ശാസ്താംകോട്ട ക്ഷേത്രത്തിലെ സ്വർണക്കൊടിമരം തിരികെ സ്ഥാപിക്കണമെന്ന ആവശ്യം ശക്തം. കൊടിമരം സ്ഥാപിച്ച് മൂന്നു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ കൊടിമരത്തിന് നിറം മങ്ങി ക്ലാവ് പിടിച്ചിരുന്നു. അഞ്ചര കിലോ സ്വർണം കൊണ്ടാണ് കൊടിമരം നിർമിച്ചത്. പിന്നീട് നിറം മങ്ങിയതോടെ താല്‍ക്കാലികമായി ചെമ്ബ് കൊടിമരം സ്ഥാപിക്കുകയായിരുന്നു.
2013 ലാണ് ക്ഷേത്രത്തില്‍ സ്വർണക്കൊടിമരം സ്ഥാപിച്ചത്. 2008-09 കാലത്താണ് ക്ഷേത്ര നവീകരണത്തിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്. സി. കെ ഗുപ്തൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കാലത്താണ് മാസ്റ്റർ പ്ലാനിന് അംഗീകാരം നല്‍കിയത്. പദ്ധതിയില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു സ്വർണക്കൊടിമരം. ഈ ആവശ്യം ഉന്നയിച്ച് ക്ഷേത്രം ഉപദേശക സമിതി നിരവധി തവണ ദേവസ്വം ബോർഡിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ ഭക്തർ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി സ്വർണക്കൊടിമരം നിർമിക്കുന്നതിന് ആവശ്യമായ സ്വർണമോ അല്ലെങ്കില്‍ തതുല്യമായ തുകയോ നല്‍കാൻ ദേവസ്വം ബോർഡിനോട് ഉത്തരവിട്ടു.
തുടർന്ന് സ്വർണക്കൊടിമരം സ്ഥാപിക്കാനായി ക്ഷേത്രം ഉപദേശക സമിതിയുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി രൂപീകരിക്കുകയും പകുതി തുകയായ 84 ലക്ഷം രൂപ സ്വരൂപിക്കുകയും ചെയ്തു. റെക്കോർഡ് വേഗത്തിലാണ് അന്ന് ഭക്തജനങ്ങളില്‍ നിന്നും പണം സ്വരൂപിച്ചതെന്ന് അന്നത്തെ ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റായ അരവിന്ദാക്ഷൻ നായർ ഓർക്കുന്നു. നാല് ഗഡുക്കളായാണ് പണം ദേവസ്വത്തിലേക്ക് അടച്ചതെന്നും അദ്ദേഹം പറഞ്ഞു.
2013 ഫെബ്രുവരിയിലാണ് ദേവസ്വം ബോർഡ് സ്വർണക്കൊടിമരം സ്ഥാപിച്ചത്. മൂന്നു മാസം കഴിഞ്ഞപ്പോള്‍ നിറഭേദമുണ്ടായി. തിരുവിതാംകൂർ ദേവസ്വം ബോർഡിനെ അറിയിച്ചെങ്കിലും കൈമലർത്തി. വീണ്ടും ഭക്തർ ഹൈക്കോടതിയെ സമീപിച്ചു. ദേവസ്വം വിജിലൻസ് പരിശോധന നടത്തി സ്വർണപ്പറകള്‍ക്ക് നിറഭേദം വന്നതായി റിപ്പോർട്ട് നല്‍കി.താല്‍ക്കാലിക ചെമ്ബ് കൊടിമരം സ്ഥാപിക്കാനായി അഴിച്ചു വച്ച അഞ്ചര കിലോയിലധികം സ്വർണം ഇപ്പോള്‍ ചാക്കില്‍ കെട്ടി ദേവസ്വം ബോർഡിന്റെ സ്ട്രോംങ് റൂമിലാണ്. എത്രയും വേഗം കൃത്യമായ അന്വേഷണം നടത്തി ദേവസ്വത്തിന്റെ പക്കലുള്ള സ്വർണ പറകള്‍ അളവ് തിട്ടപ്പെടുത്തി തിരികെ നല്‍കണമെന്നാണ് ക്ഷേത്ര ഉപദേശക സമിതി ആവശ്യപ്പെട്ടുന്നത്.

















