ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും രംഗത്ത്. വോട്ട് മോഷണം നടക്കുന്നു എന്നും കുറ്റകൃത്യം ചെയ്യുന്നവരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംരക്ഷിക്കുന്നു എന്നുമാണ് രാഹുലിന്റെ പ്രധാന ആരോപണം. പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവരുടെ വോട്ടുകള്‍ ആസൂത്രിതമായി നീക്കം ചെയ്യുന്നുവെന്നും രാഹുല്‍ ആരോപിച്ചു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ കടുത്ത ഭാഷയിലാണ് രാഹുല്‍ ഗാന്ധി സംസാരിച്ചത്. കര്‍ണാടകയിലെ ഒരു മണ്ഡലത്തിലെ കണക്കുകള്‍ അദ്ദേഹം തെളിവായി ഉന്നയിച്ചു. സ്‌ക്രീനില്‍ ഓരോ കാര്യങ്ങളും അക്കമിട്ടു തെളിവ് നിരത്തി. വോട്ടര്‍മാര്‍ അറിയാതെയാണ് വോട്ടുകള്‍ ഡിലീറ്റ് ചെയ്യുന്നത് എന്ന് പറഞ്ഞ അദ്ദേഹം ചില വോട്ടര്‍മാരെ മാധ്യമങ്ങള്‍ക്ക് മുമ്ബില്‍ തെളിവായി ഹാജരാക്കുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടുന്നതിന് വ്യക്തമായ തെളിവുകളാണിതെല്ലാം എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കര്‍ണടാക, മഹാരാഷ്ട്ര, ഹരിയാന, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളിലെല്ലാം ലക്ഷക്കണക്കിന് വോട്ടമാരെയാണ് നീക്കം ചെയ്തത്. ദളിതുകള്‍, ആദിവാസികള്‍, ഒബിസി വിഭാഗത്തില്‍പ്പെട്ടവര്‍ എന്നിവരെല്ലാമാണ് പട്ടികയ്ക്ക് പുറത്തായത്. രാജ്യത്തെ പിന്നാക്ക വിഭാഗത്തിനെതിരെ ആസൂത്രിത നീക്കം നടത്തി തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാനാണ് ശ്രമിച്ചത് എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.രാഹുല്‍ ഗാന്ധി ഉന്നയിച്ച പ്രധാന ആരോപണങ്ങള്‍ ചുവടെ.

രാഹുല്‍ ഗാന്ധി ഉന്നയിച്ച പ്രധാന ആരോപണങ്ങള്‍

  • കര്‍ണാടകയിലെ ആലന്ദ് മണ്ഡലത്തില്‍ നിന്ന് 6018 വോട്ടുകളാണ് നീക്കിയത്. പല സംസ്ഥാനങ്ങളിലും ഈ ശ്രമം നടന്നു.നീക്കം ചെയ്തതില്‍ ഭൂരിഭാഗവും പിന്നാക്ക വിഭാഗക്കാരാണ്. ദളിത്, ആദിവാസി, ഒബിസി വിഭാഗത്തില്‍പ്പെട്ടവരുടെ വോട്ടുകളാണ് നീക്കിയത്.
  • വോട്ടുകള്‍ നീക്കം ചെയ്യുന്നതിന് അപേക്ഷ സമര്‍പ്പിച്ചതിലും സംശയമുണ്ട്. ഇതിന് വേണ്ടി ഉപയോഗിച്ച മൊബൈല്‍ നമ്ബറുകള്‍ അംഗീകൃതമല്ല. ബോധപൂര്‍വമുള്ള ശ്രമം നടന്നു എന്നാണ് ഇതില്‍ വ്യക്തമാകുന്നത്.
  • വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കിയവര്‍, അതിന്റെ ഫോറം, ഒടിപി രേഖകള്‍ എന്നിവ പരസ്യമാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറായിട്ടില്ല.വോട്ട് മോഷണം നടത്തുന്നവരെ സംരക്ഷിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശ്രമിക്കുന്നത്.
  • ഒഴിവാക്കിയ വോട്ടര്‍മാരുടെ മുഴുവന്‍ വിവരങ്ങളും ഒരാഴ്ച്ചയ്ക്കകം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരസ്യപ്പെടുത്തണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. കമ്മീഷന് മറച്ചുവെക്കാന്‍ ഒന്നുമില്ലെങ്കില്‍ എല്ലാം പരസ്യമാക്കൂ.

ജനാധിപത്യത്തെ കൊല്ലുന്നവരെ എന്തിന് കമ്മീഷന്‍ സംരക്ഷിക്കണം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അകത്തുനിന്നുലഭിച്ച വിവരങ്ങള്‍ തന്റെ വാദങ്ങള്‍ ശരിവെക്കുന്നതാണ്. ആലന്ദിലെ വിഷയത്തില്‍ നിയമ നടപടി തുടങ്ങിയിട്ടുണ്ട്. ഈ പോരാട്ടം ഇന്ത്യയുടെ ഭാവിക്ക് വേണ്ടിയുള്ളതാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക