സിനിമയിലെ അഭിനയം പോലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ ഇമിഗ്രേഷൻ നടപടിക്രമങ്ങള്‍ പൂർത്തിയാക്കലും ലാലേട്ടന് സിംപിളാണ്. ഈ നടപടികള്‍ പൂർത്തിയാക്കാൻ ലാലേട്ടന് ആകെ വേണ്ടിവന്നത് വെറും 20 സെക്കൻഡുകള്‍ മാത്രമാണ്. എയർപോർട്ട് അധികൃതർ തന്നെയാണ് ഈ വിഡിയോ പുറത്തുവിട്ടിരിക്കുന്നത്.ഇമിഗ്രേഷന്‍ നടപടികള്‍ ഇത്രയും വേഗത്തിലും അനായാസകരവുമാക്കാൻ സഹായിക്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ‘ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍- ട്രസ്റ്റഡ് ട്രാവലര്‍ പ്രോഗ്രാം’ അഥവാ FTI-TTP ആണ്. ഈ പ്രോഗ്രാം വഴി ദീർഘനേരം ക്യൂ നില്‍ക്കുന്നതില്‍ നിന്നെ യാത്രികർക്ക് മോചനം നേടാനാവും എന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത. പാസ്‌പോര്‍ട്ട് സ്റ്റാംപിങ് അടക്കമുള്ള നടപടിക്രമങ്ങള്‍ ഒഴിവാക്കി ഇമിഗ്രേഷൻ നടപടികള്‍ അനായാസമാക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്.
നേരത്തെ ഡൊമസ്റ്റിക്ക് ഫ്ലൈറ്റ് യാത്രികര്‍ക്ക് വേണ്ടി സിയാല്‍ ‘ഡിജി യാത്രാ പ്രോഗ്രാം’ അവതരിപ്പിച്ചിരുന്നു. എന്നാല്‍, ‘ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍- ട്രസ്റ്റഡ് ട്രാവലര്‍ പ്രോഗ്രാം’ വന്നതോടെ രാജ്യാന്തര യാത്രികര്‍ക്കും ഇമിഗ്രേഷൻ നടപടികള്‍ 20 സെക്കൻഡില്‍ പൂർത്തിയാക്കാനാവും.ഈ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ സൗകര്യം പ്രവേശന കവാടങ്ങളിലും പുറത്തേക്കുള്ള കവാടങ്ങളിലുമായി സ്ഥാപിച്ചിട്ടുള്ള നാല് ബയോമെട്രിക് ഇ-ഗേറ്റുകള്‍ വഴിയാണ് പ്രവർത്തിക്കുന്നത്. ഇന്ത്യക്കാർക്ക് മാത്രമല്ല, വിദേശികള്‍ക്കും ഈ സൗകര്യത്തിനായി അപേക്ഷിക്കാനാവും. അതിനായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക പോര്‍ട്ടല്‍ (ftittp.mha.gov.in/fti/) വഴി അപേക്ഷ സമർപ്പിക്കാം.

















