റോഡ് നിര്‍മാണത്തിന് കൈക്കൂലി വാങ്ങിയതിന്റെ ദൃശ്യം പുറത്തുവന്നതിന് പിന്നാലെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടത്തറ കൗണ്‍സിലര്‍ ബി രാജേന്ദ്രനെ സിപിഎമ്മില്‍ നിന്ന് പുറത്താക്കി. ഗുരുതരമായ സാമ്ബത്തിക തട്ടിപ്പ് തെളിവുകള്‍ സഹിതം പുറത്ത് വന്ന പശ്ചാത്തലത്തില്‍ കൗണ്‍സിലറോട് രാജി ആവശ്യപ്പെട്ടതായും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായും ജില്ലാ സെക്രട്ടറി അഡ്വ. വി ജോയി എംഎല്‍എ അറിയിച്ചു.
പാര്‍ട്ടി ജില്ലാ കമ്മിറ്റിയും ഏരിയ കമ്മിറ്റിയും നടത്തിയ അന്വേഷണത്തില്‍ കൗണ്‍സിലര്‍ക്കെതിരെ ഉയര്‍ന്ന ആരോപണം ഗുരുതരമാണെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ജോയ് പറഞ്ഞു. സിപിഎം ഒരു കാലത്തും അഴിമതി നടത്തുന്നവരെ സംരക്ഷിച്ചിട്ടില്ല. പാര്‍ട്ടി നേതൃത്വത്തിന് മുന്നില്‍ ഈ കൗണ്‍സിലറുടെ ഭാഗത്ത് നിന്ന് ഇതിന് മുമ്ബ് ഒരിക്കലും ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പെട്ടിട്ടില്ല. ഇത്തരം വൃത്തിക്കേടുകള്‍ കാണിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി പാര്‍ട്ടി എല്ലായിപ്പോഴും സ്വീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തിലും പാര്‍ട്ടി അതു തന്നെയാണ് തീരുമാനിച്ചിട്ടുള്ളതെന്നും വി ജോയ് പറഞ്ഞു.
കോര്‍പ്പറേഷനില്‍ റോഡ് അറ്റകുറ്റപ്പണിക്ക് 12 ലക്ഷം രൂപ അനുവദിച്ചതിനു പിന്നാലെ പ്രദേശവാസികളോട് രാജേന്ദ്രന്‍ ഒരു ലക്ഷം രൂപ കമ്മിഷന്‍ ചോദിച്ചുവെന്നായിരുന്നു ആരോപണം. രാജേന്ദ്രന്‍ പണം വാങ്ങുന്നതിന്റെ ദൃശ്യവും ഇതിനിടെ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.ദൃശ്യങ്ങൾ ചുവടെ കാണാം.

















