എൻഎസ്‌എസ് ജനറല്‍ സെക്രട്ടറി സുകുമാരൻ നായരെ വിമർശിച്ച് പത്തനംതിട്ട വെട്ടിപ്രം കരയോഗ കെട്ടിടത്തിന് മുന്നില്‍ പ്രതിഷേധ ബാനർ. “സുകുമാരൻ നായർ കട്ടപ്പ” എന്നാണ് ബാനറിലെ പരിഹാസം. കുടുംബ കാര്യത്തിനുവേണ്ടി അയ്യപ്പഭക്തരെ പിന്നില്‍ നിന്നു കുത്തിയെന്നും സുകുമാരൻ നായർ സമുദായത്തിന് നാണക്കേടാണെന്നും ബാനറിലുണ്ട്. ഇന്നലെയാണ് പിണറായിയേയും സർക്കാരിനേയും അനുകൂലിച്ചുള്ള സുകുമാരൻ നായരുടെ പരാമർശമുണ്ടായത്. ഇതിനെതിരെയാണ് സമുദായത്തില്‍ നിന്ന് തന്നെ പ്രതിഷേധം ഉയർന്നിരിക്കുന്നത്.
ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുത്തതില്‍ നയം വ്യക്തമാക്കിയാണ് എന്‍എസ് എസ് രംഗത്തെത്തിയത്. സർക്കാരിനെ എൻഎസ്‌എസിന് വിശ്വാസമുണ്ട്. വിശ്വാസ പ്രശ്നത്തിലെ നിലപാട് മാറ്റം സ്വാഗതാർഹഹമെന്ന് ജി സുകുമാരൻ നായർ പറഞ്ഞു. സർക്കാരിന് വേണമെങ്കില്‍ യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കാം, അത് ചെയ്തില്ലല്ലോ എന്ന് അദ്ദേഹം ചോദിച്ചു.
കോണ്‍ഗ്രസിനും ബിജെപിക്കും എതിരെ അദ്ദേഹം അതി രൂക്ഷ വിമർശനമാണ് ഉയര്‍ത്തിയത്. കോണ്‍ഗ്രസിന്‍റേത് കള്ളക്കളിയാണെന്ന് സുകുമാരൻ നായർ പറഞ്ഞു. വിശ്വാസ പ്രശ്നത്തില്‍ കോണ്‍ഗ്രസിന് ഉറച്ച നിലപാടില്ല. ഭൂരിപക്ഷ സമുദായത്തെ പരിഗണിക്കുന്നില്ല. ബിജെപിയാകട്ടെ ഒന്നും ചെയ്യുന്നില്ല. കേന്ദ്ര സർക്കാർ വിശ്വാസികള്‍ക്കായി ഒന്നും ചെയ്തില്ലെന്നും നിയമം കൊണ്ട് വരുമെന്ന ഉറപ്പ് പാലിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്‍എസ്‌എസിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളുമായി കോണ്‍ഗ്രസ്
എന്‍എസ്‌എസിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളുമായി കോണ്‍ഗ്രസ്. കെപിസിസി നേതൃത്വം എന്‍എസ്‌എസുമായി ചര്‍ച്ച നടത്തും. വിശ്വാസ പ്രശ്നത്തില്‍ ഉറച്ച നിലപാടാണ് എടുത്തതെന്ന് എന്‍എസ്‌എസിനെ ഓർമ്മിപ്പിക്കാനാണ് കോണ്‍ഗ്രസിന്‍റെ ശ്രമം. എന്‍എസ്‌എസ് നേതൃത്തെ വിമർശിക്കില്ലെന്നും വിശ്വാസ പ്രശ്നത്തില്‍ സിപിഎമ്മിന്‍റേത് ഒളിച്ചു കളിയാണെന്ന പ്രചാരണം തുടരും എന്നുമാണ് കോണ്‍ഗ്രസ് വൃത്തം വ്യക്തമാക്കുന്നത്.

















