സംസ്ഥാനത്തെ സ്കൂളുകളില്‍ സൗജന്യ യൂണിഫോം വിതരണ പദ്ധതിയിലൂടെ രക്ഷിതാക്കള്‍ക്ക് ലഭിക്കാനുള്ളത് കോടികള്‍. രണ്ട് ജോഡി യൂണിഫോമിന് സർക്കാർ നല്‍കേണ്ട 600 രൂപ കഴിഞ്ഞ രണ്ടു വർഷമായി നല്‍കിയിട്ടില്ല. പട്ടിക ജാതി-പട്ടിക വർഗ , ബിപിഎല്‍ വിഭാഗങ്ങള്‍ക്ക് ഉള്‍പ്പെടെ അലവൻസ് ലഭ്യമായിട്ടില്ലെന്ന പരാതിയും ഉയർന്നുവരുന്നുണ്ട്.
2011ല്‍ ഉമ്മൻചാണ്ടി സർക്കാർ ആണ് സൗജന്യ യൂണിഫോം പദ്ധതിക്ക് തുടക്കമിട്ടത്. സമഗ്ര ശിക്ഷാ കേരളാ ഫണ്ടില്‍ നിന്നാണ് പദ്ധതിക്ക് ആവശ്യമായ പണം വകയിരുത്തിയിരുന്നത്. പിന്നീട് വന്ന എല്‍ഡിഎഫ് സർക്കാർ , കൈത്തറിയെ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി തദ്ദേശീയമായി നെയ്തെടുത്ത സ്കൂള്‍ യൂണിഫോം തുണിത്തരങ്ങള്‍ വിതരണം ചെയ്തു. കണ്ണൂർ ഉള്‍പ്പടെ ജില്ലകളില്‍ നിന്നെത്തിക്കുന്ന തുണിത്തരങ്ങള്‍ ബിആർസി വഴി കുട്ടികളിലേക്ക് എത്തിച്ചിരുന്നു.
രണ്ടു ജോഡി യൂണിഫോമിനുള്ള തുണികളാണ് സർക്കാർ നല്‍കിയിരുന്നത്. പിന്നീട് ഒന്ന് മുതല്‍ 8 വരെയുള്ള ക്ലാസിലെ കുട്ടികള്‍ക്ക് തുന്നല്‍ കൂലി ഉള്‍പ്പെടെ 600 രൂപ വീതം നല്‍കാൻ തീരുമാനിച്ചു. ഈ വകയിലാണ് കോടിക്കണക്കിന് രൂപ നല്‍കാൻ ബാക്കി നില്‍ക്കുന്നത്. സർക്കാർ ഹൈസ്കൂളുകളിലെ ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളില്‍ പഠിക്കുന്ന എപിഎല്‍ വിഭാഗം ആണ്‍കുട്ടികള്‍ക്കും എയ്ഡഡ് സ്കൂളിലെ മുഴുവൻ കുട്ടികള്‍ക്കും സംസ്ഥാന സർക്കാരാണ് അലവൻസ് നല്‍കേണ്ടത്. ബിപിഎല്‍ , എസ്‌സി-എസ്‌ടി വിഭാഗങ്ങള്‍ക്കും പെണ്‍കുട്ടികള്‍ക്കും യൂണിഫോം തുക നല്‍കേണ്ടത് സമഗ്ര ശിക്ഷ കേരള പദ്ധതി അനുസരിച്ചാണ്. രണ്ടുവർഷമായി ഈ ഫണ്ട് മുടങ്ങിക്കിടക്കുകയാണ്.
2023 -24 വർഷത്തില്‍ എപിഎല്‍ വിഭാഗങ്ങള്‍ക്ക് മാത്രമാണ് ഫണ്ട് ലഭിച്ചത്. 2024- 25 വർഷത്തെ എസ് എസ് കെ ഫണ്ട് പൂർണമായി മുടങ്ങി.കേന്ദ്ര ഫണ്ട് ലഭിക്കാത്തതാണ് പണം നല്‍കുന്നത് വൈകാൻ കാരണമെന്നാണ് സർക്കാരിൻ്റെ പക്ഷം. ആദ്യഘട്ടത്തില്‍ കണ്ണൂർ ജില്ലയിലെ നെയ്ത്ത് ഗ്രാമങ്ങളില്‍ നിന്ന് ഉള്‍പ്പെടെയുള്ള തുണിത്തരങ്ങളാണ് കൊണ്ടുവന്നിരുന്നതെങ്കില്‍ ഇപ്പോള്‍ സാമ്ബത്തിക പ്രതിസന്ധി കാരണം ഇത്തരം യൂണിറ്റുകളില്‍ പലതും അടച്ചു പൂട്ടി. ഇതോടെ തമിഴ്നാട്ടില്‍ നിന്ന് കൊണ്ടുവരുന്ന തുണിയാണ് വിതരണം ചെയ്യുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

















