോസ്റ്ററുകള്‍ കീറിക്കളഞ്ഞു.അതേസമയം, പോസ്റ്റർ എവിടെ നിന്നുവന്നുവെന്നോ ആരാണ് പതിച്ചതെന്നോ അറിയില്ലെന്ന് ബിന്ദുകൃഷ്ണ പ്രതികരിച്ചു. കൊല്ലം കോർപറേഷനിലെ സ്ഥാനാർത്ഥി നിർണയം ഏറ്റവും നല്ല രീതിയിലാണ് നടന്നതെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. കൊല്ലത്തെ മുതിർന്ന നേതാക്കളുമായി ചേർന്നാണ് സ്ഥാനാർത്ഥി നിർണയം നടത്തിയത്. സ്ഥാനാർത്ഥി നിർണയത്തില്‍ തനിക്ക് മാത്രമായി ഉത്തരവാദിത്തമില്ലെന്ന് പറഞ്ഞ ബിന്ദുകൃഷ്ണ, ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും കൂട്ടിച്ചേർത്തു.














