വൈദികനെ വാഹനം തടഞ്ഞുനിര്‍ത്തി ഊതിച്ച്‌ പരിശോധിച്ചു. മദ്യപിച്ചിട്ടുണ്ടൊയെന്നറിയാനാണ്, വനിതാ എസ്.ഐയുടെ നേതൃത്വത്തില്‍ പോലീസ് പരിശോധന നടത്തിയത്. വൈദികനാണെന്നും പള്ളിയിലേക്ക് പോകുകയാണെന്നും അറിയിച്ചപ്പോള്‍, ‘ആരായാലും ഊതിയിട്ട് പോയാല്‍ മതി’ എന്നായിരുന്നു പോലീസ് നിലപാട്. സംഭവത്തില്‍, വൈദികനെ അപമാനിച്ചെന്നുകാട്ടി മുഖ്യമന്ത്രിക്കും, മന്ത്രി വി.എന്‍. വാസവനും ഓര്‍ത്തഡോക്‌സ് സഭ പരാതി നല്‍കി.കുറിച്ചി വലിയപള്ളി വികാരി ഫാ. റിറ്റു പാച്ചിറയാണ് നടുറോഡില്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെ പോലീസിന്റെ അപമാനത്തിനിരയായത്.

22-ന് ചിങ്ങവനം എസ്.ഐയുടെ നേതൃത്വത്തില്‍ ചിങ്ങവനം സായിപ്പുകവലയിലായിരുന്നു സംഭവം.വൈദികവേഷത്തില്‍ പള്ളിയിലേക്ക് പോകുകയായിരുന്നു ഫാ.റിറ്റു. ബൈക്കിലെത്തിയ ഇദ്ദേഹത്തെ പോലീസ് തടഞ്ഞുനിര്‍ത്തി ബ്രീത്ത് അനലൈസര്‍ കാട്ടി ഊതാന്‍ ആവശ്യപ്പെട്ടു. താന്‍ മദ്യപിക്കുന്നയാളല്ലെന്നും പൊതുജനമധ്യത്തില്‍ തന്നെ ഇത്തരത്തില്‍ ഊതിക്കുന്നത് ശരിയാണോയെന്നും വൈദികന്‍ ചോദിച്ചു. ഇതോടെ പോലീസുകാര്‍ ക്ഷുഭിതരായി. പറയുന്നത് ചെയ്താല്‍ മതിയെന്നും പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഊതിയശേഷവും വൈദികനെ അപമാനിക്കുന്നതരത്തില്‍ പോലീസ് സംസാരിച്ചെന്നും പരാതിയിലുണ്ട്.കുപ്പായമിട്ടാല്‍ മര്യാദയ്ക്ക് ഇരിക്കണം, കൊണ്ടുപോയി കേസ് കൊടുക്ക്, തന്നെയൊന്നും ചെയ്യാനില്ല, തന്റെ പേര് എഴുതിയെടുത്തോളൂ എന്നൊക്കെ പോലീസുകാരന്‍ വൈദികനോട് പറഞ്ഞതായി സഭ നല്‍കിയ പരാതിയില്‍ പറയുന്നു. ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പോലീസുകാരന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് വൈദികന്‍ കോട്ടയം ഭദ്രാസനം ഓഫീസില്‍ വിവരം അറിയിച്ചു. ഭദ്രാസനത്തില്‍നിന്നാണ് പരാതി നല്‍കിയത്.

പരിശോധിച്ചതില്‍ തെറ്റില്ലെന്നും എന്നാല്‍ മോശമായ രീതിയില്‍ സംസാരിക്കുകയും നടുറോഡില്‍ മറ്റ് ആളുകള്‍ നോക്കിനില്‍ക്കെ അപമാനിച്ചത് ശരിയല്ലെന്നും ഓര്‍ത്തഡോക്‌സ് സഭ കോട്ടയം ഭദ്രാസന സെക്രട്ടറി ഫാ. കെ.എം. സഖറിയ പറഞ്ഞു.മദ്യപിച്ച്‌ വാഹനമോടിക്കുന്നവരെ കണ്ടെത്താന്‍ എസ്.ഐയുടെ നേതൃത്വത്തില്‍ പരിശോധന നടത്തുന്നതിനിടെയാണ് വൈദികനെത്തിയത്. ആസമയം എല്ലാവരെയും എന്നതുപോലെ വൈദികനെയും പരിശോധിക്കുക മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും അപമാനിക്കുന്നതരത്തില്‍ പെരുമാറിയിട്ടില്ലന്നും ചിങ്ങവനം പോലീസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക