തല്ലുമാല എന്ന സിനിമയിലെ ഫൈറ്റ് സീനിനെ അനുസ്മരിപ്പിക്കുന്ന രംഗങ്ങൾ ആണ് ഇന്നലെ വൈകുന്നേരം പാലാ അരുണാപുരത്ത് ഉണ്ടായത്. സ്ഥാപനത്തിലെത്തിയ ഉപഭോക്താക്കളോട് അപമര്യാദയായി ഉടമയും ജീവനക്കാരും പെരുമാറിയതിനെ തുടർന്നുണ്ടായ സംഘർഷത്തിലാണ് കടയുടമയായ തോമസുകുട്ടിക്ക് പൊതിരെ തല്ല് കിട്ടിയത്. ഇയാളുടെ ഉടമസ്ഥതയിലുള്ള വ്യാപാരസ്ഥാപനത്തിൽ സാധനങ്ങൾ വാങ്ങാൻ എത്തിയ പ്രദേശവാസികളായ യുവാക്കളോട് ജീവനക്കാർ അപമര്യാദയായി പെരുമാറിയതാണ് പ്രശ്നങ്ങളുടെ തുടക്കം. തുടർന്ന് കടയിൽ നിന്നും മടങ്ങിയ യുവാക്കളെ പിന്നാലെ ചെന്ന് തോമസുകുട്ടി വെല്ലുവിളിച്ചു. ഇതോടെയാണ് കാര്യങ്ങൾ സംഘർഷത്തിലേക്ക് എത്തിയതും കുട്ടി നേതാവ് അടികൊണ്ട് നിലംപരിശായതും.
ഇയാളുടെ കടയിലെ ജീവനക്കാരും മാണി ഗ്രൂപ്പ് പ്രവർത്തകരാണ് എന്നാണ് പറയപ്പെടുന്നത്. ഭരണകക്ഷി നേതാവ് ചമഞ്ഞ് പ്രദേശത്തുള്ള മറ്റു വ്യാപാര സ്ഥാപനങ്ങളിൽ ഉള്ളവരെ തോമസ് കുട്ടിയുടെ നേതൃത്വത്തിൽ ഭീഷണിപ്പെടുത്താറുണ്ടായിരുന്നു എന്നും ആരോപണമുണ്ട്. എന്നാൽ ഈ തിണ്ണമെടുക്ക് പ്രദേശവാസികളായ യുവാക്കളോട് പുറത്തെടുത്തപ്പോഴാണ് കാര്യങ്ങൾ കൈവിട്ടു പോയത്. സംഘർഷം തുടങ്ങിവച്ച കുട്ടി നേതാവും സംഘവും അടി ചോദിച്ചു വാങ്ങുകയായിരുന്നു എന്നാണ് പ്രാദേശികമായി ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
തല്ല് കിട്ടിയ ക്ഷീണം കേസുകൊടുത്ത് തീർക്കാം എന്ന് കരുതിയ കുട്ടി നേതാവിന് സ്വന്തം പാർട്ടിയിൽ നിന്നാണ് രണ്ടാമത്തെ അടി കിട്ടിയത്. തനിക്കൊപ്പം തല്ലു മേടിച്ച സഹപ്രവർത്തകരെയും കൂട്ടി പോലീസ് സ്റ്റേഷനിലേക്ക് തോമസുകുട്ടി എത്തിയപ്പോഴേക്കും മാണി വിഭാഗം മണ്ഡലം പ്രസിഡൻറ് ബിജു പാലൂപ്പടവനും വിവരമറിഞ്ഞ് സ്റ്റേഷനിൽ എത്തിയിരുന്നു. പാലുപ്പടവൻ പക്ഷേ സ്റ്റേഷനിലേക്ക് ഓടിയെത്തിയത് തോമസ് കുട്ടിക്ക് വേണ്ടി ആയിരുന്നില്ല എന്നതാണ് വസ്തുത. ഒരു കാരണവശാലും കേസ് കൊടുക്കരുത് എന്ന പാർട്ടിയുടെ നിന്നുള്ള നിർദ്ദേശം തോമസുകുട്ടിക്ക് കൈമാറാനാണ് ബിജു പാലൂപ്പടവൻ എത്തിയത് എന്നാണ് സൂചന.
ജോസ് കെ മാണിയുടെ വാർഡിലെ വോട്ടർമാരാണ് സംഘർഷത്തിൽ ഉൾപ്പെട്ടിട്ടുള്ള പ്രദേശവാസികളായ ചെറുപ്പക്കാർ. അതിനാൽ തന്നെ അവർക്കെതിരെ അനാവശ്യമായി കേസെടുത്താൽ അത് മാണി ഗ്രൂപ്പ് സ്ഥാനാർത്ഥിക്ക് ജോസ് കെ മാണിയുടെ വാർഡിൽ തിരിച്ചടിയാകും എന്ന വിലയിരുത്തലിലാവാം കേസ് കൊടുക്കേണ്ട എന്ന നിലപാടിലേക്ക് പാലൂപടവൻ എത്തിയതെന്നും അനുമാനിക്കപ്പെടുന്നു. സംഘർഷം ഉണ്ടായ വാർഡിൻറെ തൊട്ടടുത്ത വാർഡിലെ സ്ഥാനാർഥി കൂടിയാണ് ബിജു പാലൂപ്പടവൻ. ഏതായാലും നല്ലവണ്ണം തല്ലു മേടിച്ച തോമസ് കുട്ടിയെ കിട്ടിയ അടിയുടെ വേദനയേക്കാൾ വേദനിപ്പിക്കുന്നത് പാർട്ടിയിൽ നിന്ന് കിട്ടിയ അപ്രതീക്ഷിത തിരിച്ചടി ആവാനും സാധ്യതയുണ്ട്.
പാലാ നഗരത്തിൽ വച്ച് യൂത്ത് ഫ്രണ്ട് നേതാവിന് പട്ടാപ്പകൽ തല്ലുകിട്ടിയത് ചില തീവ്ര നിലപാടുള്ള പ്രവർത്തകരുടെ വികാരത്തെ മുറിവേൽപ്പിച്ചിട്ടുണ്ട്. അതിനാൽ തന്നെ പാലുപ്പടവന്റെ കേസ് കൊടുക്കേണ്ട എന്ന നിലപാടിനോടും അവർക്ക് അമർഷം ഉണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും നേതൃത്വത്തിന്റെ പിന്തുണ ഇല്ലാത്തത് മൂലം മൗനം പാലിക്കുകയല്ലാതെ മാണി ഗ്രൂപ്പ് യുവജന വിഭാഗത്തിലെ പ്രവർത്തകർക്കും നേതാക്കൾക്കും മറ്റ് മാർഗങ്ങൾ ഇല്ല എന്നതും വസ്തുതയാണ്. തെരഞ്ഞെടുപ്പ് കാലം അല്ലായിരുന്നുവെങ്കിൽ സംഘർഷത്തിൽ ഉൾപ്പെട്ട യുവാക്കൾക്ക് എതിരെ കള്ളക്കേസ് ഉൾപ്പെടെയുള്ള പ്രതികാരം നടപടികൾ ഉണ്ടാകുമായിരുന്നു എന്ന കാര്യത്തിലും തർക്കമില്ല എന്നാണ് പാലായിലെ പൊതു രാഷ്ട്രീയ വിലയിരുത്തൽ.

















