ലയണല്‍ മെസിയും അർജന്റീനയും കേരളത്തിലേക്ക് വരുന്നത് കാണാൻ കാത്തിരുന്ന ആരാധകരെ നിരാശപ്പെടുത്തുന്ന റിപ്പോർട്ട് പുറത്ത്. മെസിയും സംഘവും നവംബർ 17ന് കേരളത്തിലേക്ക് വരുമെന്നായിരുന്നു റിപ്പോർട്ടുണ്ടായിരുന്നത്. അർജന്റീനയും ഓസ്ട്രേലിയയും തമ്മിലുള്ള സൗഹൃദ മത്സരം കൊച്ചി ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുമെന്നായിരുന്നു പ്രഖ്യാപനമുണ്ടായിരുന്നത്. ഇതിന്റെ ഭാഗമായി കൊച്ചി സ്റ്റേഡിയത്തില്‍ നവീകരണ പ്രവർത്തനങ്ങളടക്കം ആരംഭിച്ചിരുന്നു.

വലിയ പ്രതീക്ഷയോടെ മെസിക്കായി ആരാധകർ കാത്തിരിക്കവെയാണ് നിരാശപ്പെടുത്തുന്ന വാർത്ത പുറത്ത് വരുന്നത്. ഏറ്റവും പുതിയ റിപ്പോർ‌ട്ട് പ്രകാരം അർജന്റീന ടീമിന്റെ ഇന്ത്യൻ പര്യടനം റദ്ദാക്കിയിരിക്കുകയാണ്. അർജന്റീന ഫുട്ബോള്‍ അസോസിയേഷൻ (എഎഫ്‌എ) വൃത്തങ്ങളെ ഉദ്ധരിച്ച്‌ അർജന്റീനയിലെ പ്രമുഖ പത്രമായ ദ നേഷനാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യ കരാർ പ്രകാരമുള്ള കാര്യങ്ങള്‍ നിരന്തരം ലംഘിച്ചുവെന്നും അതിനാല്‍ എഎഫ്‌എ കരാർ പ്രകാരമുള്ള മത്സരം മറ്റൊരു തീയ്യതിയിലേക്ക് പരിഗണിച്ചേക്കുമെന്നുമാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അർജന്റീന ടീമിന്റെ ഇന്ത്യൻ ഷെഡ്യൂള്‍ മാറ്റം വരുമെന്ന റിപ്പോർട്ട് നേരത്തെ തന്നെ പ്രമുഖ സ്പോർട്സ് ചാനലായ ടിവെെസി സ്പോർട്ടും മുൻഡോ ആല്‍ബിസെലസ്റ്റെയും പുറത്ത് വിട്ടിരുന്നു. വലിയ അഭ്യൂഹങ്ങള്‍ക്കൊടുവിലായിരുന്നു അർജന്റീന ടീമിന്റെ ഇന്ത്യൻ പര്യടനം സംബന്ധിച്ച്‌ സ്ഥിരീകരണം വന്നത്. ഫുട്ബോള്‍ ഇതിഹാസം ലയണൽ മെസ്സി നവംബറില്‍ കേരളത്തില്‍ പന്ത് തട്ടുന്നത് കാണാനായി എല്ലാവരും കാത്തിരിക്കവെയാണ് ഇത്തരമൊരു ദൗർഭാഗ്യകരമായ വാർത്തയെത്തുന്നത്.

മെസിയും സംഘവും നവംബറില്‍ അംഗോളയില്‍ സൗഹൃദ മത്സരം കളിക്കുമെന്ന് സ്ഥിരീകരണമായിട്ടുണ്ട്. ലുവാണ്ടയില്‍ നവംബർ 11നാണ് ഈ മത്സരം നിശ്ചയിച്ചിരിക്കുന്നത്. അംഗോളൻ ദേശീയ ടീമുമായിട്ടാണ് ലോക ചാമ്ബ്യന്മാർ കളിക്കുക. ഇതിന് ശേഷം നവംബർ 17ന് കേരളത്തിലെത്തി ഓസ്ട്രേലിയക്കെതിരേ കളിക്കുകയെന്നത് അസാധ്യമാണ്.അതുകൊണ്ടുതന്നെ മെസിയും സംഘവും കേരളത്തില്‍ കളിക്കില്ലെന്ന് തന്നെ ഇപ്പോള്‍ വിലയിരുത്താവുന്നതാണ്.

ഇന്ത്യ (കേരള സ്പോൺസർ) കരാർ ലംഘനം നടത്തിയതിനെത്തുടർന്നാണ് ഇത്തരമൊരു പ്രതിസന്ധി ഉണ്ടായിട്ടുള്ളതെന്നാണ് എഎഫ്‌എ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. മെസി ഇന്ത്യയിലേക്കെത്തുന്നത് ഇന്ത്യയിലെ കായിക മേഖലക്ക് പുത്തൻ ഉണർവ് നല്‍കുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. ഇപ്പോള്‍ അർജന്റീന ടീം ഇന്ത്യൻ പര്യടനത്തില്‍ നിന്ന് പിന്മാറിയത് ഇന്ത്യക്ക് വലിയ നാണക്കേടായി മാറിയിരിക്കുകയാണെന്ന് പറയാം. സാമൂഹ്യ മാധ്യമങ്ങളിലൂടെ വലിയ ആരാധക രോഷമാണ് ഇപ്പോള്‍ ഉയരുന്നത്.

മെസി കരിയറിന്റെ അവസാന സമയത്തിലൂടെയാണ് കടന്ന് പോകുന്നത്. 2026ലെ ഫുട്ബോള്‍ ലോകകപ്പില്‍ മെസി കളിക്കുമോയെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വരേണ്ടിയിരിക്കുന്നു. മെസി വിരമിക്കുന്നതിന് മുമ്ബ് ഇന്ത്യയില്‍ പന്ത് തട്ടുമെന്ന് കരുതിയ ആരാധകരാണ് ഇപ്പോള്‍ നിരാശരായിരിക്കുന്നത്. നിലവിലെ കരാർ റദ്ദായാല്‍ മെസി ഉള്‍പ്പെടുന്ന അർജന്റീന ടീം ഇന്ത്യയിലേക്കെത്താൻ പിന്നെ യാതൊരു സാധ്യതയും ഇല്ലെന്ന് തന്നെ വിലയിരുത്താം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക